'ബംഗ്ലാദേശ് ദേശീയ കവിയുടെ കവിത വികൃതമാക്കി': എആര്‍ റഹ്മാനെതിരെ പ്രതിഷേധം.!

By Web TeamFirst Published Nov 12, 2023, 10:01 AM IST
Highlights

ബംഗ്ലാദേശിന്‍റെ ദേശീയ കവി എന്നാണ് നസ്റൂള്‍ ഇസ്ലാം അറിയപ്പെടുന്നത്. ഇദ്ദേഹത്തിന്‍റെ കവിതകള്‍ 1971ലെ ബംഗ്ലാദേശ് രൂപീകരണ യുദ്ധത്തില്‍ ഏറെ ഉപയോഗിക്കപ്പെട്ടിരുന്നു. 

മുംബൈ: പിപ്പ എന്ന ചിത്രത്തിലെ ഗാനത്തിന്‍റെ പേരില്‍ സംഗീത സംവിധായകന്‍ എആര്‍ റഹ്മാന്‍ വിവാദത്തില്‍. ചിത്രത്തില്‍ ഉപയോഗിച്ച ബംഗ്ല ദേശീയവാദി കവി നസ്റൂള്‍ ഇസ്ലാമിന്‍റെ കവിത സംഗീതം നല്‍കി വികൃതമാക്കിയെന്നാണ് കവിയുടെ കുടുംബം ആരോപിക്കുന്നത്. 

ഇഷാന്‍ ഖട്ടറും, മൃണാള്‍ ഠാക്കൂറും പ്രധാന വേഷത്തില്‍ എത്തിയ പിപ്പ നവംബര്‍ 10നാണ് റിലീസായത്. ആമസോണ്‍ പ്രൈം വഴി ഒടിടി റിലീസായാണ് ചിത്രം എത്തിയത്. എയര്‍ലിഫ്റ്റ് എന്ന ഹിറ്റ് ചിത്രം ഒരുക്കിയ രാജകൃഷ്ണ മേനോന്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 'കരാർ ഓയ് ലൗഹോ കോപത്' എന്ന ബംഗ്ലാ കവി നസ്റൂള്‍ ഇസ്ലാമിന്‍റെ കവിതയാണ് ചിത്രത്തില്‍ എആര്‍ റഹ്മാന്‍റെ സംഗീതത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. 

ബംഗ്ലാദേശിന്‍റെ ദേശീയ കവി എന്നാണ് നസ്റൂള്‍ ഇസ്ലാം അറിയപ്പെടുന്നത്. ഇദ്ദേഹത്തിന്‍റെ കവിതകള്‍ 1971ലെ ബംഗ്ലാദേശ് രൂപീകരണ യുദ്ധത്തില്‍ ഏറെ ഉപയോഗിക്കപ്പെട്ടിരുന്നു. അതിനാല്‍ തന്നെയാണ് ബംഗ്ലാദേശ് വിമോചനത്തിന് വഴിവച്ച ഇന്ത്യന്‍ സൈനിക ഇടപെടല്‍ ചിത്രീകരിക്കുന്ന പിപ്പ  എന്ന ചിത്രത്തില്‍ ഇദ്ദേഹത്തിന്‍റെ കവിത ഉപയോഗിച്ചത്. എന്നാല്‍ തീര്‍ത്തും വികൃതമായി കവിതയെ മാറ്റിയെന്നാണ് നസ്റൂള്‍ ഇസ്ലാമിന്‍റെ കുടുംബം ഇപ്പോള്‍ വിമര്‍ശനം ഉന്നയിക്കുന്നത്. 

കവിയുടെ ചെറുമകനായ ഖാസി അനിർബൻ കവിതയില്‍ വരുത്തിയ മാറ്റങ്ങളിൽ ഞെട്ടിയെന്നാണ് പറഞ്ഞത്. ഈ ഗാനത്തെ അനീതിയെന്ന് വിശേഷിപ്പിച്ച ഇദ്ദേഹം. സിനിമയിൽ ഗാനം ഉപയോഗിക്കുന്നതിന് തന്‍റെ അമ്മ അഥവ കവിയുടെ അമ്മ സമ്മതം നൽകിയെങ്കിലും ട്യൂണുകളിൽ മാറ്റം വരുത്താൻ അമ്മ സമ്മതിച്ചിരുന്നില്ലെന്ന് കൂട്ടിച്ചേര്‍ത്തു. 

"താളത്തിലും ഈണത്തിലും മാറ്റം വരുത്തി ഗാനം ആലപിച്ചിരിക്കുന്ന രീതി ഞെട്ടിപ്പിക്കുന്നതാണ്. അമ്മ ജീവിച്ചിരുന്നപ്പോൾ കരാറുകളുടെ നിയമസാധുതകൾ നോക്കിയിരുന്നു. ഇപ്പോൾ ജീവിച്ചിരിപ്പില്ലാത്തതിനാൽ ഒരിക്കൽ കൂടി അത് പരിശോധിക്കേണ്ടിയിരിക്കുന്നത്. കരാറിൽ എന്താണ് ഉള്ളതെന്ന് പരിശോധിച്ച് എന്റെ കുടുംബാംഗങ്ങളുമായി സംസാരിച്ച് നിയമ നടപടി സ്വീകരിക്കും" ഖാസി അനിർബൻ പറഞ്ഞു.

"ബ്രിട്ടനെതിരായ സ്വതന്ത്ര്യ പോരാട്ടത്തിന്‍റെ പശ്ചാത്തലത്തിലാണ് ഈ ഗാനം പിറവിയെടുത്തത്. ഈ ഗാനം സ്വാതന്ത്ര്യ സമര സേനാനികൾക്ക് പ്രചോദനമായി. റഹ്മാൻ സാർ ഈ ഗാനത്തെ ഇങ്ങനെ ചെയ്തത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല, ഇത് അനീതിയാണ്. ഈ ഗാനം സിനിമയില്‍ നിന്നും ഒഴിവാക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. ഗാനത്തിന്റെ വരികൾ അല്ലെങ്കിൽ പശ്ചാത്തലം മനസിലാകാത്തതിനാലാണ് റഹ്മാന്‍ ഇങ്ങനെ ചെയ്തെന്ന് കരുതുന്നു" - ഖാസി അനിർബൻ കൂട്ടിച്ചേര്‍ത്തു. 

നസ്റൂള്‍ ഇസ്ലാമിന്‍റെ ചെറുമകൾ അനിന്ദിത ഖാസിയും മാറ്റങ്ങളോട് വിയോജിപ്പ് പ്രകടിപ്പിച്ചു. പാട്ട് സിനിമയില്‍ നിന്നും നീക്കം ചെയ്യാന്‍ ഇവരും ആവശ്യപ്പെട്ടു. കവിയുടെ മറ്റൊരു കൊച്ചുമകളായ ബംഗ്ലാദേശി ഗായിക ഖിൽഖിൽ ഖാസിയും നവംബർ 12 ന് കൊൽക്കത്ത സന്ദർശന വേളയിൽ മാറ്റങ്ങൾക്കെതിരെ പ്രതിഷേധം അറിയിക്കാൻ ഗായകരെയും കലാകാരന്മാരെയും കണ്ടിരുന്നുവെന്നാണ് പിടിഐ റിപ്പോര്‍ട്ട് പറയുന്നത്. എആര്‍ റഹ്മാനെ ചിത്രത്തിന്‍റെ അണിയറക്കാരോ ഈ വിവാദത്തോട് പ്രതികരിച്ചിട്ടില്ല. 
 

ടൈഗര്‍ 3 ആദ്യ പ്രേക്ഷക പ്രതികരണം: ഞെട്ടിച്ച് ഗസ്റ്റ് റോളുകള്‍.!

ടൈഗര്‍ 3: ഷാരൂഖിന്‍റെ പഠാനോളം ഇല്ലെങ്കിലും അഡ്വാന്‍സ് ബുക്കിംഗില്‍ ബോക്സോഫീസ് വിറപ്പിച്ച് സല്‍മാന്‍.!

click me!