ഗായിക റിമി ടോമി വീണ്ടും വിവാഹിതയാകുന്നു. മുംബൈയിൽ സ്ഥിരതാമസമാക്കിയ മലയാളിയും ബോഡി ബിൽഡറും തന്റെ ഫിറ്റ്‌നസ് ട്രെയിനറുമായ ലിബിൻ മാത്യുവാണ് വരൻ. നവംബറിൽ മുംബൈയില്‍ വച്ചാണ് വിവാഹം നടക്കുക.

‌കഴിഞ്ഞ ദിവസമാണ് താൻ വീണ്ടും വിവാഹിതയാകാൻ പോകുകയാണെന്ന സന്തോഷവാർത്ത ​ഗായിക റിമി ടോമി ആരാധകരെ അറിയിച്ചത്. ഇപ്പോഴിതാ അധികം സസ്പെൻസ് ആക്കാതെ വരനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് റിമി. വിവാഹം ഈ മാസം തന്നെ ഉണ്ടാകുമെന്നും ലളിതമായ രീതിയിൽ ബോംബൈയിൽ വച്ചാകും ചടങ്ങുകളെന്നും റിമി അറിയിച്ചു

"നവംബറിലാണ് കല്യാണം. കല്യാണച്ചെക്കൻ ബോംബെയിൽ നിന്നാണ്, മലയാളി തന്നെയാണ് ബോഡി ബിൽഡറാണ്. ട്രെയ്‌നറാണ്. എന്റെ ഇപ്പോഴത്തെ കോച്ചാണ്. പേര് ലിബിൻ മാത്യു. മാർച്ച് 10-നാണ് ഞങ്ങൾ ആദ്യം ഫോണിൽ സംസാരിക്കുന്നത്. മാർച്ച് 14ന് എടുത്ത ഒരു ഫോട്ടോ ഞങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. അന്നാണ് ഞങ്ങൾ ആദ്യമായി നേരിൽ കാണുന്നത്. അതിന് മുൻപേ തന്നെ ഫോണിൽ സംസാരിച്ച് ഇഷ്ടമായി. കല്യാണം എന്ന തീരുമാനത്തിലേക്ക് അപ്പോൾ തന്നെ എത്തി എന്നതാണ് സത്യം. ചിലരെ കാണുമ്പോൾ പെട്ടെന്ന് ഒരു കണക്ഷൻ തോന്നില്ലേ? ബോംബെയിൽ വെച്ചാണ് വിവാഹം. ഡോംബിവല്ലി എന്ന സ്ഥലത്ത് ചെറിയൊരു പള്ളിയിൽ വെച്ചായിരിക്കും ചടങ്ങുകൾ. ലളിതമായ ചടങ്ങുകൾ മാത്രമെയുള്ളൂ. ഇൻഡസ്ട്രിയിൽ നിന്നു പോലും അങ്ങനെ ആരെയും വിളിക്കുന്നില്ല", എന്ന് റിമി ടോമി പുതിയ വീഡിയോയിൽ പറയുന്നു.

അതേസമയം, താൻ വീണ്ടും വിവാഹിതയാകാൻ പോകുകയാണെന്ന വാർത്തയോടൊപ്പം മുൻ ഭർത്താവിന്റെ ചിത്രം ചിലർ ചേർക്കുന്നതിനെ കുറിച്ചും റിമി പ്രതികരിച്ചു.'' മുൻ ഭർത്താവിന്റെ ഫോട്ടോ വെച്ച് ഒരുപാട് പോസ്റ്റുകൾ കണ്ടു. അവരെ വെറുതേ വിട്ടേക്ക്. അദ്ദേഹവും ഞാനും ഒന്നിച്ചെടുത്ത തീരുമാനമായിരുന്നു. എന്നേക്കാൾ നല്ലൊരു പാർട്ണറെ അദ്ദേഹത്തിന് കിട്ടി. അവർ സന്തോഷത്തോടെ ജീവിക്കുന്നു .ഈ സമയത്ത് എന്തിനാണ് അദ്ദേഹത്തിന്റെ ഫോട്ടോയും വെച്ച് വെറുതേ പറയുന്നത്'', എന്നായിരുന്നു റിമിയുടെ പ്രതികരണം.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming