പ്രശസ്ത സംഗീത സംവിധായകൻ എസ്.പി വെങ്കിടേഷ് (70) ചെന്നൈയിൽ അന്തരിച്ചു. ഹൃദയാഘാതമായിരുന്നു മരണകാരണം. 'രാജാവിന്റെ മകൻ' എന്ന ചിത്രത്തിലൂടെ മലയാളത്തിൽ പ്രശസ്തനായ അദ്ദേഹം 'കിലുക്കം', 'സ്ഫടികം', തുടങ്ങിയ സിനിമകളിലൂടെ നിരവധി ഹിറ്റുകൾ സമ്മാനിച്ചു.

ചെന്നൈ: സംഗീത സംവിധായകൻ എസ്.പി വെങ്കിടേഷ് (70) അന്തരിച്ചു. ചെന്നൈയിലെ വീട്ടിൽവച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.

1955 മാർച്ച് 5-ന് തമിഴ്നാട്ടിൽ ജനിച്ച വെങ്കിടേഷ് 1981ൽ പുറത്തിറങ്ങിയ 'പ്രേമയുദ്ധ' എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംഗീത സംവിധായകനായി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് തമ്പി കണ്ണന്താനം സംവിധാനം ചെയ്‌ത മോഹൻലാൽ ചിത്രം രാജാവിന്റെ മകനിലൂടെ മലയാളത്തിൽ സംഗീതസംവിധായകനായി തുടക്കം കുറിച്ചു.

മലയാളത്തിലെ നിരവധി ഹിറ്റ് ഗാനങ്ങളുടെ സൃഷ്‍ടാവാണ്‌. ഇന്ദ്രജാലം, പൈതൃകം, തുടർക്കഥ, വാത്സല്യം, ജോണിവാക്കർ, കിലുക്കം, ഹിറ്റ്ലർ, സോപാനം, കാബൂളിവാല, മിന്നാരം, സ്ഫടികം തുടങ്ങീ നിരവധി സിനിമകളിലെ സംഗീത പ്രേമികൾ എക്കാലവും ഓർത്തിരിക്കുന്ന ഒരുപിടി ഗാനങ്ങളാണ് എസ്.പി വെങ്കിടേഷ് സമ്മാനിച്ചത്. അപ്പു, മഹായാനം, ദേവാസുരം, തുടങ്ങിയ ചിത്രങ്ങൾക്ക് ചെയ്ത പശ്ചാത്തല സംഗീതം പ്രശസ്തമാണ്. 1985- 2000 കാലത്ത് മലയാള സിനിമയിൽ നിരവധി ഹിറ്റ് ഗാനങ്ങളൊരുക്കാൻ എസ് പി വെങ്കിടേഷിനു കഴിഞ്ഞു. മലയാളം കൂടാതെ തമിഴ്‌, തെലുങ്ക്‌ ചിത്രങ്ങൾക്കു വേണ്ടിയും സംഗീതം നൽകി വരുന്നു.

മലയാളത്തിൽ ഇതു വരെ 150 മലയാളം ചിത്രങ്ങൾക്ക് ഈണം നൽകിയ എസ്.പി വെങ്കിടേഷ് തമിഴ്, കന്നഡ, ബംഗാളി, ഹിന്ദി ഭാഷകളിലായി അഞ്ഞൂറോളം ഗാനങ്ങൾക്കാണ് തന്റെ കരിയറിൽ ഈണമിട്ടത്. തമ്പി കണ്ണന്താനത്തിന്റെ സിനിമകളിലാണ് സംഗീത സംവിധായകനായി ഏറ്റവും കൂടുതൽ പ്രവർത്തിച്ചിട്ടുള്ളത്. ഗിരീഷ് പുത്തഞ്ചേരിയാണ് ഏറ്റവും കൂടുതൽ തവണ എസ്.പി വെങ്കിടേഷിന് വേണ്ടി വരികളെഴുതിയിട്ടുള്ളത്. എസ്.പി വെങ്കിടേഷിന്റെ ഗാനങ്ങൾ ഏറ്റവും കൂടുതൽ ആലപിച്ചത് കെ.എസ് ചിത്രയായിരുന്നു.

മലയാളത്തിന്റെ എവർഗ്രീൻ പാട്ടുകൾ

കുഞ്ഞിക്കിളിയേ കൂടെവിടേ, കിലുകിൽ പമ്പരം, മീനവേനലിൽ, ഊട്ടിപ്പട്ടണം, ശാന്തമീ രാത്രിയിൽ, മുത്തുമണിത്തൂവൽ തരാം, കനകനിലാവേ തുയിലുണരൂ, പാതിരാക്കിളി വരൂ, കറുകവയൽക്കുരുവീ, മാലിനിയുടെ തീരങ്ങൾ, നീലാഞ്ജന പൂവിൻ, അലയും കാറ്റിൻ ഹൃദയം, താ‍മരക്കണ്ണനുറങ്ങേണം, പുത്തൻ‌പുതുക്കാലം മുത്തമിട്ടനേരം, കാബൂളിവാലാ നാടോടി, പാൽനിലാവിനും, നിലാവേ മായുമോ, ഒരു വല്ലം പൊന്നും പൂവും, ചിങ്കാരക്കിന്നാരം ചിരിച്ചു കൊഞ്ചുന്ന, ആറ്റിറമ്പിലാല്‍‌മരത്തില്‍, ഏഴിമല പൂഞ്ചോല, പരുമലച്ചെരുവിലെ, നീയുറങ്ങിയോ നിലാവേ തുടങ്ങീ സംഗീത പ്രേമികൾ എല്ലാക്കാലവും ഓർത്തിരിക്കുന്ന എവർഗ്രീൻ ഹിറ്റുകൾ നൽകിക്കൊണ്ടാണ് എസ്.പി വെങ്കിടേഷ് വിട പറയുന്നത്.

വെങ്കിടേഷിന്റെ അച്ഛൻ പഴനി ഒരു മാൻഡലിൻ വാദകനായിരുന്നു. അച്ഛന്റെ ശിഷ്യത്വം സ്വീകരിച്ച് മൂന്നുവയസ്സുമുതൽക്കുതന്നെ വെങ്കിടേഷ് മാന്റലിൽ വായിക്കാൻ തുടങ്ങി ശേഷം ഗിറ്റാറും മറ്റ് സംഗീതോപകരണങ്ങളും പഠിച്ചെടുത്തു. രവീന്ദ്രൻ, എ.ടി ഉമ്മർ എന്നിവരുടെ സംഗീത സഹായിയായി കരിയറിന്റെ തുടക്കകാലത്ത് അദ്ദേഹം പ്രവർത്തിച്ചിരുന്നു.

YouTube video player