
പ്രമുഖ കെ-പോപ്പ് ബോയ് ഗ്രൂപ്പായ 'സീറോബേസ് വൺ' (ZB1) ഇനി മുതൽ അഞ്ചംഗ സംഘമായി പ്രവർത്തനം തുടരുമെന്ന് റിപ്പോർട്ട്. ഗ്രൂപ്പിന്റെ മാനേജ്‌മെന്റ് ഏജൻസിയായ വേക്കോൺ ആണ് ഈ സുപ്രധാന വിവരം പുറത്തുവിട്ടത്. 2023-ൽ പ്രശസ്തമായ 'ബോയ്സ് പ്ലാനറ്റ്' എന്ന ഓഡിഷൻ പരിപാടിയിലൂടെ രൂപംകൊണ്ട ഈ ഒൻപതംഗ സംഘം, നിശ്ചിത കാലയളവിലേക്കുള്ള ഒരു പ്രോജക്റ്റ് ഗ്രൂപ്പായിരുന്നു. കരാർ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ഗ്രൂപ്പിൽ ഈ മാറ്റങ്ങൾ സംഭവിക്കുന്നത്. സങ് ഹാൻ-ബിൻ, കിം ജി-വൂംഗ്, സിയോക് മാത്യു, കിം തേ-റേ, പാർക്ക് ഗൺ-വൂക്ക് എന്നീ അഞ്ച് അംഗങ്ങളാണ് പുതിയ സീസണിലും ഗ്രൂപ്പിൽ തുടരാൻ ധാരണയിലെത്തിയത്. ഇവർ തമ്മിലുള്ള ശക്തമായ ഐക്യവും വിശ്വാസവുമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിച്ചതെന്ന് ഏജൻസി വ്യക്തമാക്കി.
അതേസമയം, പ്രശസ്തരായ മറ്റ് നാല് അംഗങ്ങൾ ഗ്രൂപ്പിൽ നിന്ന് പിന്മാറി. ഴാങ് ഹാവോ, റിക്കി, കിം ഗ്യു-വിൻ, ഹാൻ യു-ജിൻ എന്നിവരാണ് സീറോബേസ് വണ്ണിൽ നിന്നുള്ള തങ്ങളുടെ യാത്ര അവസാനിപ്പിക്കുന്നത്. ഇവർ തങ്ങളുടെ പഴയ ഏജൻസികളിലേക്ക് മടങ്ങുകയോ അല്ലെങ്കിൽ പുതിയ സ്വതന്ത്രമായ കരിയർ പ്ലാനുകളുമായി മുന്നോട്ട് പോവുകയോ ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.
അരങ്ങേറ്റം മുതൽ കെ-പോപ്പ് ലോകത്ത് വലിയ തരംഗം സൃഷ്ടിച്ച ഗ്രൂപ്പാണ് സീറോബേസ് വൺ. പുറത്തിറക്കിയ ആറ് ആൽബങ്ങളും ഒരു ദശലക്ഷത്തിലധികം കോപ്പികൾ വിറ്റഴിച്ച ആദ്യത്തെ കെ-പോപ്പ് ഗ്രൂപ്പ് എന്ന ചരിത്ര നേട്ടവും ഇവർക്കുണ്ട്. യഥാർത്ഥത്തിൽ രണ്ടര വർഷത്തെ പ്രവർത്തന കാലാവധിയായിരുന്നു ഗ്രൂപ്പിന് നിശ്ചയിച്ചിരുന്നത്. 2026 ജനുവരിയിൽ കരാർ അവസാനിക്കേണ്ടതായിരുന്നുവെങ്കിലും, ആരാധകർക്കായി പുതിയ ആൽബവും കൺസേർട്ടും ഒരുക്കുന്നതിനായി കാലാവധി മാർച്ച് വരെ നീട്ടുകയായിരുന്നു.
ഒൻപത് അംഗങ്ങളും ഒരുമിച്ച് വേദിയിലെത്തുന്ന അവസാന നിമിഷം '2026 ZEROBASEONE WORLD TOUR [HERE & NOW] ENCORE' എന്ന കൺസേർട്ട് ആയിരിക്കും. ഇതിന് ശേഷം അഞ്ചംഗ സംഘമായി സീറോബേസ് വൺ തങ്ങളുടെ പുതിയ സംഗീത യാത്ര ആരംഭിക്കും. പിരിഞ്ഞുപോകുന്ന അംഗങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നതായും, പുതിയ രൂപത്തിലുള്ള ഗ്രൂപ്പിന് ആരാധകരുടെ തുടർ പിന്തുണ പ്രതീക്ഷിക്കുന്നതായും വേക്കോൺ പ്രസ്താവനയിൽ അറിയിച്ചു.