Latest Videos

'അത് കവര്‍ അല്ല, ജാമിംഗ്'; 'അടിയേ കൊല്ലുതേ' ആലാപനത്തെ വിമര്‍ശിച്ചവരോട് ആര്യ ദയാല്‍

By Web TeamFirst Published May 9, 2021, 8:18 PM IST
Highlights

തമിഴ് ചിത്രം 'വാരണം ആയിര'ത്തിനുവേണ്ടി ഹാരിസ് ജയരാജ് ഈണമിട്ട് ക്രിഷ്, ബെന്നി ദയാല്‍, ശ്രുതി ഹാസന്‍ എന്നിവര്‍ ആലപിച്ച 'അടിയേ കൊല്ലുതേ' എന്ന ഗാനമാണ് ആര്യ ആലപിച്ചത്.

ശ്രദ്ധേയ ഗാനങ്ങളുടെ കവറുകള്‍ക്കൊപ്പം സിംഗിളുകളും പുറത്തിറക്കി ആസ്വാദകപ്രീതി നേടിയ യുവഗായികയാണ് ആര്യ ദയാല്‍. എന്നാല്‍ യുട്യൂബ് ചാനലിലൂടെ ഏറ്റവുമൊടുവില്‍ ആര്യ പുറത്തിറക്കിയ ഗാനം കൈയടികളേക്കാള്‍ വിമര്‍ശനമാണ് നേടിയത്. തമിഴ് ചിത്രം 'വാരണം ആയിര'ത്തിനുവേണ്ടി ഹാരിസ് ജയരാജ് ഈണമിട്ട് ക്രിഷ്, ബെന്നി ദയാല്‍, ശ്രുതി ഹാസന്‍ എന്നിവര്‍ ആലപിച്ച 'അടിയേ കൊല്ലുതേ' എന്ന ഗാനമാണ് ആര്യ ആലപിച്ചത്.

എന്നാല്‍ ഇത് ഒറിജിനലിനെ അപമാനിക്കലാണെന്നും വേണ്ടിയിരുന്നില്ലെന്നുമുള്ള മട്ടിലായിരുന്നു കമന്‍റുകളില്‍ ഭൂരിഭാഗവും. അഞ്ചാം തീയതി പുറത്തെത്തിയ വീഡിയോക്ക് 11,000 ലൈക്കുകളും 28,000ലേറെ ഡിസ്‍ലൈക്കുകളുമാണ് ലഭിച്ചത്. യുട്യൂബിലെ ചില ട്രോളന്മാരും വിമര്‍ശനവുമായി എത്തിയതോടെ വീഡിയോയിലേക്ക് കൂടുതല്‍ ആസ്വാദകരെത്തി. കാഴ്ചകളുടെയും കമന്‍റുകളുടെയും എണ്ണവും കൂടി. 12,000ല്‍ അധികം കമന്‍റുകളാണ് ഗാനത്തിന് ഇതുവരെ ലഭിച്ചിരിക്കുന്നത്.

ആര്യ പാടിയത് ഒരു കവര്‍ വെര്‍ഷന്‍ ആണന്ന രീതിയിലായിരുന്നു വിമര്‍ശിച്ചവര്‍ പലരും പ്രതികരണവുമായി എത്തിയത്. എന്നാല്‍ താന്‍ പാടിയത് ഒരു കവര്‍ വെര്‍ഷന്‍ ആയിരുന്നില്ലെന്നും മറിച്ച് സുഹൃത്ത് സാജന്‍ കമലുമൊത്ത് നടത്തിയ ഒരു ലൈവ് ജാമിംഗ് സെഷന്‍ ആയിരുന്നുവെന്നും വിശദീകരിച്ചുകൊണ്ട് ആര്യ തന്നെ കമന്‍റുമായി എത്തി. ഈ രണ്ട് ആലാപനശൈലികള്‍ തമ്മിലുള്ള വ്യത്യാസം ദയവായി മനസിലാക്കൂ എന്നും ആര്യ കുറിച്ചു. ഈ വിശദീകരണത്തിനു താഴെയും വിമര്‍ശനവുമായി ആസ്വാദകര്‍ എത്തുന്നുണ്ട്. വീഡിയോയ്ക്ക് ആദ്യം നല്‍കിയിരുന്ന തമ്പ് നെയിലില്‍ നിന്നാണ് കവര്‍ സോംഗ് ആയിരിക്കാമെന്ന നിഗമനത്തിലേക്ക് ഭൂരിഭാഗവും എത്തിയതെന്നാണ് ചിലരുടെ വിമര്‍ശനം. 

click me!