27 വർഷങ്ങൾക്ക് ശേഷം 'ഏഴിമലപ്പൂഞ്ചോല' വീണ്ടും; 'സ്ഫടികം 4കെ' പാട്ടുമായി മോഹൻലാൽ

By Web TeamFirst Published Feb 2, 2023, 5:50 PM IST
Highlights

ഒരുകാലത്ത് മലയാളികളുടെ ഹരമായി മാറിയ ​ഗാനത്തിന്റെ പുതിയ വെർഷൻ പുറത്തിറക്കിയിരിക്കുകയാണ് മോഹൻലാൽ. 

നടൻ മോഹൻലാലിന്റെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൊന്നായ സ്ഫടികത്തിന്റെ റി-റിലീസിനായി കാത്തിരിക്കുകയാണ് മലയാളികൾ. ചിത്രം പുറത്തിറങ്ങി 27 വർഷങ്ങൾക്കിപ്പുറവും മോഹൻലാൽ അവതരിപ്പിച്ച ആടു തോമയും തിലകന്റെ ചാക്കോമാഷും മറ്റ് അഭിനേതാക്കളും എങ്ങനെയാകും പുതിയ സാങ്കേതികതയിൽ ബി​ഗ് സ്ക്രീനിൽ എത്തുകയെന്നറിയാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കി. സ്ഫടികത്തിലെ കഥാപാത്രങ്ങളെയും സംഭാഷണങ്ങളെയും പോലെ തന്നെ ഏറെ ശ്രദ്ധേയമാണ് 'ഏഴിമലപ്പൂഞ്ചോല' ​ഗാനം. ഒരുകാലത്ത് മലയാളികളുടെ ഹരമായി മാറിയ ​ഗാനത്തിന്റെ പുതിയ വെർഷൻ പുറത്തിറക്കിയിരിക്കുകയാണ് മോഹൻലാൽ. 

പുനർ ഭാവന ചെയ്ത 'ഏഴിമലപ്പൂഞ്ചോല' ​ഗാനത്തിനായി കെ എസ് ചിത്രയും മോഹൻലാലും വീണ്ടും ഒന്നിച്ച് പാടുന്നത് വീഡിയോയിൽ കാണാം. എസ് പി വെങ്കടേഷിന്റെ സം​ഗീതത്തിന് വരികൾ എഴുതിയിരിക്കുന്നത് പി ഭാസ്കരൻ മാസ്റ്റർ ആണ്. ചിത്രയും മോഹൻലാലും ചേർന്ന് തന്നെയാണ് പഴയ ​ഗാനവും ആലപിച്ചിരിക്കുന്നത്. 

ഫെബ്രുവരി 9നാണ് സ്ഫടികം 4കെ വെര്‍ഷന്‍ തിയറ്ററുകളില്‍ എത്തുക. ചിത്രം വീണ്ടും തിയറ്ററുകളിലെത്തുമ്പോള്‍ ക്യാമറയ്ക്ക് മുന്നിലും പിന്നിലുമുണ്ടായിരുന്ന ഒട്ടനവധി പ്രതിഭകള്‍ ഓര്‍മ്മകള്‍ മാത്രമാണ്. റിലീസിന് മുന്‍പ് അവര്‍ക്കായി ഒരു അനുസ്മരണ സന്ധ്യയും അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിട്ടുണ്ട്. ഓര്‍മ്മകളില്‍ സ്ഫടികം എന്ന് പേരിട്ടിരിക്കുന്ന പരിപാടി ഫെബ്രുവരി 5 ന് വൈകിട്ട് 6 മണിക്ക് കൊച്ചി ദര്‍ബാര്‍ ഹാള്‍ ഗ്രൌണ്ടില്‍ വച്ചാണ് നടക്കുക.

'സ്ഫടികം ബൃഹത്തായ ഗ്രന്ഥം, ആടുതോമമാരും ചാക്കോ മാഷുമാരും ഉണ്ടാകാതിരിക്കട്ടെ'; അധ്യാപികയുടെ വാക്കുകൾ

1995 മാര്‍ച്ച് 30നാണ് 'സ്‍ഫിടികം' മലയാളികള്‍ക്ക് മുന്നിലെത്തിയത്. 'ആടുതോമ' എന്ന കഥാപാത്രമായി മോഹൻലാല്‍ എത്തിയ ചിത്രം ഫാമിലി ആക്ഷൻ ഡ്രാമയായിരുന്നു.  തിലകനും കെപിഎസി ലളിതയുമായിരുന്നു മോഹൻലാലിന്റെ അച്ഛനും അമ്മയുമായി വേഷമിട്ടത്. തിലകന്റെ 'ചാക്കോ മാഷ്' എന്ന കഥാപാത്രത്തിന് ഏറെ അഭിനന്ദനം ലഭിച്ചിരുന്നു. ഭൂമിയുടെ സ്‍പന്ദനം മാത്തമാറ്റിക്സിലാണ് എന്നിവ ഉള്‍പ്പടെയുള്ള ചിത്രത്തിലെ ഡയലോഗും ഹിറ്റായിരുന്നു.

click me!