
നവാഗതനായ സയിദ് ഖാൻ, സോണൽ മൊണ്ടെയ്‍റോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയതീർത്ഥ തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ബനാറസ് എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം അണിയറക്കാര്‍ പുറത്തിറക്കി. ബംഗളൂരു ജെ ടി വേർഡ് മാളിൽ വച്ചു നടന്ന വീഡിയോ ഗാന റിലീസ് ചടങ്ങിൽ സയിദ് ഖാൻ, സോണൽ മൊണ്ടെയ്റോ, ജയതീർത്ഥ, അഭിഷേക് അംബരീഷ്, തിലകരാജ്, ലാഹിരി വേലു, യശസ്, സുജോയ്, വിനോദ് പ്രഭാകർ, സുധാകരൻ റാവു തുടങ്ങിയവര്‍ പങ്കെടുത്ത് സംസാരിച്ചു.
മായാ ഗംഗേ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ആദിയാണ്. അജനീഷ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ഹൃദയം എന്ന ചിത്രത്തിലൂടെ ജനപ്രിയനായ സംഗീത സംവിധായകൻ ഹിഷാം അബ്ദുൾ വഹാബ് ആണ് ആലാപനം. ബനാറസിലെ മനോഹരമായ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത്. ബനാറസിലെ ഘാട്ട് പ്രദേശങ്ങളുടെ പശ്ചാത്തലത്തില്‍ മനോഹരമായ ഫ്രെയ്‍മുകള്‍ ഗാനരംഗങ്ങളിലും ഉണ്ട്. പാന്‍ ഇന്ത്യന്‍ ചിത്രമായ ബനാറസ് മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളില്‍ ഒരേ സമയം തിയറ്ററുകളില്‍ എത്തിക്കാന്‍ തയ്യാറെടുക്കുകയാണ് നിര്‍മ്മാതാക്കള്‍.
ALSO READ : ബിബി 4 കലാശക്കൊട്ടിന് ഒരുദിവസം മാത്രം ; പ്രിയ മത്സരാർത്ഥിക്കായി വോട്ട് തേടി റംസാൻ
അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മോഷൻ പോസ്റ്ററും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. നാഷണൽ ഖാൻസ് പ്രൊഡക്ഷൻസിന്‍റെ ബാനറില്‍ തിലക് രാജ് ബല്ലാലാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. അദ്വൈത ഗുരുമൂർത്തി ഛായാഗ്രഹണം നിർവ്വഹിച്ച ഈ ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് അജനീഷ് ലോക്നാഥ് ആണ്. എഡിറ്റിംഗ് കെ എം പ്രകാശ്. പിആർഒ എ എസ് ദിനേശ്, ശബരി.