
ലോകമെമ്പാടുമുള്ള കെ-പോപ്പ് ആരാധകരെ ആവേശത്തിലാഴ്ത്തി ബിടിഎസിന്റെ പുതിയ പ്രഖ്യാപനം. ബിടിഎസിന്റെ വരാനിരിക്കുന്ന പുതിയ വേൾഡ് ടൂർ 'Arirang' ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സിനിമാ തിയറ്ററുകളിൽ തത്സമയം സംപ്രേക്ഷണം ചെയ്യും. ദക്ഷിണ കൊറിയൻ വാർത്താ ഏജൻസിയായ കൊറിയ ടൈംസ് ആണ് ഈ ആവേശകരമായ വാർത്ത പുറത്തുവിട്ടത്. നീണ്ട ഇടവേളയ്ക്ക് ശേഷം ബിടിഎസ് അംഗങ്ങൾ ഒന്നിച്ചെത്തുന്ന ഈ സംഗീത വിരുന്ന് ഏപ്രിൽ 11-ന് കൊറിയയിലെ ഗോയാങ്ങിലും ഏപ്രിൽ 18-ന് ജപ്പാനിലെ ടോക്കിയോയിലുമാണ് നടക്കുന്നത്. ഈ രണ്ട് പ്രകടനങ്ങളും 75 രാജ്യങ്ങളിലായി 3500-ലധികം തിയറ്ററുകളിൽ ബിഗ് സ്‌ക്രീനിൽ ആരാധകർക്ക് കാണാൻ സാധിക്കും.
ബിടിഎസിന്റെ പുതിയ ആൽബമായ 'Arirang' മാർച്ച് 20-നാണ് പുറത്തിറങ്ങുന്നത്. ഇതിന് പിന്നാലെ ആരംഭിക്കുന്ന വേൾഡ് ടൂർ കെ-പോപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പര്യടനമായിരിക്കും. 34 നഗരങ്ങളിലായി 82 കൺസർട്ടുകളാണ് പ്ലാൻ ചെയ്തിരിക്കുന്നത്. ഇതിനോടകം തന്നെ വടക്കേ അമേരിക്കയിലെയും യൂറോപ്പിലെയും 41 ഷോകളുടെ ടിക്കറ്റുകൾ വിറ്റുതീർന്നു കഴിഞ്ഞു.
സ്റ്റേഡിയത്തിൽ നേരിട്ട് കോൺസർട്ടുകൾ കാണാൻ സാധിക്കാത്ത ലക്ഷക്കണക്കിന് ആരാധകർക്ക് വേണ്ടിയാണ് ബിഗ് സ്ക്രീൻ ലൈവ് സ്ട്രീമിംഗ് ഒരുക്കിയിരിക്കുന്നത്. കൊറിയയിലെ പ്രമുഖ തിയറ്റർ ശൃംഖലകളായ സിജിവി, ലോട്ടെ സിനിമ (lotte cinema), മെഗാബോക്സ് എന്നിവ വഴിയാണ് ബുക്കിംഗ് നടക്കുന്നത്. ഫെബ്രുവരി 25 മുതൽ ടിക്കറ്റ് റിസർവേഷൻ ആരംഭിക്കും.
തിയറ്റർ റിലീസിന് പുറമെ മറ്റൊരു സർപ്രൈസ് കൂടി ആരാധകരെ കാത്തിരിക്കുന്നുണ്ട്. മാർച്ച് 21-ന് സോൾ നഗരത്തിലെ ചരിത്രപ്രസിദ്ധമായ ഗ്വാങ്‌ഹാമുൻ സ്‌ക്വയറിൽ (Gwanghwamun Square) നടക്കുന്ന ബിടിഎസിന്റെ കോൺസർട്ട് നെറ്റ്ഫ്ലിക്സിലൂടെ ലോകമെമ്പാടും തത്സമയം കാണാൻ സാധിക്കും. കൂടാതെ, മാർച്ച് 27-ന് ഇവരുടെ പുതിയ ഡോക്യുമെന്ററി 'ബിടിഎസ്: ദ റിട്ടേൺ' നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും.
ജർമ്മനിയിലെ മ്യൂണിക്കിലുള്ള അലയൻസ് അരീന, യുഎസിലെ ടാംപയിലുള്ള റെയ്മണ്ട് ജെയിംസ് സ്റ്റേഡിയം എന്നിവിടങ്ങളിൽ ഒറ്റയ്ക്ക് സംഗീത പരിപാടി അവതരിപ്പിക്കുന്ന ആദ്യ കൊറിയൻ ബാൻഡ് എന്ന ബഹുമതിയും ഈ ടൂറിലൂടെ ബിടിഎസ് സ്വന്തമാക്കും. ലണ്ടനിലെ ടോട്ടനം ഹോട്ട്‌സ്‌പർ സ്റ്റേഡിയത്തിൽ രണ്ടു ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ ഏകദേശം 1,20,000 ആരാധകർ പങ്കെടുക്കുമെന്നാണ് കരുതുന്നതെന്നാണ് റിപ്പോർട്ട്. മിലിട്ടറി സേവനത്തിന് ശേഷം ബിടിഎസ് അംഗങ്ങൾ വീണ്ടും ഒന്നിച്ചെത്തുന്നതിന്റെ ആവേശത്തിലാണ് ലോകമെമ്പാടുമുള്ള 'ആർമി' .