
തമിഴ് സിനിമയില്‍ ഈ വര്‍ഷം ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തി എത്തിയ ചിത്രമായിരുന്നു കൂലി. ലോകേഷ് കനകരാജിന്‍റെ സംവിധാനത്തില്‍ രജനികാന്ത് ആദ്യമായി നായകനാവുന്നു എന്നത് തന്നെയായിരുന്നു ചിത്രത്തിന്‍റെ പ്രധാന യുഎസ്‍പി. കൈതി മുതലിങ്ങോട്ടുള്ള തുടര്‍ വിജയങ്ങള്‍ക്ക് പിന്നാലെ ലോകേഷ് ഒരുക്കുന്ന ചിത്രമായതിനാല്‍ ഇന്‍ഡസ്ട്രിക്ക് വലിയ പ്രതീക്ഷയായിരുന്നു ഈ ചിത്രത്തില്‍. എന്നാല്‍ ലോകേഷ് ഇതുവരെ ഒരുക്കിയവയില്‍ ഏറ്റവും മോശം അഭിപ്രായം നേടിയ ചിത്രമായി റിലീസിന് ശേഷം കൂലി മാറി. അതിനാല്‍ പ്രതീക്ഷയ്ക്കൊത്ത് ചിത്രത്തിന്‍റെ കളക്ഷന്‍ ഉയര്‍ന്നില്ലെങ്കിലും പരാജയമായില്ല. മാത്രമല്ല തമിഴ് സിനിമയില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഗ്രോസറുമായി കൂലി. ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.
പവര്‍ഹൗസ് എന്ന ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. അറിവിന്‍റെ വരികള്‍ക്ക് അനിരുദ്ധ് രവിചന്ദറാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. അറിവും അനിരുദ്ധും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. കരിയറിലെ ഏറ്റവും വലിയ വിജയമായി മാറിയ, വിജയ് ചിത്രം ലിയോയ്ക്ക് ശേഷം ലോകേഷിന്‍റെ സംവിധാനത്തില്‍ എത്തുന്ന ചിത്രമാണ് കൂലി. എന്നാല്‍ ലിയോ പോലെ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്‍റെ ഭാഗമായുള്ള ചിത്രമല്ല ഇത്. മറിച്ച് ഇന്‍ഡിപെന്‍ഡന്‍റ് ചിത്രമാണ്. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ ദേവ എന്ന കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിക്കുന്നത്. സൌബിന്‍ ഷാഹിര്‍ ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദയാല്‍ എന്നാണ് ഈ കഥാപാത്രത്തിന്‍റെ പേര്.
ഉപേന്ദ്ര, നാഗാര്‍ജുന, ശ്രുതി ഹാസന്‍, സത്യരാജ് എന്നിവര്‍ക്കൊപ്പം ബോളിവുഡ് സൂപ്പര്‍ താരം ആമിര്‍ ഖാന്‍റെ അതിഥിവേഷവും ചിത്രത്തിലുണ്ട്. സണ്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഗിരീഷ് ഗംഗാധരനാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. ഒരു ലോകേഷ് ചിത്രത്തിന് ഗിരീഷ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് രണ്ടാം തവണയാണ്. കമല്‍ ഹാസന്‍ നായകനായ വിക്രം ചിത്രീകരിച്ചത് ഗിരീഷ് ആയിരുന്നു. ഫിലോമിന്‍ രാജ് ആണ് എഡിറ്റിംഗ്. മോശം അഭിപ്രായം വന്നെങ്കിലും ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 500 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം 517.06 കോടിയാണ് ചിത്രത്തിന്‍റെ ഇതുവരെയുള്ള കളക്ഷന്‍. ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ആയിരുന്നു ചിത്രത്തിന്‍റെ ഒടിടി റിലീസ്.