KK Birth Anniversary : പാടാനേറെ ബാക്കിയാക്കി മൺമറഞ്ഞ കെകെ; ബോളിവുഡിലെ മലയാളി സ്വരമാധുര്യം

By Web TeamFirst Published Aug 23, 2022, 11:21 AM IST
Highlights

കൊൽക്കത്തയിലെ നസ്‌റുൽ മഞ്ച ഓഡിറ്റോറിയത്തിലെ സംഗീത പരിപാടിക്ക് ശേഷം കുഴഞ്ഞ് വീണായിരുന്നു 53 കാരനായ കെ.കെയുടെ മരണം. ‌

​ഗാനാസ്വാദകരുടെ ഉള്ളുലച്ച് കൊണ്ടായിരുന്നു കെ കെ എന്ന കൃഷ്ണകുമാര്‍ കുന്നത്തിൻ്റെ അകാല വിയോ​ഗം. ഇനിയും പാടാൻ ഏറെ ബാക്കിവച്ച് ​ഗായകൻ പിൻവാങ്ങിയെങ്കിലും അദ്ദേഹത്തിന്റെ ശബ്ദവും ​ഗാനങ്ങളും ഓരോ ​ഗാനാസ്വാദകരുടെയും മനസ്സിൽ ഇന്നും മുഴങ്ങി കേൾക്കുന്നു. ബോളിവുഡില്‍ സാന്നിധ്യം അറിയിച്ച മലയാളി സ്വരമാധുര്യമായിരുന്നു കെകെ. ഇന്ന് കെകെയുടെ ജന്മവാർഷികമാണ്. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് ഈ അവസരത്തിൽ പ്രിയ ​ഗായകന്റെ ഓർമ്മകൾ അയവിറക്കുന്നത്. 

വൈവിദ്ധ്യമായ ഗാനങ്ങളുടെ തെരഞ്ഞെടുപ്പിലൂടെയാണ് കെകെ ശ്രദ്ധേയനായത്. ഇന്ത്യയിലെ ഒരുവിധം എല്ലാ ഭാഷകളിലും ഇദ്ദേഹത്തിന്‍റെ ശബ്ദത്തില്‍ ഗാനങ്ങള്‍ പിറന്നിട്ടുണ്ടെന്ന് പറയാം. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, മറാത്തി, ബംഗാളി, ആസാമീസ്, ഗുജറാത്തി എന്നീ ഭാഷകളിലെ സിനിമകളിൽ കെകെ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ തലമുറയിലെ ഏറ്റവും പ്രശസ്തി നേടിയ ഗായകരിൽ ഒരാളാണ് കൃഷ്ണകുമാര്‍ കുന്നത്ത് എന്ന കെകെ എന്ന് കരുതപ്പെടുന്നു.

1994ല്‍ ഗായകനെന്ന നിലയില്‍ അവസരങ്ങള്‍ക്കായി മുംബൈയിലേക്ക് കെകെ താമസം മാറിയത്. അവിടെ നിന്ന് പരസ്യങ്ങളുടെ ജിംഗിള്‍ പാടി തന്‍റെ കരിയര്‍ തുടങ്ങി. മൂന്ന് വര്‍ഷത്തോളം 3500 ലേറെ പരസ്യ ജിംഗിളുകള്‍ പാടിയ കെകെയ്ക്ക് സിനിമയില്‍ ആദ്യം അവസരം നല്‍കിയത് തമിഴില്‍ എആര്‍ റഹ്മാനാണ്. കാതല്‍ ദേശം എന്ന ചിത്രത്തില്‍‍ 'കല്ലൂരി ശാലെ, ഹാലോ ഡോ' എന്നീ ഗാനങ്ങളായിരുന്നു അത്. പിന്നീട് മിന്‍സാര കനവ് എന്ന ചിത്രത്തില്‍ സ്ട്രോബറി കണ്ണെ എന്ന പാട്ടും പാടി. 1999 ല്‍ 'ഹം ദില്‍ ദേ ചുപ്കെ സനം' എന്ന ചിത്രത്തിലെ 'ദഡപ്പ്, ദഡപ്പ്' ആണ് കെകെയെ ബോളിവുഡിലെ മുൻനിര ​ഗായകരിലേക്ക് പ്രതിഷ്ഠിച്ചത്. അവിടന്നങ്ങോട്ട് കെകെയുടെ രാശി തെളിയുകയായിരുന്നു. നിരവധി ഹിറ്റ് പാട്ടുകൾ കെകെയുടെ ശബ്ദത്തിൽ ജനങ്ങളിലേക്ക് എത്തി.

തമിഴ് ഗാനം "അപാഡി പോഡു", ദേവദാസിലെ "ഡോലാ രേ ഡോല" (2002), വോ ലംഹേ (2006) യിലെ "ക്യാ മുജെ പ്യാർ ഹേ" എന്നിവ കെകെയുടെ ജനപ്രിയ ഗാനങ്ങളിൽ ഉൾപ്പെടുന്നു. ഓം ശാന്തി ഓമിലെ (2007) "ആൻഖോൻ മേ തേരി", ബച്ച്‌ന ഏ ഹസീനോയിലെ "ഖുദാ ജെയ്ൻ" (2009), ആഷിഖി 2 (2013) യിലെ "പിയാ ആയേ നാ", ഹാപ്പി ന്യൂ ഇയർ (2014) ൽ നിന്നുള്ള "ഇന്ത്യ വാലെ", " ബജ്രംഗി ഭായ്ജാൻ (2015) എന്നതിൽ നിന്നുള്ള തു ജോ മില"എന്നിവ കെകെയുടെ ഹിറ്റ് ഗാനങ്ങളാണ്. 

സിഎസ് മേനോന്റേയും കുന്നത്ത് കനകവല്ലിയുടെയും മകനായി 1968 ഓ​ഗസ്റ്റ് 28ന് ദില്ലിയിൽ ആയിരുന്നു കെകെയുടെ ജനനം. മലയാളിയാണെങ്കിലും മലയാളത്തിൽ ഒരേയൊരു പാട്ട് മാത്രമാണ് കെകെ പാടിയിട്ടുള്ളത്. 2009ല്‍ ദീപന്‍ സംവിധാനം ചെയ്ത് പൃഥ്വിരാജ് പ്രധാന വേഷത്തില്‍ എത്തിയ പുതിയ മുഖം എന്ന ചിത്രത്തില്‍. രഹസ്യമായി എന്ന ഗാനം. ദീപക്ക് ദേവായിരുന്നു ഈ ഗാനത്തിന്‍റെ സംഗീത സംവിധാനം. ഈ ​ഗാനം ഇന്നും മലയാളികളുടെ ഹിറ്റ് ലിസ്റ്റുകളിൽ ഒന്നാണ്. 

"മറ്റ് ദക്ഷിണേന്ത്യൻ ഭാഷകളിൽ ഞാൻ പലപ്പോഴും പാടാറുണ്ട്, മലയാളത്തിൽ പാടുന്നത് എനിക്ക് കഠിനമാണ്. ഞാൻ സംസാരിക്കുന്ന മലയാളം മാന്യമാണെന്ന് ആളുകൾ പറയുന്നു, പക്ഷേ സാഹിത്യത്തിലോ വരികളിലോ കൂടുതലായി ഉപയോഗിക്കുന്ന വാക്കുകൾ പറയുമ്പോൾ എനിക്ക് അത് ബുദ്ധിമുട്ടാണെന്ന് തോന്നുന്നു.മറ്റു ഭാഷകളില്‍ കേള്‍ക്കുന്ന രീതിയില്‍ തന്നെയുള്ള പാട്ടുകളും വരികളും എനിക്ക് ലഭിക്കുന്നു", എന്നായിരുന്നു മലയാളത്തില്‍ കൂടുതല്‍ ഗാനങ്ങള്‍ പാടാത്തത് എന്തുകൊണ്ടെന്ന ചോദ്യത്തിന് കെകെ ഒരിക്കൽ മറുപടി പറഞ്ഞത്. 

ബോളിവുഡ് ആയിരുന്നു തട്ടകമെങ്കിലും എന്നും കേരളത്തെ സ്നേഹിച്ച വ്യക്തിയായിരുന്ന കെകെ. വാഴയിലയിൽ ഭക്ഷണം കഴിക്കുക, തൃശ്ശൂരിലെയും എറണാകുളത്തെയും ചില റസ്റ്റോറന്റുകളിലെ വിഭവങ്ങൾ കണ്ടുപിടിക്കുക, പഴയ മലയാളം പാട്ടുകളും യേശുദാസിന്റെ കൃഷ്ണഭജനകളും കേട്ട് നഗരത്തിന് പുറത്ത് വാഹനമോടിക്കുക, പൊറോട്ടയും ചിക്കൻ ഫ്രൈയും മസാലദോശയും കഴിക്കുക തനി കേരളീയനാകുന്ന അവസരങ്ങള്‍ പലപ്പോഴും കെകെ അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. 

കൊൽക്കത്തയിലെ നസ്‌റുൽ മഞ്ച ഓഡിറ്റോറിയത്തിലെ സംഗീത പരിപാടിക്ക് ശേഷം കുഴഞ്ഞ് വീണായിരുന്നു 53 കാരനായ കെ.കെയുടെ മരണം. ‌2022 ജൂണിൽ ആയിരുന്നു ഇത്. രണ്ട് മാസം പിന്നിടുമ്പോഴാണ് അദ്ദേഹത്തിന്റെ 54-ാം ജന്മദിനം വന്നിരിക്കുന്നത്. അകാലത്തിൽ പൊലിഞ്ഞ ആ അതുല്യപ്രതിഭയെ ഇന്നും നിറഞ്ഞ കണ്ണുകളോടെ സുഹൃത്തുക്കളും ബന്ധുക്കളും ലോകമെമ്പാടുമുള്ള ജനങ്ങളും ഓർക്കുന്നു. പ്രായഭേദമില്ലാതെ എല്ലാവരുടെയും വികാരങ്ങളെ പാടിയുണർത്തിയ കെ കെ എന്നും ഓർമ്മകളിൽ ജീവിക്കും.  

കെ.കെ മുതല്‍ പുനീത് വരെ, ശരീരംനോക്കി ജീവിച്ചിട്ടും പൊടുന്നനെ വിടപറഞ്ഞ സെലബ്രിറ്റികള്‍!

click me!