
മലയാള സിനിമയുടെ വളരുന്ന മാര്‍ക്കറ്റിന്‍റെ ഏറ്റവും പുതിയ ഉദാഹരണമായിരുന്നു നിവിന്‍ പോളിയും മമിത ബൈജുവും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് ഗിരീഷ് എ ഡി സംവിധാനം ചെയ്ത ബെത്‍ലഹേം കുടുംബ യൂണിറ്റ്. ഓണം റിലീസ് ആയി എത്തിയ ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 300 കോടിയിലേറെ നേടി ഒരു മലയാള ചിത്രം ചരിത്രത്തില്‍ നേടുന്ന ഏറ്റവും വലിയ കളക്ഷന്‍ സ്വന്തമാക്കി. മറ്റ് പല ബോക്സ് ഓഫീസ് റെക്കോര്‍ഡികളും ചിത്രം നേടിയിരുന്നു. വിഷ്ണു വിജയ് ആയിരുന്നു ചിത്രത്തിന്‍റെ സംഗീത സംവിധാനം. ഗാനങ്ങളും പശ്ചാത്തല സംഗീതവുമൊക്കെ ചിത്രത്തിന്‍റെ വിജയത്തിന് ആവേഗം പകര്‍ന്ന ഘടകങ്ങളാണ്. വലിയ ജനപ്രീതിയാണ് ചിത്രത്തിലെ ഗാനങ്ങള്‍ നേടിയത്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തു വിട്ടിരിക്കുകയാണ് അണിയറക്കാര്‍.
കണ്‍മണിയേ എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സുഹൈല്‍ കോയയാണ്. വിഷ്ണു വിജയ് ഈണമിട്ട ഗാനം ആലപിച്ചിരിക്കുന്നതും അദ്ദേഹം തന്നെയാണ്. സമീപകാലത്ത് ഏറ്റവുമധികം റിപ്പീറ്റ് ഓഡിയന്‍സിനെ ലഭിച്ച ചിത്രം കൂടിയാണ് ഇത്. മലയാളികളെ കൂടാതെ മറുഭാഷാ പ്രേക്ഷകര്‍ക്കിടയിലും ചിത്രം വലിയ പ്രീതിയാണ് നേടിയത്. ചിത്രത്തിന്‍റെ തമിഴ്, തെലുങ്ക് പതിപ്പുകള്‍ തിയറ്ററുകലില്‍ത്തന്നെ റിലീസ് ചെയ്യപ്പെട്ടിരുന്നു. ജിയോ ഹോട്ട്സ്റ്റാറിലൂടെ അടുത്തിടെ ആയിരുന്നു ചിത്രത്തിന്‍റെ ഒടിടി റിലീസ്. അവിടെയും റെക്കോര്‍ഡ് കാഴ്ചക്കാരെയാണ് ചിത്രം നേടിയത്. ജിയോ ഹോട്ട്സ്റ്റാറില്‍ ഒരു ഹിന്ദി-ഇതര ചിത്രം ആദ്യ വാരാന്ത്യം നേടുന്ന ഏറ്റവും ഉയര്‍ന്ന കാഴ്ചയാണ് ബെത്‍ലഹേം കുടുംബ യൂണിറ്റ് നേടിയത്. ഒപ്പം ഈ വര്‍ഷം വിദേശത്ത് ഏറ്റവും കളക്ഷന്‍ നേടിയ തെന്നിന്ത്യന്‍ ചിത്രവുമാണ് ഇത്.
മലയാളത്തിലെ ശ്രദ്ധേയ ബാനറായ ഭാവന സ്റ്റുഡിയോസും നിവിൻ പോളിയും ആദ്യമായി ഒരുമിച്ച ചിത്രം എന്ന പ്രത്യേകതയും ബെത്‍ലഹേമിന് ഉണ്ട്. ഭാവന സ്റ്റുഡിയോസ് ഒരുക്കുന്ന ആറാമത്തെ ചിത്രവുമാണിത്. സൂപ്പർ ഹിറ്റായ 'പ്രേമലു'വിനുശേഷം ഭാവന സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രമെന്ന പ്രത്യേകതയും 'ബത്‍ലഹേം കുടുംബ യൂണിറ്റി'ന് ഉണ്ട്. ഭാവന സ്റ്റുഡിയോസിന്‍റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്നാണ് സിനിമയുടെ രചന നിർവ്വഹിച്ചിരിക്കുന്നത്. സംഗീത് പ്രതാപ്, സുരേഷ് കൃഷ്‍ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങി വലിയൊരു താരനിര തന്നെയാണ് ചിത്രത്തിലുള്ളത്