ഉണ്ണി മുകുന്ദനും അപർണ ബാലമുരളിയും ആദ്യമായി ഒന്നിക്കുന്ന 'മിണ്ടിയും പറഞ്ഞും' എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി

ഉണ്ണി മുകുന്ദനും അപർണ ബാലമുരളിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് മിണ്ടിയും പറഞ്ഞും. അരുൺ ബോസ് ആണ് ചിത്രത്തിന്‍റെ സംവിധാനം. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ​ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. മണല് പാറുന്നൊരീ എന്ന് ആരംഭിക്കുന്ന ​ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സുജീഷ് ഹരിയാണ്. സം​ഗീതം സൂരജ് എസ് കുറുപ്പ്. ഷഹബാസ് അമനാണ് ആലാപനം. ഉണ്ണി മുകുന്ദനും അപർണ ബാലമുരളിയും ആദ്യമായി ഒരുമിക്കുന്ന ചിത്രവുമാണ് ഇത്. ക്രിസ്മസ് റിലീസ് ആണ് ചിത്രം.

ചിത്രം നിർമ്മിച്ചിരിക്കുന്നത് അലൻസ്‌ മീഡിയയുടെ ബാനറിൽ സംവിധായകൻ സലിം അഹമ്മദാണ്. ഫീൽഗുഡ് ഫാമിലി എൻ്റർടെയ്നർ ആയിരിക്കും ചിത്രമെന്നാണ് നേരത്തെ പുറത്തെത്തിയ ടീസര്‍ നല്‍കുന്ന സൂചന. ‎സനൽ - ലീന ദമ്പതികളുടെ വിവാഹത്തിനു മുൻപും ശേഷവുമുള്ള പ്രണയത്തിന്റെയും ജീവിതത്തിന്റെയും പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ രചന‌ നിർവഹിച്ചിരിക്കുന്നത് മൃദുൽ ജോർജ്ജും അരുൺ ബോസും ചേർന്നാണ്. ഒരിടവേളയ്ക്ക് ശേഷം വിഖ്യാത ഛായാഗ്രാഹകൻ മധു അമ്പാട്ട് ക്യാമറ ചലിപ്പിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് കിരൺ ദാസും സംഗീതം ഒരുക്കിയിരിക്കുന്നത് സൂരജ് എസ്‌. കുറുപ്പുമാണ്.

കലാസംവിധാനം അനീസ് നാടോടിയും വസ്ത്രാലങ്കാരം ഗായത്രി കിഷോറും നിർവഹിച്ചിരിക്കുന്ന 'മിണ്ടിയും പറഞ്ഞും' തിയറ്ററുകളിലെത്തിക്കുന്നത് ജാഗ്വാർ സ്റ്റുഡിയോസാണ്. ഡിസ്ട്രിബ്യൂഷൻ ഹെഡ് ഷാനു പരപ്പനങ്ങാടി, പിആർഒ- പി ശിവപ്രസാദ്.

Mindiyum Paranjum - Manalu Parunnori Video | Unni Mukundan, Aparna Balamurali | Sooraj S Kurup