'ഒരേ പകല്‍..'; 'ദൃശ്യം 2'ലെ ആദ്യഗാനം എത്തി

By Web TeamFirst Published Feb 10, 2021, 5:32 PM IST
Highlights

'ദൃശ്യ'ത്തിന്‍റെ സംഗീത സംവിധായകന്‍ അനില്‍ ജോണ്‍സണ്‍ തന്നെയാണ് രണ്ടാംഭാഗത്തിലും ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്

സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ജീത്തു ജോസഫ്-മോഹന്‍ലാല്‍ ചിത്രം 'ദൃശ്യം 2' ഈ മാസം 19ന് ആമസോണ്‍ പ്രൈമിലൂടെ ഡയറക്ട് ഒടിടി റിലീസ് ആയി എത്തുകയാണ്. ചിത്രത്തിന്‍റെ ടീസറും ട്രെയ്‍ലറും പ്രൊമോ വീഡിയോകളുമൊക്കെ നേരത്തെ പുറത്തെത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യഗാനവും പുറത്തെത്തിയിരിക്കുകയാണ്. സൈന മ്യൂസിക് ആണ് ചിത്രത്തിലെ ആദ്യഗാനം പുറത്തുവിട്ടിരിക്കുന്നത്.

'ദൃശ്യ'ത്തിന്‍റെ സംഗീത സംവിധായകന്‍ അനില്‍ ജോണ്‍സണ്‍ തന്നെയാണ് രണ്ടാംഭാഗത്തിലും ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. 'ഒരേ പകല്‍' എന്നു തുടങ്ങുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്. പാടിയിരിക്കുന്നത് സൊനോബിയ സഫര്‍. ചിത്രത്തിന്‍റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്തെത്തിയിരിക്കുന്നത്. 

2013ല്‍ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന്‍റെ രണ്ടാംഭാഗമായി എത്തുന്ന ചിത്രം കൊവിഡ് കാലത്താണ് പ്രഖ്യാപിക്കപ്പെട്ടത്. കൊച്ചിയിലും തൊടുപുഴയിലുമായിട്ടായിരുന്നു ചിത്രീകരണം. ആദ്യഭാഗത്തിലെ മിക്ക അഭിനേതാക്കളും എത്തുന്ന രണ്ടാംഭാഗത്തില്‍ ആദ്യഭാഗത്തില്‍ ഇല്ലാതിരുന്ന ചില താരങ്ങളും എത്തുന്നുണ്ട്. ഗണേഷ് കുമാര്‍, മുരളി ഗോപി, സായ്‍കുമാര്‍ എന്നിവരാണ് അവരില്‍ പ്രധാനികള്‍. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ രചനയും സംവിധാനവും ജീത്തു ജോസഫ്. ഛായാഗ്രഹണം സതീഷ് കുറുപ്പ്. എഡിറ്റിംഗ് വി എസ് വിനായക്. ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് അര്‍ഫാസ് അയൂബ്, സുധീഷ് രാമചന്ദ്രന്‍.

click me!