
ഒക്ടോബർ പത്തിനായിരുന്നു മോഹൻലാൽ ഡബിൾ റോളിൽ എത്തി വൻ സ്വീകാര്യത നേടിയ രാവണപ്രഭു റീ റിലീസ് ചെയ്തത്. പുത്തൻ സാങ്കേതിക മികവിന്റെ അകമ്പടിയോടെ എത്തിയ ചിത്രത്തിന് മികച്ച കളക്ഷനും ലഭിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. ഈ അവസരത്തിൽ മോഹൻലാൽ നിറഞ്ഞാടിയ 'തകില് പുകില്..' എന്ന ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. ഗിരീഷ് പുത്തഞ്ചേരി വരികൾ എഴുതിയ ഗാനത്തിന് സംഗീതം നൽകിയത് സുരേഷ് പീറ്ററാണ്. എം ജി ശ്രീകുമാർ, സുജാത മോഹൻ, മോഹൻലാൽ, പ്രഭാകരൻ, രാധിക തിലക് എന്നിവരായിരുന്നു ആലാപനം.
മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത്ത് രചനയും സംവിധാനവും നിര്‍വ്വഹിച്ച് 2001 ല്‍ പുറത്തെത്തിയ ചിത്രമാണ് രാവണപ്രഭു. രഞ്ജിത്തിന്‍റെ സംവിധാന അരങ്ങേറ്റചിത്രം കൂടിയായിരുന്നു രാവണപ്രഭു. രഞ്ജിത്തിന്റെ തന്നെ തിരക്കഥയില്‍ ഐ വി ശശി സംവിധാനം ചെയ്ത് 1993 ല്‍ പുറത്തെത്തി കള്‍ട്ട് സ്റ്റാറ്റസ് നേടിയ ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠനെ അയാളുടെ മകനൊപ്പം അവതരിപ്പിക്കുകയായിരുന്നു സംവിധാന അരങ്ങേറ്റ ചിത്രത്തില്‍ രഞ്ജിത്ത്.
ചിത്രത്തിലെ കാര്‍ത്തികേയന്‍റെ മാസ് രംഗങ്ങളും നീലകണ്ഠന്‍റെ ഇമോഷണല്‍ രംഗങ്ങളുമൊക്കെ കാണികള്‍ ഏറ്റെടുത്തു. മംഗലശ്ശേരി നീലകണ്ഠന്‍ മകന്‍ കാര്‍ത്തികേയന്‍റെ മാസ് രംഗങ്ങളില്‍ പലതും ഇപ്പോഴും റീലുകളില്‍ ആവര്‍ത്തിച്ച് പ്രത്യക്ഷപ്പെടാറുണ്ട്. മലയാളത്തില്‍ റീ റിലീസില്‍ വിജയിച്ച പല ചിത്രങ്ങളുടെയും റീമാസ്റ്ററിംഗ് നിര്‍വ്വഹിച്ച മാറ്റിനി നൗ ആണ് രാവണപ്രഭുവും റീമാസ്റ്റര്‍ ചെയ്തിരിക്കുന്നത്. മലയാളത്തിലെ റീ റിലീസുകളില്‍ തിയറ്ററില്‍ ഏറ്റവും ഓളം സൃഷ്ടിച്ച ചിത്രമായിരുന്നു ഛോട്ടാ മുംബൈ. ഛോട്ടാ മുംബൈക്ക് പിന്നാലെ മലയാളത്തില്‍ നിന്ന് എത്തിയ റീ റിലീസ് ആയിരുന്നു രാവണപ്രഭു. സൗത്ത് ഇന്ത്യന്‍ ബോക്സ് ഓഫീസിന്‍റെ റിപ്പോര്‍ട്ട് പ്രകാരം 4.70 കോടി രൂപ രാവണപ്രഭു നേടിയിട്ടുണ്ട്.