ജിത്തു മാധവൻ സംവിധാനം ചെയ്ത് സൂര്യ നായകനാകുന്ന 'സീൻ' എന്ന ചിത്രത്തിലെ ആദ്യ ഗാനം എട്ടാം തീയതി പുറത്തിറങ്ങും
മലയാളികളുടെ പ്രിയ സംഗീത സംവിധായകനായ സുഷിന്‍ ശ്യാമിന്‍റെ തമിഴ് അരങ്ങേറ്റ ചിത്രമാണ് സീന്‍. സൂര്യയെ നായകനാക്കി മലയാളി സംവിധായകന്‍ ജിത്തു മാധവന്‍ ഒരുക്കുന്ന ചിത്രമാണ് അത്. ആവേശവും രോമാഞ്ചവും ഒരുക്കിയ സംവിധായകനൊപ്പം സൂര്യ എത്തുമ്പോള്‍ പ്രേക്ഷകര്‍ ആവേശത്തിലാണ്. സുഷിന്‍ ആരാധകരെ സംബന്ധിച്ചും ഏറെ പ്രാധാന്യമുള്ള ചിത്രമാണ് ഇത്. നസ്‍ലെനും നസ്രിയയും ചിത്രത്തില്‍ സൂര്യയ്ക്കൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു എന്നത് മറ്റൊരു കൗതുകം. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒരു പുതിയ അനൗണ്‍സ്മെന്‍റ് പുറത്തെത്തിയിരിക്കുകയാണ്. ചിത്രത്തിലെ ആദ്യ ഗാനം സംബന്ധിച്ചാണ് അത്. ചിത്രത്തിന്‍റെ ഫസ്റ്റ് സിംഗിള്‍ മറ്റന്നാള്‍, എട്ടാം തീയതി പുറത്തെത്തും.
മാസ് ആക്ഷൻ എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തിൽ നസ്‍ലെന്‍ വില്ലൻ വേഷത്തിലാണ് എത്തുകയെന്ന ചർച്ചകൾ ടീസറിന് പിന്നാലെ സിനിമാസ്വാദകർക്കിടയിൽ ഉണ്ടായിട്ടുണ്ട്. നസ്രിയ ആണ് സീനിൽ നായികയായി എത്തുന്നത്. ചിത്രം ദീപാവലി റിലീസായി നവംബർ 6ന് തിയറ്ററുകളിൽ എത്തും. കറുപ്പ്, വിശ്വനാഥ് ആൻഡ് സൺസ് എന്നീ വിജയചിത്രങ്ങൾക്ക് ശേഷമെത്തുന്ന സൂര്യ ചിത്രമായത് കൊണ്ട് തന്നെ വലിയ പ്രതീക്ഷയിലാണ് സൂര്യ ആരാധകരും. തുടർച്ചയായി മൂന്നാം വിജയം സീനിലൂടെ സൂര്യ നേടുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
കഴിഞ്ഞ വർഷം അവസാനമാണ് ചെന്നൈയിൽ നടന്ന പൂജ ചടങ്ങുകളോടെ ഈ ചിത്രം ആരംഭിച്ചത്. ചിത്രത്തിന് കേരളത്തിലും ചിത്രീകരണം ഉണ്ടായിരുന്നു. സൂര്യയുടെ കരിയറിലെ 47-ാമത് ചിത്രം കൂടിയാണിത്. ജോൺ വിജയ്, ആനന്ദ് രാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് സോണി മ്യൂസിക് ആണ്. സഗരം സ്റ്റുഡിയോസിന്റെ ബാനറിൽ നടി ജ്യോതിക ആണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം വിനീത് ഉണ്ണി പാലോട്, സംഗീതം സുഷിൻ ശ്യാം, എഡിറ്റിംഗ് അജ്മൽ സാബു, പ്രൊഡക്ഷൻ ഡിസൈൻ അശ്വിനി കാലേ, സംഘട്ടനം ചേതൻ ഡിസൂസ, പിആർഒ ശബരി എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ. ആവേശം സംവിധായകന്‍റെ സൂര്യ ചിത്രം എന്ന നിലയില്‍ പ്രീ റിലീസ് ഹൈപ്പ് നേടിയിരിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്‍റെ ഒടിടി അവകാശം വന്‍ തുകയ്ക്ക് വിറ്റു പോയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

