Bermuda Song : മോഹൻലാലിന്റെ ശബ്ദത്തിൽ 'ചോദ്യചിഹ്നം പോലെ'; 'ബർമുഡ' സ്റ്റുഡിയോ കട്ട്

By Web TeamFirst Published Aug 5, 2022, 6:03 PM IST
Highlights

ഫഹദ് ഫാസിലിന്റെ സോഷ്യൽ മീഡിയ പേജ് വഴിയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. 

ഷെയ്ൻ നി​ഗമിനെ നായകനാക്കി ടി കെ രാജീവ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ബര്‍മുഡ'(Bermuda). ഷെയ്‍ന്‍ നിഗം, വിനയ് ഫോര്‍ട് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ലിറിക് വീഡിയോ രണ്ട് ദിവസം മുൻപ് പുറത്തുവന്നിരുന്നു. മോഹൻലാൽ പാടിയ 'ചോദ്യചിഹ്നം പോലെ' എന്ന ​ഗാനം ഇതിനോടകം പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. ഇപ്പോഴിതാ ​ഗാനത്തിന്റെ സ്റ്റുഡിയോ കട്ട് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഫഹദ് ഫാസിലിന്റെ സോഷ്യൽ മീഡിയ പേജ് വഴിയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. 

മോഹൻലാൽ റെക്കോർഡിം​ഗ് സ്റ്റുഡിയോയിൽ  പാടുന്നതും ഷെയ്നിന്റെ ചിത്രത്തിലെ ഏതാനും സീനുകളും കോർത്തിണക്കിയാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് സം​ഗീതം നൽകിയിരിക്കുന്നത് രമേഷ് നാരായണൻ ആണ്. പാട്ടിനെയും മോഹൻലാലിന്റെ ആലാപനത്തെയും പ്രശംസിച്ച് കൊണ്ട് നിരവധി പേരാണ് രം​ഗത്തെത്തുന്നത്. നേരത്തെ ടി കെ രാജീവ് കുമാറിന്റെ തന്നെ 'കണ്ണെഴുതി പൊട്ടുംതൊട്ട്' എന്ന ചിത്രത്തിലും മോഹൻലാൽ പാടിയിരുന്നു. ചിത്രത്തിലെ 'കൈതപ്പൂവിൻ കന്നികുറുമ്പിൽ' എന്ന് തുടങ്ങുന്ന ​ഗാനം ഇന്നും മലയാളികളുടെ ഇഷ്‍ടഗാനങ്ങളിൽ ഒന്നാണ്. 

ഓ​ഗസ്റ്റ് 19നാകും ഷെയ്ൻ നി​ഗം ബെർമുഡ പ്രേക്ഷകർക്ക് മുന്നിലെത്തുക. വെയിൽ എന്ന ചിത്രത്തിന് ശേഷം ഷെയ്ൻ നി​ഗം നായകനായി എത്തുന്ന ചിത്രത്തിൽ  കശ്‍മീരി നടി ഷെയ്‍ലീ കൃഷന്‍ ആണ് നായികയാവുന്നത്. നവാഗതനായ കൃഷ്‍ണദാസ് പങ്കി രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ 'ഇന്ദുഗോപന്‍' എന്ന കഥാപാത്രത്തെയാണ് ഷെയ്‍ന്‍ നിഗം അവതരിപ്പിക്കുന്നത്. കോമഡി ഡ്രാമ വിഭാഗത്തില്‍ പെടുന്നതാണ് ചിത്രം.

ഹരീഷ് കണാരന്‍, സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജന്‍ സുദര്‍ശന്‍, ദിനേശ് പണിക്കര്‍, കോട്ടയം നസീര്‍, ശ്രീകാന്ത് മുരളി, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിന്‍ ഷെറീഫ്, ഷൈനി സാറ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. 24 ഫ്രെയിംസിന്‍റെ ബാനറില്‍ സൂരജ് സി കെ, ബിജു സി കെ, ബാദുഷ എന്‍ എം എന്നിവരാണ് നിര്‍മ്മിക്കുന്നത്. മണി രത്നത്തിന്‍റെ അസോസിയേറ്റ് ആയി പ്രവര്‍ത്തിച്ച ഷെല്ലി കാലിസ്റ്റ് ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ്. സംഗീതം രമേഷ് നാരായണ്‍. കലാസംവിധാനം ദിലീപ് നാഥ്. സൗണ്ട് ഡിസൈനര്‍ അജിത്ത് എബ്രഹാം. വിഷ്വല്‍ ഡിസൈനര്‍ മുഹമ്മദ് റാസി. വസ്ത്രാലങ്കാരം സമീറ സനീഷ്. ചമയം അമല്‍ ചന്ദ്രന്‍. ചീഫ് അസോസിയേറ്റ് ഡയറക്റ്റേഴ്സ് കെ രാജേഷ്, ഷൈനി ബെഞ്ചമിന്‍. നൃത്തസംവിധാനം പ്രസന്ന സുജിത്ത്. സ്റ്റില്‍സ് ഹരി തിരുമല.

'തൂവാനത്തുമ്പികൾ' ഹൃദയത്തിൽ ചേർത്തുവച്ച സിനിമ, ക്ലാരയെ ഓർക്കുന്നു: ബർമുഡ ഓഡിയോ ലോഞ്ചിൽ മോഹൻലാൽ

click me!