
ടേം ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ എത്ര തുകയുടെ കവറേജ് വേണമെന്ന് ചിന്തിക്കുന്നതുപോലെ തന്നെ പ്രധാനമാണ് എത്ര വയസ്സുവരെ ഈ പരിരക്ഷ വേണമെന്നതും ഇത്ര വയസ്സുവരെ മാത്രമേ ടേം ഇന്‍ഷുറന്‍സ് പാടുള്ളൂ എന്നൊരു സാര്‍വത്രിക നിയമമില്ല. കുടുംബത്തിന് നിങ്ങളുടെ വരുമാനം എത്രകാലം സാമ്പത്തികമായി ആവശ്യമുണ്ടോ, അത്രയും കാലത്തേക്കാണ് കവറേജ് വേണ്ടത് എന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. ഇത് ചിലര്‍ക്ക് 60 വയസ്സുവരെയാകാം. എന്നാല്‍ വൈകി അച്ഛനമ്മമാരായവര്‍ക്കും, വരുമാനമില്ലാത്ത ആശ്രിതരായ പങ്കാളിയുള്ളവര്‍ക്കും, ബാധ്യതകള്‍ തീരാത്തവര്‍ക്കും 70-കളിലോ അതിന് ശേഷമോ വരെ കവറേജ് വേണ്ടിവന്നേക്കാം.
നിങ്ങളുടെ വലിയ സാമ്പത്തിക ബാധ്യതകള്‍ എന്ന് അവസാനിക്കും എന്ന് കണക്കുകൂട്ടുകയാണ് ആദ്യം വേണ്ടത്. ഭവനവായ്പ, കുട്ടികളുടെ വിദ്യാഭ്യാസം, മറ്റ് കടങ്ങള്‍, പങ്കാളിക്കോ മറ്റ് ആശ്രിതര്‍ക്കോ നിങ്ങളുടെ വരുമാനം എത്രകാലം വേണ്ടിവരും എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.
ഉദാഹരണത്തിന്, 35 വയസ്സുള്ള ഒരാള്‍ക്ക് രണ്ട് ചെറിയ കുട്ടികളുണ്ടെന്നും 60-ാം വയസ്സില്‍ അദ്ദേഹം വിരമിക്കാന്‍ ഉദ്ദേശിക്കുന്നുവെന്നും കരുതുക. അടുത്ത 25 വര്‍ഷത്തിനുള്ളില്‍ കുട്ടികള്‍ക്ക് സ്വന്തമായി വരുമാനമാകുകയും, വിരമിക്കുന്ന കാലത്തോടെ ഭവനവായ്പ തീരുകയും ചെയ്യുമെങ്കില്‍ 60 അല്ലെങ്കില്‍ 65 വയസ്സുവരെയുള്ള കവറേജ് മതിയാകും. എന്നാല്‍ ഇതൊരു അന്തിമ നിയമമല്ല. വൈകി വിവാഹം കഴിച്ചവര്‍ക്കും, വിരമിച്ച ശേഷവും വരുമാനമില്ലാത്ത പങ്കാളിയെ സംരക്ഷിക്കേണ്ടി വരുന്നവര്‍ക്കും ഈ കണക്ക് മാറും.
വിരമിച്ച ശേഷമുള്ള ജീവിതച്ചെലവുകള്‍ക്ക് ആവശ്യമായ സമ്പാദ്യം ഉള്ളവര്‍ക്കും, വലിയ സാമ്പത്തിക ബാധ്യതകള്‍ ആ സമയത്തോടെ തീരുന്നവര്‍ക്കും 60 വയസ്സുവരെയുള്ള പോളിസി മതിയാകും. ഈ പ്രായമാകുമ്പോഴേക്കും കുട്ടികളുടെ വിദ്യാഭ്യാസം പൂര്‍ത്തിയാകുകയും അവര്‍ക്ക് ജോലി ലഭിക്കുകയും ഭവനവായ്പ തിരിച്ചടച്ച് തീരുകയും ചെയ്തിട്ടുണ്ടാകും.
എന്നാല്‍ ഈ സാമ്പത്തിക ആസൂത്രണം കൃത്യമായി നടന്നാല്‍ മാത്രമേ ഇത് പ്രായോഗികമാകൂ. വിരമിക്കല്‍ കാലത്തേക്കുള്ള സമ്പാദ്യം കുറവാണെങ്കിലോ, വലിയൊരു ബാധ്യത അപ്പോഴും ബാക്കിയുണ്ടെങ്കിലോ 60 വയസ്സായി എന്നതുകൊണ്ട് മാത്രം കവറേജ് അവസാനിപ്പിക്കുന്നത് കുടുംബത്തെ സാമ്പത്തിക വിടവിലേക്ക് തള്ളിവിട്ടേക്കാം.
സാധാരണ വിരമിക്കല്‍ പ്രായത്തിന് ശേഷവും സാമ്പത്തിക ബാധ്യതകള്‍ തുടരുന്നവര്‍ക്കാണ് കൂടുതല്‍ കാലത്തേക്കുള്ള കവറേജ് വേണ്ടിവരുന്നത്. വൈകി അച്ഛനമ്മമാരാകുന്നതാണ് ഒരു പ്രധാന കാരണം. 40-ാം വയസ്സില്‍ കുഞ്ഞുണ്ടാകുന്ന ഒരാള്‍ക്ക് 60 വയസ്സിന് ശേഷവും കുട്ടിയുടെ വിദ്യാഭ്യാസ ചെലവുകള്‍ ബാക്കിയുണ്ടാകും.
വരുമാനമില്ലാത്ത പങ്കാളി, ദീര്‍ഘകാല വായ്പകള്‍, ബിസിനസ്സ് ബാധ്യതകള്‍, അല്ലെങ്കില്‍ കുടുംബത്തിന് ഒരു സാമ്പത്തിക പിന്‍ബലം നല്‍കണമെന്ന ആഗ്രഹം എന്നിവയൊക്കെ ഇതിന് കാരണമാകാം. ഇന്‍ഷുറന്‍സ് കമ്പനികള്‍ ഇത്തരത്തില്‍ ദീര്‍ഘകാല പോളിസികള്‍ നല്‍കുന്നുണ്ട്. എന്നാല്‍ പോളിസി കാലാവധി കൂടുന്തോറും പ്രീമിയം തുകയും കൂടുതലായിരിക്കും; പ്രത്യേകിച്ചും ഉയര്‍ന്ന പ്രായത്തില്‍ പോളിസി എടുക്കുമ്പോള്‍.
ഇവിടെ പ്രായോഗികമായ മറ്റൊരു കാര്യം കൂടിയുണ്ട്. ടേം ഇന്‍ഷുറന്‍സ് എന്നത് പ്രധാനമായും നിങ്ങളുടെ വരുമാനം നിലച്ചാലുള്ള പ്രതിസന്ധി മറികടക്കാനുള്ളതാണ്. പങ്കാളിയെ സംരക്ഷിക്കാനും ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കാനും ആവശ്യമായ ആസ്തികള്‍ നിങ്ങള്‍ ഇതിനോടകം ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍, വലിയൊരു മരണാനന്തര ആനുകൂല്യത്തിന്റെ ആവശ്യം പിന്നീട് വരുന്നില്ല.
പോളിസി എടുത്തുകഴിഞ്ഞാല്‍ പിന്നെ അതിനെക്കുറിച്ച് മറക്കാന്‍ പാടില്ല. വിവാഹം, കുട്ടികള്‍, പുതിയ ഭവനവായ്പ, ജോലിമാറ്റം, അല്ലെങ്കില്‍ സമ്പാദ്യത്തിലുണ്ടാകുന്ന വലിയ വര്‍ദ്ധനവ് എന്നിവയെല്ലാം നിങ്ങള്‍ക്ക് എത്ര കവറേജ് വേണമെന്നും എത്ര കാലത്തേക്ക് വേണമെന്നും തീരുമാനിക്കുന്ന ഘടകങ്ങളാണ്.
അതുകൊണ്ട് 60, 70 അല്ലെങ്കില്‍ 80 വയസ്സ് എന്ന് കണ്ണടച്ച് തീരുമാനിക്കുന്നതിന് മുന്‍പ്, കുടുംബത്തിന്റെ സാമ്പത്തിക ആവശ്യങ്ങളും വലിയ ബാധ്യതകളും എപ്പോള്‍ അവസാനിക്കുമെന്ന് കണക്കുകൂട്ടുക. അകാലത്തിലുള്ള മരണം കുടുംബത്തിന് വലിയ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാലയളവ് ഏതാണോ, ആ സമയത്തേക്ക് മുഴുവന്‍ പരിരക്ഷ നല്‍കുന്ന പോളിസിയാണ് തിരഞ്ഞെടുക്കേണ്ടത്; അല്ലാതെ ലഭ്യമായ ഏറ്റവും കൂടിയ കാലയളവല്ല.