
സംഗീത ലോകത്തെ അതുല്യ പ്രതിഭയായ നിഹാൽ സാദിഖിന്റെ മാസ്മരിക സംഗീതം ഇനി പ്രേക്ഷകർ കേൾക്കാൻ പോകുന്നത് ബ്രഹ്മാണ്ഡ സിനിമയായ 'കാട്ടാളനി'ലൂടെ. തന്റെ വ്യത്യസ്തമായ സംഗീത സംവിധാനത്തിലൂടെയും, ശബ്ദശൈലിയുടെയും പേരുകേട്ട നിഹാൽ സാദിഖ്, മുമ്പ് 'ചിറാപുഞ്ചി', 'ചെകുത്താൻ', 'ലാലേട്ട' തുടങ്ങിയ ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ചിട്ടുണ്ട്. ഇപ്പോൾ കാട്ടാളൻ എന്ന ചിത്രത്തിനായി പ്രൊമോ സോങ് ഒരുക്കുകയാണ് നിഹാൽ. അദ്ദേഹത്തിന്റെ പ്രത്യേക സംഗീതശൈലി ഈ ട്രാക്കിനെ മറ്റൊരു തലത്തിലേക്ക് ഉയർത്തുമെന്നാണ് പ്രതീക്ഷ. ഏതാനും ദിവസങ്ങൾക്കു മുൻപ് അണിയറ പ്രവർത്തകർ പുറത്തു വിട്ട, കയ്യിൽ എരിയുന്ന സിഗാറും ചോര വാർന്ന മുഖവും പൂച്ച കണ്ണുകളുമായയുള്ള പെപ്പേയുടെ മുഖമുള്ള കാട്ടാളന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൻ താരംഗമായിരുന്നു.
മലയാള സിനിമയെ ഇന്ത്യൻ സിനിമയുടെ അത്ഭുതമാക്കിയ മാർക്കോയുടെ വമ്പൻ വിജയത്തിനു ശേഷം ക്യൂബ്സ് എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് നവാഗതനായ പോൾ വർഗീസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കാട്ടാളൻ. ചിത്രത്തിൽ സിനിമ ലോകത്തെ പകരം വയ്ക്കാനില്ലാത്ത ടെക്‌നിഷ്യന്മാർ ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. ചിത്രത്തിൽ ആന്റണി വർഗീസ് പെപ്പെയ്ക്കൊപ്പം, തെലുങ്ക് താരങ്ങളായ സുനിൽ, കബീർ ദുഹാൻ സിഗ്, ബോളിവുഡ് താരം പർത്ഥ് തിവാരി, രാജ് തിരാ ണ്ടുസു എന്നിങ്ങനെ ഒട്ടുമിക്ക ഇൻഡസ്ട്രിയിലെ താരങ്ങളും സിനിമയുടെ ഭാഗമാകുന്നുണ്ട്.
പെപ്പെയുടെ സിനിമ ജീവിതത്തിലെ ഏറ്റവും വലിയ സിനിമയായ കാട്ടാളനിൽ ആൻ്റെണി വർഗീസ് എന്ന യഥാർത്ഥ പേര് തന്നെയാണ് കഥാപാത്രത്തിൻ്റെ പേരും. മാർക്കോയിൽ രവി ബ്രസൂർ എന്ന മാന്ത്രിക സംഗീത സംവിധായകനെ അവതരിപ്പിച്ച ക്യൂബ്സ് എൻ്റെർടൈൻമെൻ്റ് ഇക്കുറി പ്രശസ്ത കന്നഡ സംഗീത സംവിധായകനായ അജനീഷ് ലോക്നാഥിനേയാണ് അവതരിപ്പിക്കുന്നത്.
കാന്താര ചാപ്റ്റർ 2 വിനു ശേഷം അജനീഷ് സംഗീതമൊരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ലോകമെമ്പാടും തരംഗമായി മാറിയ കാന്താരയിലെ സംഗീതം വലിയ ജനശ്രദ്ധ നേടുകയുണ്ടായി. 'പൊന്നിയൻ സെൽവൻ ഒന്നാം ഭാഗം, ബാഹുബലി - 2, കൺ ക്ലൂഷൻ, ജവാൻ ബാഗി - 2,ഓങ്ബാക്ക് 2 ,തുടങ്ങിയ വമ്പൻ ചിത്രങ്ങൾക്കു ആക്ഷൻ ഒരുക്കിയ ആക്ഷൻ കോറിയോഗ്രാഫർ ലോകപ്രശസ്തനായ കൊച്ച കെംബഡി കെ ഈ ചിത്രത്തിൻ്റെ ആക്ഷൻ കൈകാര്യം ചെയ്യുന്നുവെന്നത് ഏറെ ശ്രദ്ധേയമായ കാര്യമാണ്. ചിത്രത്തിൽ ആക്ഷൻ സന്തോഷും കൂടെ കൊച്ച കെംബഡിയ്ക്കൊപ്പം ഒന്നിക്കുമ്പോൾ ഒരു ആക്ഷൻ വിസ്മയം തന്നെ പ്രതീക്ഷിക്കാം.
മാർക്കോ പോലെ തന്നെ പൂർണ്ണമായും ആക്ഷൻ ത്രില്ലർ ജോണറിലാണ് കാട്ടാളൻ്റെ അവതരണം. കേരളത്തിൽ വലിയ തരംഗമായി മാറിയ വ്ളോഗറും സിംഗറുമായ ഹനാൻഷാ റാപ്പർ ബേബി ജീൻ, എന്നിവരും മലയാളത്തിൽ നിന്നും ജഗദീഷ്, സിദ്ധിഖ്, ലോക സിനിമയിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ ഷിബിൻ എസ് രാഖവ് തുടങ്ങി പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
മലയാളത്തിലെ മികച്ച കഥാകൃത്തും, ശ്രദ്ധേയമായ നിരവധി ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ഉണ്ണി ആർ. ആണ് ഈ ചിത്രത്തിൻ്റെ സംഭാഷണം രചിക്കുന്നത്. എഡിറ്റിംഗ് -ഷമീർ മുഹമ്മദ്, ലിറിസിസ്റ്റ് സുഹൈൽ കോയ, പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ, കാസ്റ്റിങ് ഡയറക്ടർ അബു വലയംകുളം, ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ , പി ആർ ഒ -ആതിര ദിൽജിത്.