24 വര്‍ഷത്തിനുശേഷം ഒഫിഷ്യല്‍ റിലീസ്; 'അനിയത്തിപ്രാവി'ല്‍ ഉള്‍പ്പെടുത്താതിരുന്ന ആ ഗാനം

By Web TeamFirst Published Jul 4, 2021, 11:35 AM IST
Highlights

റെക്കോര്‍ഡ് ചെയ്‍തിട്ട്, സിനിമയില്‍ ഉള്‍പ്പെടുത്താതിരുന്ന ഗാനം

ഗാനങ്ങള്‍ കൊണ്ടും ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു ഫാസിലിന്‍റെ സംവിധാനത്തില്‍ 1997ല്‍ പുറത്തിറങ്ങി, വലിയ ബോക്സ്ഓഫീസ് വിജയം നേടിയ 'അനിയത്തിപ്രാവ്'. കുഞ്ചാക്കോ ബോബന്‍റെ നായക അരങ്ങേറ്റ ചിത്രത്തില്‍ ശാലിനി ആയിരുന്നു നായിക. ഔസേപ്പച്ചന്‍ സംഗീതസംവിധാനം നിര്‍വ്വഹിച്ച ചിത്രത്തിലെ അഞ്ച് ഗാനങ്ങളും ഇപ്പോഴും മലയാളികള്‍ കേട്ടുകൊണ്ടിരിക്കുന്നവയാണ്. എസ് രമേശന്‍ നായരുടേതായിരുന്നു വരികള്‍. എന്നാല്‍ റെക്കോര്‍ഡ് ചെയ്‍തിട്ട് ചിത്രത്തില്‍ ഉള്‍പ്പെടുത്താതിരുന്ന ഒരു ഗാനവും ഉണ്ടായിരുന്നു. കഴിഞ്ഞ മാസം എസ് രമേശന്‍ നായരുടെ വിയോഗസമയത്താണ് ഈ ഗാനത്തെക്കുറിച്ച് ഔസേപ്പച്ചന്‍ ആദ്യമായി ആസ്വാദകരോട് പറയുന്നത്. റെക്കോര്‍ഡിംഗ് ക്വാളിറ്റിയില്‍ അല്ലാതെയുള്ള ഒരു പ്രിന്‍റും അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ഗാനത്തിന്‍റെ ഒഫിഷ്യല്‍ യുട്യൂബ് റിലീസും നടന്നിരിക്കുകയാണ്. 

'തേങ്ങുമീ വീണയില്‍' എന്നാരംഭിക്കുന്ന ഗാനം യേശുദാസും ചിത്രയും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. മുന്‍നിശ്ചയപ്രകാരമുള്ള ക്ലൈമാക്സില്‍ പിന്നീട് മാറ്റം വന്നതോടെയാണ് ഈ ഗാനം ചിത്രത്തില്‍ നിന്ന് ഫാസില്‍ ഒഴിവാക്കിയത്. കുഞ്ചാക്കോ ബോബനും ഔസേപ്പച്ചനും ഫേസ്ബുക്കിലൂടെ ഗാനം പങ്കുവച്ചിട്ടുണ്ട്. സത്യം വീഡിയോസ് ആണ് ഗാനം യുട്യൂബിലൂടെ റിലീസ് ചെയ്‍തിരിക്കുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!