
മലയാളത്തിന്റെ പ്രിയ താരമാണ് സൗബിൻ ഷാഹിർ. സംവിധാന സഹായിയായും ജൂനിയർ ആർട്ടിസ്റ്റായും ഒരുപാട് കാലം സിനിമയുടെ അണിയറയിൽ നിശബ്ദനായി നിന്ന സൗബിന്റെ മുഖം കണ്ടാൽ പ്രേക്ഷകർക്ക് സുപരിചിതമാകുന്നത് 2015ലാണ്. അതും പ്രേമത്തിലൂടെ. പിന്നീട് ഒട്ടനവധി സിനിമകളില്‍ താരമായി മാറിയ സൗബിൻ മഞ്ഞുമ്മൾ ബോയ്സ് എന്ന ഒറ്റ ചിത്രത്തിലൂടെ പാൻ ഇന്ത്യൻ തലത്തിൽ തന്നെ ശ്രദ്ധനേടി. നിലവിൽ രജനികാന്തിനൊപ്പം സ്ക്രീൻ പങ്കിട്ടിരിക്കുകയാണ് താരം. കൂലി എന്ന ചിത്രത്തിൽ പ്രധാന വേഷത്തിലാണ് സൗബിൻ എത്തുന്നത്.
തമിഴ് സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുന്ന കൂലിയിലെ മോണിക്ക സോങ്ങിലൂടെ സൗബിൻ ഷാഹിർ ഇപ്പോൾ ട്രെന്റിങ്ങിലാണ്. കഴിഞ്ഞ ദിവസം ആയിരുന്നു പൂജ ഹെഗ്ഡെയുടെ മോണിക്ക ഗാനം റിലീസ് ചെയ്തത്. അതിന് മുൻപ് വന്ന പ്രൊമോയിൽ സൗബിന്റെ ഡാൻസ് ഉണ്ടെന്ന് വ്യക്തമായിരുന്നുവെങ്കിലും ഇന്നലെ ഏവരെയും ഞെട്ടിച്ച് കൊണ്ടുള്ള പ്രകടനമാണ് നടൻ കാഴ്ചവച്ചത്. പക്കാ എനർജെറ്റിക്കായി സൗബിൻ നിറഞ്ഞാടിയപ്പോൾ, പൂജ ഹെഗ്ഡെ വരെ സൈഡായി.
'മലയാളി എന്ന നിലയിൽ ഗൂസ്ബമ്പ് അടിച്ച നിമിഷം..സൗബിൻ ചുമ്മാ തകർത്തു, സൗബിൻ ഓൺ ഫയർ മോഡ്, എന്തൊരു എനർജിയാണ് സൗബിന്. തീയേറ്റർ നിന്ന് കത്തിക്കും ഉറപ്പ്', എന്നൊക്കെയാണ് കമന്റുകൾ. മലയാളികൾക്ക് പുറമെ ഇതര ഭാഷക്കാരും സൗബിനെ പ്രശംസിച്ച് കൊണ്ട് രംഗത്ത് എത്തുന്നുണ്ട്.
അതേസമയം മോണിക്ക ഗാനത്തിൽ മാത്രമാണ് പൂജ ഹെഗ്ഡെയുള്ളത്. ഇതിനായി മൂന്ന് മുതൽ അഞ്ച് കോടി വരെയാണ് നടി പ്രതിഫലമായി വാങ്ങിയതെന്നാണ് റിപ്പോർട്ടുകൾ. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി ഓഗസ്റ്റ് 14ന് തിയറ്ററുകളിൽ എത്തും. നാഗാർജുന, ഉപേന്ദ്ര, സത്യരാജ്, ശ്രുതി ഹാസൻ, റീബ മോണിക്ക ജോൺ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തും.