
സൂര്യയെ നായകനാക്കി വെങ്കി അറ്റ്ലൂരി ഒരുക്കുന്ന 'വിശ്വനാഥ് ആൻഡ് സൺസ്' എന്ന ചിത്രത്തിലെ മറ്റൊരു ഗാനം കൂടി അണിയറക്കാര്‍ പുറത്തുവിട്ടു. ചിത്രത്തിലെ വെഡ്ഡിംഗ് സോംഗ് ആണ് പുറത്തെത്തിയിരിക്കുന്നത്. കെന്‍ കരുണാസിന്‍റെ വരികള്‍ക്ക് ജി വി പ്രകാശ് കുമാര്‍ ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ആലാപനം നായകനായ സൂര്യയുടേത് തന്നെ. ഓഗസ്റ്റ് 14 ന് തിയറ്ററുകളിലെത്തിയ ചിത്രത്തില്‍ മമിത ബൈജുവാണ് സൂര്യയുടെ നായികയായി എത്തിയത്. ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ഇതിനകം 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിട്ടുണ്ട്.
ചിത്രം കേരളത്തിലെ തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിച്ചത് ന്യൂ സൂര്യ ഫിലിംസ് ആണ്. ഫോർച്യൂൺ ഫോര്‍ സിനിമാസുമായി ചേര്‍ന്ന് സിതാര എന്‍റര്‍ടെയ്ന്‍മെന്‍റ്സ് ബാനറിൽ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവരാണ് നിർമ്മിച്ചിരിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. റിലീസിന് മുൻപ് തന്നെ 300 കോടിയുടെ ബിസിനസ് നടത്തി റെക്കോർഡ് സൃഷ്ടിച്ച ചിത്രം വാർത്തകളിൽ നിറഞ്ഞിരുന്നു. സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ പ്രീ റിലീസ് ബിസിനസ് ആണ് ചിത്രം നേടിയത്. ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് നെറ്റ്ഫ്ലിക്സ് ആണ് സ്വന്തമാക്കിയത്. 85 കോടിയോളം രൂപയ്ക്കാണ് ചിത്രത്തിന്റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത്.
സൂര്യയുടെ കരിയറിലെ നാല്പത്തിയാറാം ചിത്രമായി എത്തിയ വിശ്വനാഥ് ആൻഡ് സൺസ് ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി ഒരുക്കുന്ന ചിത്രമാണ്. സംവിധായകൻ വെങ്കി അറ്റ്ലൂരി തന്നെയാണ് ചിത്രം രചിച്ചിരിക്കുന്നതും. രവീണ ടണ്ഡന്‍, രാധിക ശരത്കുമാര്‍, ഭവാനി ശ്രീ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ഒരു പക്കാ ഫാമിലി എന്റെർറ്റൈനെർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം നിമിഷ് രവി, സംഗീതം ജി വി പ്രകാശ് കുമാർ, എഡിറ്റർ നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈനർ ബംഗ്ലാൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ യലമഞ്ചിളി ഗോപാല കൃഷ്ണ (നാനി), ലൈൻ പ്രൊഡ്യൂസർ കരുമാഞ്ചി ഉമാ മഹേശ്വര റാവു, കലാസംവിധായകർ ശിവ കാമേഷ് ഡി, ജിത്തു സെബാസ്റ്റ്യൻ, ഫൈറ്റ് മാസ്റ്റർ വി വെങ്കട്ട്.