
ദില്ലി: 2026 ഒക്ടോബർ 1 മുതൽ രാജ്യത്തെ വ്യക്തിഗത- സാമ്പത്തിക- ധനകാര്യ മേഖലകളിൽ നിർണായകമായ നിരവധി മാറ്റങ്ങൾ പ്രാബല്യത്തിൽ വരികയാണ്. എടിഎം സർവ്വീസ് ചാർജ്, എൽപിജി ഇന്ധന സബ്‌സിഡിക്ക് ആധാർ നിർബന്ധമാക്കൽ, മ്യൂച്വൽ ഫണ്ട്/എഫ്‌ഡി നിയമങ്ങൾ, ബാങ്കിങ് അപ്‌ഡേറ്റുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. സാധാരണക്കാരെ നേരിട്ട് ബാധിക്കുന്ന പ്രധാന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ- ബേസിക് സേവിങ്സ് ഡെപ്പോസിറ്റ് (BSBD) അക്കൗണ്ട് ഉടമകൾക്കുള്ള സൗജന്യമായി ക്യാഷ് പിൻവലിക്കാനുള്ള പരിധി പ്രതിമാസം 4 തവണയായി നിജപ്പെടുത്തി. ശാഖകൾ, എടിഎമ്മുകൾ എന്നിവ വഴിയുള്ള അഞ്ചാമത്തെ ഇടപാട് മുതൽ ഓരോ പിൻവലിക്കലിനും 15 രൂപയും ജി.എസ്.ടിയും ഇനത്തിൽ നിരക്ക് ഈടാക്കും. എന്നാൽ യുപിഐ, ഐഎംപിഎസ്, എൻഇഎഫ്‌ടി തുടങ്ങിയ ഡിജിറ്റൽ ഇടപാടുകൾ പൂർണമായും സൗജന്യമായി തുടരും.
സബ്‌സിഡി നിരക്കിൽ എൽപിജി സിലിണ്ടറുകൾ ലഭിക്കുന്നതിന് ഉപഭോക്താക്കൾ ഒക്ടോബർ 1-ഓടെ ബയോമെട്രിക് ആധാർ ഒതന്റിഫിക്കേഷൻ (BAA) പൂർത്തിയാക്കണം. മുൻപ് ഇത് പൂർത്തിയാക്കിയവർ വീണ്ടും ചെയ്യേണ്ടതില്ല. ഗ്യാസ് ഡെലിവറി നടത്തുമ്പോഴോ, വിതരണക്കാരുടെ ഓഫീസുകൾ സന്ദർശിച്ചോ, ഒഎംസി (OMC) മൊബൈൽ ആപ്പുകൾ വഴിയോ (ഇൻഡെയ്ൻ, ഭാരത് ഗ്യാസ്, എച്ച്.പി ആപ്പുകൾ) ഇത് എളുപ്പത്തിൽ പൂർത്തിയാക്കാവുന്നതാണ്. ആധാർ പൂർത്തിയാക്കാത്തവർക്ക് സബ്‌സിഡിയില്ലാത്ത വിപണി വിലയിലായിരിക്കും സിലിണ്ടറുകൾ ലഭിക്കുക.
3 കോടി രൂപയ്ക്ക് മുകളിലുള്ള ബൾക്ക് സ്ഥിരനിക്ഷേപങ്ങൾക്ക് (FD) ബാങ്കുകൾ ഏകീകൃതവും കൃത്യവുമായ പലിശനിരക്കുകൾ നടപ്പിലാക്കണമെന്ന് റിസർവ് ബാങ്ക് (RBI) നിർദേശിച്ചു. എല്ലാ പ്രവൃത്തിദിവസങ്ങളിലും രാവിലെ 10 മണിക്ക് മുൻപായി ദിവസത്തെ ബൾക്ക് നിക്ഷേപ നിരക്കുകൾ ബാങ്കുകൾ പ്രസിദ്ധീകരിക്കണം. ഒരേ ദിവസം നിക്ഷേപിക്കുന്ന തുകകൾക്ക് എല്ലാ ബ്രാഞ്ചുകളിലും ഒരേ നിരക്കായിരിക്കും ലഭ്യമാകുക.
2,000 രൂപയ്ക്ക് മുകളിലുള്ള ബിസിനസ്/മർച്ചന്റ് (P2M) യുപിഐ ഇടപാടുകൾക്ക് എന്.പി.സി.ഐ (NPCI) 0.4% എം.ഡി.ആർ (MDR) ഏർപ്പെടുത്തി. ഇതിന്റെ പൂർണ ബാധ്യത വ്യാപാരികൾക്ക് മാത്രമായിരിക്കും. ഉപഭോക്താക്കൾക്കോ വ്യക്തികൾ തമ്മിലുള്ള (P2P) സാധാരണ യുപിഐ പണമിടപാടുകൾക്കോ യാതൊരുവിധ അധിക നിരക്കുകളും നൽകേണ്ടതില്ല.
നാഷണൽ പെൻഷൻ സിസ്റ്റം (NPS), എൻപിഎസ് ലൈറ്റ് പദ്ധതികളിൽ 'പോയിന്റ് ഓഫ് പ്രസൻസ്' (PoP) നിരക്കുകൾ പെൻഷൻ ഫണ്ട് റെഗുലേറ്ററി ബോർഡ് (PFRDA) പുതുക്കി. പാദവർഷാടിസ്ഥാനത്തിൽ 50 രൂപ നിരക്കിൽ യൂണിറ്റുകൾ റദ്ദാക്കിക്കൊണ്ടായിരിക്കും ക്രമീകരണം നടപ്പിലാക്കുക. എന്നാൽ ഇ-എൻപിഎസ് (e-NPS) വഴി നേരിട്ട് അംഗങ്ങളായവർക്ക് ഈ നിരക്ക് ബാധകമല്ല.