രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ഓണപ്പാട്ടുമായി ഈസ്റ്റ് കോസ്റ്റ് വിജയൻ; ‘ഓണം വൈബ് 2026’ എത്തി

Published : Aug 19, 2026, 08:49 AM IST
Onam Vibe 2026 Onam Song East Coast Vijayan

Synopsis

പ്രണയഗാനങ്ങളിലൂടെ സംഗീതലോകത്ത് തരംഗം സൃഷ്ടിച്ച ഈസ്റ്റ് കോസ്റ്റ് വിജയൻ പുതിയ ഓണപ്പാട്ടുമായി എത്തുന്നു

സിനിമാ ഗാനങ്ങളെക്കാൾ ജനകീയമായി മാറിയ ഒരുപിടി സിനിമേതര പ്രണയഗാനങ്ങൾ സമ്മാനിച്ചുകൊണ്ട് മലയാള ഗാന രംഗത്ത് കടന്നുവന്ന ഈസ്റ്റ് കോസ്റ്റ് എല്ലാ അർത്ഥത്തിലും പുതിയൊരു സംഗീത സംസ്കാരത്തിന് തുടക്കം കുറിച്ചിട്ട്‌ ഏതാണ്ട് മൂന്ന് പതിറ്റാണ്ടുകൾ പൂർത്തിയാവാൻ പോവുകയാണ്. അങ്ങനെ ഈസ്റ്റ് കോസ്റ്റ് വിജയന്റെ രചനയിൽ ഈസ്റ്റ് കോസ്റ്റ് ഓഡിയോസ് പുറത്തിറക്കിയ പ്രണയഗാനങ്ങൾ മലയാള സംഗീതവിപണിയിൽ പുതിയൊരു അധ്യായത്തിന് തുടക്കമിട്ടിരുന്നു.

നിഷ്കളങ്കതയുടെ അനുരാഗസങ്കൽപ്പമായി മാറിയ ‘നിനക്കായ് ', ആദ്യാനുഭവങ്ങളുടെ അപൂർവ രാഗങ്ങളുമായി എത്തിയ ‘ആദ്യമായ് ', ഹൃദയരാഗങ്ങളുടെ സ്നേഹഗീതമായി ആസ്വാദകർ താലോലിച്ച ‘ഓർമ്മയ്ക്കായ് ', അനുരാഗത്തിന്റെ ആത്മഗീതമായി മാറിയ ‘സ്വന്തം’, സ്നേഹലാളനങ്ങളുടെ ആത്മരാഗമായി ഓർമ്മയിൽ സൂക്ഷിച്ച ‘ഇനിയെന്നും’, അനുരാഗസന്ദേശങ്ങളുടെ അനശ്വരഗാനമായി നെഞ്ചേറ്റിയ ‘എന്നെന്നും’, പ്രണയാനുഭവങ്ങളുടെ മധുരമുള്ള ഓർമ്മകളുമായി എത്തിയ ‘വീണ്ടും’—ഇങ്ങനെ മലയാളികൾക്ക് പ്രണയത്തെ പുതിയൊരു സംഗീതാനുഭവമായി സമ്മാനിച്ച ഗാനങ്ങളുമായി ഈസ്റ്റ് കോസ്റ്റ് വിജയൻ സംഗീതരംഗത്ത് നിറഞ്ഞുനിന്നു.

എന്നാൽ ഈ സംഗീതയാത്ര പ്രണയഗാനങ്ങളിൽ മാത്രം ഒതുങ്ങിയില്ല. സിനിമാഗാനങ്ങൾ, ഭക്തിഗാനങ്ങൾ, മാപ്പിളപ്പാട്ടുകൾ, ഗസലുകൾ, നാടകഗാനങ്ങൾ, നാടൻപാട്ടുകൾ, കവിതകൾ, ഓണപ്പാട്ടുകൾ തുടങ്ങി വൈവിധ്യമാർന്ന സംഗീതശാഖകളിലേക്കും ഈസ്റ്റ് കോസ്റ്റ് ബാനർ കടന്നുചെന്നു. ഓരോ വിഭാഗത്തിലും വേറിട്ടൊരു ആസ്വാദകവൃന്ദത്തെ സ്വന്തമാക്കാനും ഈസ്റ്റ് കോസ്റ്റിന് കഴിഞ്ഞു. വീണ്ടുമൊരു ഓണക്കാലം എത്തുമ്പോൾ മലയാളികളുടെ ആഘോഷങ്ങൾക്ക് പുതുമയാർന്ന നിറം പകരാൻ ഈസ്റ്റ് കോസ്റ്റ് വിജയൻ പുതിയ ഓണപ്പാട്ടുമായി എത്തിയിരിക്കുകയാണ്. മലയാളികൾ നെഞ്ചേറ്റിയ ‘ബാല്യകാലസ്മൃതികളായി ഓണം’ എന്ന മ്യൂസിക് വീഡിയോയ്ക്ക് ശേഷം ഈസ്റ്റ് കോസ്റ്റ് വിജയൻ ഒരുക്കിയ പുതിയ ഓണപ്പാട്ടാണ് ‘ഓണം വൈബ് 2026’.

‘ഓണം വൈബ് 2026’ മ്യൂസിക് വീഡിയോയുടെ ഗാനരചനയും സംവിധാനവും ഈസ്റ്റ് കോസ്റ്റ് വിജയൻ തന്നെയാണ് നിർവ്വഹിച്ചിരിക്കുന്നത്. കാലത്തിനൊത്ത് നിരന്തരം പുതുമ തേടുന്ന അദ്ദേഹത്തിന്റെ സമീപനം തന്നെയാണ് ‘ഓണം വൈബ് 2026’ലും പ്രകടമാകുന്നത്. ഓണത്തിന്റെ ഗൃഹാതുരതയും ആഘോഷത്തിമിർപ്പും സമന്വയിപ്പിച്ച് ജെൻ സി തലമുറയ്ക്കും പഴയ തലമുറയ്ക്കും ഒരുപോലെ ആസ്വദിക്കാവുന്ന രീതിയിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്.

'ഭീഷ്മരിലൂടെ' മലയാളികൾക്ക് സുപരിചിതയായ അമ്മേരയും നടൻ സന്തോഷ് കീഴാറ്റൂരും പ്രധാന വേഷങ്ങളിലെത്തുന്ന വീഡിയോയിൽ പുതുതലമുറയ്ക്ക് അവസരങ്ങൾ നൽകുന്ന പതിവ് ഇത്തവണയും ഈസ്റ്റ് കോസ്റ്റ് വിജയൻ തുടരുകയാണ്. സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമായ ശ്രീജിത്ത് പ്രധാന വേഷത്തിലെത്തുമ്പോൾ യുവഗായകരായ സൂര്യനാരായണനും ദേവനന്ദയും ഈസ്റ്റ് കോസ്റ്റ് ബാനറിലൂടെ അരങ്ങേറ്റം കുറിക്കുന്നു. ടീം ഈസ്റ്റ് കോസ്റ്റ് ആണ് ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ഓണത്തിന്റെ തനിമയും കേരളീയ ആഘോഷങ്ങളുടെ വൈവിധ്യവും ദൃശ്യവത്കരിക്കുന്ന മ്യൂസിക് വീഡിയോയിൽ ഇരുന്നൂറിലധികം ജൂനിയർ ആർട്ടിസ്റ്റുകൾക്കൊപ്പം വിവിധ ഓണക്കളികളും കേരളീയ കലാരൂപങ്ങളും അണിനിരക്കുന്നുണ്ട്. ഡാന്‍സ് കൊറിയോഗ്രാഫി നിര്‍വഹിച്ചിരിക്കുന്നത് ശാന്തി മാസ്റ്റര്‍ ആണ്.

ഛായാഗ്രഹണം എല്‍ദോ ഐസക്, പ്രോജക്റ്റ് ഡിസൈനര്‍ സജിത്ത് കൃഷ്ണന്‍, എഡിറ്റിംഗ് മനു ബാലകൃഷ്ണന്‍, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ് റഹിം കൊടുങ്ങല്ലൂര്‍, ടൈറ്റില്‍ മ്യൂസിക് ആന്‍ഡ്‌ പ്രോഗ്രാമിംഗ് മധു പോള്‍, മിക്സിംഗ് മാസ്റ്ററിംഗ് അശ്വിന്‍ കുമാര്‍, ടൈറ്റില്‍ ഗ്രാഫിക്സ് നിഥിന്‍ റാം നെടുവത്തൂര്‍, കളറിസ്റ്റ് ലിജു പ്രഭാകര്‍, ഡി ഐ രംഗ്റേയ്സ്, അസോസിയേറ്റ് ഡയറക്ടര്‍മാര്‍ സുഭാഷ് ഇളമ്പല്‍, പ്രസാദ്‌ യാദവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാജേഷ്‌ തിലകം, സ്റ്റില്‍സ് ആന്‍ഡ്‌ മേക്കിംഗ് വീഡിയോ അജി മസ്ക്കറ്റ്, റിജോയ്, എ ഐ ആര്‍ട്ടിസ്റ്റ് നസീം വൈ എന്‍, ഓണക്കളി അറേഞ്ച്മെന്റ്സ് ഭാഗ്യരാജ് പറളി. യൂട്യൂബില്‍ റിലീസ് ചെയ്ത മ്യൂസിക് വീഡിയോയുടെ ഓഡിയോ എല്ലാ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിലും ലഭ്യമാണ്.

PREV
Read more Articles on
click me!

Recommended Stories

രജനികാന്തിന്റെ 'ജയിലർ 2'ലെ ആദ്യ​ഗാനം റിലീസിന് ഒരുങ്ങുന്നു
'ജനനായകനി'ലെ മനോഹര മെലഡി ​ഗാനം റിലീസ് ചെയ്തു