Latest Videos

നമ്മള്‍ കരുതിയ ആളല്ല 'വിവേകാനന്ദന്‍'; കമല്‍ ചിത്രത്തിന്‍റെ റിവ്യൂ

By Web TeamFirst Published Jan 19, 2024, 4:23 PM IST
Highlights

ഒരു സിംപിള്‍ ചിത്രമെന്ന നിലയില്‍ ആരംഭിച്ച് പിന്നീട് ഗൗരവമുള്ള ലിംഗരാഷ്ട്രീയം സംസാരിക്കുന്ന ചിത്രമാണ് വിവേകാനന്ദന്‍ വൈറലാണ്

മലയാളികളുടെ പ്രിയ സംവിധായകന്‍ കമല്‍ അഞ്ച് വര്‍ഷത്തിന് ശേഷം ഒരുക്കുന്ന ചിത്രം. ടൈറ്റില്‍ കഥാപാത്രമായി ഷൈന്‍ ടോം ചാക്കോ. കൗതുകമുണര്‍ത്തുന്ന ടീസറിനും ട്രെയ്‍ലറിനുമൊക്കെ പിന്നാലെയാണ് വിവേകാനന്ദന്‍ വൈറലാണ് എന്ന ചിത്രം തിയറ്ററുകളില്‍ എത്തിയിരിക്കുന്നത്. ചിരി വാഗ്‍ദാനം ചെയ്യുന്ന സിംപിള്‍ ചിത്രമെന്ന തോന്നലാണ് ടീസറും ട്രെയ്‍ലറുമൊക്കെ നല്‍കിയിരുന്നതെങ്കില്‍ വെറും ചിരിയില്‍ ഒതുക്കാവുന്ന ചിത്രമല്ല ഇത്. മറിച്ച് രസകരമായ വഴിയിലൂടെ ആരംഭിച്ച് ഗൗരവമുള്ള വിഷയം സംസാരിക്കുന്ന ചിത്രമാണ്.

കാഴ്ചയില്‍ സാധാരണത്വം തോന്നുന്ന ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് ഷൈന്‍ ടോം അവതരിപ്പിക്കുന്ന വിവേകാനന്ദന്‍ എന്ന കഥാപാത്രം. വിവാഹേതര ബന്ധങ്ങളില്‍ താല്‍പര്യമുള്ള, ആകര്‍ഷകത്വം തോന്നുന്ന സ്ത്രീകളെ വീഴ്ത്താന്‍ പരിശ്രമിക്കുന്ന ഒരാളാണ് വിവേകാനന്ദനെന്ന് പിന്നാലെ മനസിലാവുന്നു. എന്നാല്‍ നമ്മള്‍ അറിഞ്ഞതിലും ഏറെയാണ് അയാളെന്നും സമൂഹത്തിന് മുന്നിലുള്ള മാന്യനെന്ന പ്രതിച്ഛായയ്ക്ക് പുറത്ത് അയാള്‍ക്ക് മറ്റൊരു വശമുണ്ടെന്നും സംവിധായകന്‍ കാട്ടിത്തരുന്നു. ലൈെംഗികതയോട് അതീവ താല്‍പര്യമുള്ള, എന്നാല്‍ അവിടെ തന്‍റെ പങ്കാളിക്ക് സ്പേസ് ഒന്നും കൊടുക്കാത്ത, അവരെ വേദനിപ്പിക്കുന്നതില്‍ ആനന്ദം പോലും കണ്ടെത്തുന്ന കഥാപാത്രമാണ് ഷൈനിന്‍റേത്. ഒരേസമയം കുടുംബന്ഥനും ഒപ്പം ഒരു ലിവിംഗ് റിലേഷന്‍ഷിപ്പും കൊണ്ടുനടക്കുന്ന വിവേകാനന്ദന് മുന്നിലേക്ക് ഒരിക്കല്‍ അപ്രതീക്ഷിതമായി ഒരു പ്രതിസന്ധി വരികയാണ്. ചിത്രത്തിന്‍റെ ഏറ്റവും പ്രധാന ഭാഗം പിന്നീടാണ്.

 

ഒരു സിംപിള്‍ ചിത്രമെന്ന നിലയില്‍ ആരംഭിച്ച് പിന്നീട് ഗൗരവമുള്ള ലിംഗരാഷ്ട്രീയം സംസാരിക്കുന്ന ചിത്രമാണ് വിവേകാനന്ദന്‍ വൈറലാണ്. നിലവിലെ സമൂഹമാധ്യമ സാഹചര്യത്തെയും അതിലൂടെ നടക്കുന്ന ചര്‍ച്ചകളെയുമൊക്കെ ഒരു ടൂള്‍ ആയി ഉപയോഗിച്ചിട്ടുള്ള ചിത്രം ആദ്യാവസാനം എന്‍ഗേജിംഗ് ആണ്. വിവേകാനന്ദന്‍ ആയി മറ്റൊരു നടനും ഇത്രയും ശോഭിക്കില്ലെന്ന് ഷൈനിന്‍റെ പ്രകടനം കാണുമ്പോള്‍ തോന്നും. വിവേകാനന്ദന്‍റെ ഭാര്യയായി സ്വാസിക എത്തുമ്പോള്‍ ലിവിങ് പാര്‍ട്നര്‍ ആയി ഗ്രേസ് ആന്‍റണിയാണ് എത്തുന്നത്. അനായാസമായി ചെയ്തുപോകാനാവാത്ത ഈ കഥാപാത്രങ്ങളും ഇരുവരും ഗംഭീരമായി അവതരിപ്പിച്ചിട്ടുണ്ട്. ചിത്രത്തിലെ മറ്റൊരു ശ്രദ്ധേയ കഥാപാത്രമായ യുട്യൂബറുടെ റോളില്‍ മെറീന മൈക്കിള്‍ ആണ് എത്തിയിരിക്കുന്നത്. 

 

ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാല്‍ പാളിപ്പോകാമായിരുന്ന വിഷയത്തെ കമലിലെ പരിചയസമ്പന്നനായ സംവിധായകന്‍ സേഫ് ആയി കൊണ്ടുപോയിട്ടുണ്ട്. കമലിന്‍റേത് തന്നെയാണ് ചിത്രത്തിന്‍റെ രചനയും. പ്രകാശ് വേലായുധനാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. കഥ പറച്ചിലിനെ ഒരു തരത്തിലും തടസ്സപ്പെടുത്താത്ത അനാവശ്യ ഗിമ്മിക്കുകളൊന്നുമില്ലാത്തതാണ് ചിത്രത്തിന്‍റെ ദൃശ്യഭാഷ. അത് മനോഹരമായി നിര്‍വ്വഹിച്ചിട്ടുണ്ട് പ്രകാശ്. രഞ്ജന്‍ എബ്രഹാമിന്‍റെ എഡിറ്റിംഗ് ഒഴുക്കുള്ളതാണ്. ചിത്രത്തില്‍ കമല്‍ കൊണ്ടുവന്നിട്ടുള്ള ലൗഡ്‍നെസിനെ പ്രേക്ഷകരുമായി നന്നായി കണക്റ്റ് ചെയ്യാന്‍ സഹായിക്കുന്നതാണ് ബിജിബാലിന്‍റെ സംഗീതം.

 

കമലിന്‍റെ സംവിധാന സഹായിയായി ജീവിതം തുടങ്ങിയ ആളാണ് ഷൈന്‍ ടോം ചാക്കോ. നടനായി അരങ്ങേറിയതും കമല്‍ ചിത്രങ്ങളിലൂടെത്തന്നെ. നടനായി ഇതിനകം പ്രതിഭ തെളിയിച്ച് കൈയടി നേടിയ ഷൈനിന്‍റെ നൂറാമത്തെ ചിത്രമാണ് വിവേകാനന്ദന്‍ വൈറലാണ്. ഗുരു പ്രിയശിഷ്യന് നല്‍കുന്ന സ്നേഹസമ്മാനം പ്രേക്ഷകര്‍ക്കും മികച്ച ചലച്ചിത്രാനുഭവമാണ്. 

ALSO READ : ഇന്നസെന്‍റിന്‍റെ അവസാന ചിത്രം തിയറ്ററില്‍ മിസ് ആയവര്‍ക്ക്; 'ഫിലിപ്‍സ്' ഒടിടിയില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

click me!