
മലയാളത്തിലെ ഏറ്റവും പുതിയ റിലീസുകളില്‍ പ്രേക്ഷകപ്രീതി നേടിയ ഒന്നാണ് പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍. ഷഹദ് സംവിധാനം ചെയ്ത ചിത്രത്തില്‍ പാര്‍വതി തിരുവോത്ത്, വിജയരാഘവന്‍, മാത്യു തോമസ്, സിദ്ധാര്‍ഥ് ഭരതന്‍, ഉണ്ണിമായ പ്രസാദ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ചേറൊഴിഞ്ഞ് പോയിടാതെ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ശ്യാം മുരളീധരനാണ്. മുജീബ് മജീദ് ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഭദ്ര റജിന്‍ ആണ്. പോലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ത്രില്ലർ ചിത്രമാണ് പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍.
പാര്‍വതി തിരുവോത്തും സിദ്ധാര്‍ഥ് ഭരതനും മാത്യു തോമസുമൊക്കെ പൊലീസ് വേഷത്തിലാണ് ചിത്രത്തില്‍ എത്തുന്നത്. ഒരു പൊലീസ് സ്റ്റേഷനിൽ നടക്കുന്ന കൊലപാതകവും തുടർന്ന് നടക്കുന്ന സംഘർഷഭരിതമായ മുഹൂർത്തങ്ങളുമാണ് ചിത്രം പറയുന്നത്. 11 ഐക്കൺസിൻ്റെ ബാനറിൽ അർജുൻ സെൽവ നിർമ്മിച്ച ചിത്രമാണിത്. പ്രകാശൻ പറക്കട്ടെ, അനുരാഗം എന്നീ ചിത്രങ്ങൾക്ക് ശേഷമുള്ള ഷഹദിന്റെ സംവിധാന സംരംഭമാണിത്. മലയാള സിനിമാ നിർമാണ രംഗത്തേക്ക് എത്തുന്ന പുതിയ ബാനറിന്റെ ഒരു ബിഗ് ബഡ്ജറ്റ് സിനിമ കൂടിയാണ് പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ. ആശ്രിത നിയമനത്തിലൂടെ ജോലി ലഭിക്കുന്ന ഒരു വനിതാ കോൺസ്റ്റബിളിന്റെ ഔദ്യോഗിക ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങളാണ് ചിത്രത്തിലൂടെ പറയുന്നത്. പാർവതി തിരുവോത്താണ് ഈ വേഷം ചെയ്യുന്നത്.
ഉള്ളൊഴുക്ക് എന്ന സിനിമയ്ക്ക് ശേഷം പാർവതി തിരുവോത്തും കിഷ്കിന്ധാ കാണ്ഡം എന്ന സിനിമക്ക് ശേഷം വിജയരാഘവനും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണിത്. സിനിമാഭിനയ ജീവിതത്തിൽ 20 വർഷം പിന്നിട്ട പാർവതിയുടെ ആദ്യ പോലീസ് വേഷമാണിത്. പ്രശസ്ത താരങ്ങളായ പാർത്ഥിപന്‍, മാത്യു തോമസ്, വിനയ് ഫോർട്ട്, സിദ്ധാർഥ് ഭരതൻ, ഉണ്ണിമായ, അസീസ് നെടുമങ്ങാട്, ജയശ്രീ ശിവദാസ്, പ്രവീൺകുമാർ, സിറാജ്, നിയാസ് ബക്കർ തുടങ്ങിയ ഗംഭീര താരനിരയും ചിത്രത്തിലുണ്ട്. ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് പി എസ് സുബ്രമണ്യവും വിജേഷ് തോട്ടിങ്ങലും ചേർന്നാണ്. 'ലോക' എന്ന സിനിമയ്ക്ക് ശേഷം ചമൻ ചാക്കോ എഡിറ്റിംഗും റോബി രാജ് ക്യാമറയും മുജീബ് മജീദ് സംഗീത സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു.