
മാസാദ്യം ശമ്പളം വരുന്നു, ബില്ലുകള്‍ അടയ്ക്കുന്നു, ചെറിയൊരു തുക നിക്ഷേപിക്കുന്നു... അടുത്ത മാസവും ഇതേ രീതി തുടരുന്നു. എന്നാല്‍ 'സാമ്പത്തിക സ്വാതന്ത്ര്യം'കൈവരിക്കുന്നതോടെ ഈ സമവാക്യത്തിന് മാറ്റം വരുന്നു. ജോലി നഷ്ടപ്പെടുകയോ അല്ലെങ്കില്‍ ജോലി ഉപേക്ഷിക്കുകയോ ചെയ്താലും നിങ്ങളുടെ ജീവിത രീതിയെയോ ദീര്‍ഘകാല ലക്ഷ്യങ്ങളെയോ അത് പെട്ടെന്ന് ബാധിക്കാത്ത അവസ്ഥയാണിത്. തുടര്‍ന്നും ജോലി ചെയ്യണോ വേണ്ടയോ എന്നത് നിങ്ങളുടെ മാത്രം തീരുമാനമായിരിക്കും. അടുത്ത മാസത്തെ ചെലവുകളെക്കുറിച്ച് ആശങ്കപ്പെടാതെ ഒരു കരിയര്‍ ബ്രേക്ക് എടുക്കാനോ, ജോലി മാറാനോ, അല്ലെങ്കില്‍ ജോലി പൂര്‍ണമായി നിര്‍ത്താനോ ഈ സാമ്പത്തിക സുരക്ഷിതത്വം നിങ്ങളെ സഹായിക്കും.
എന്നാല്‍, വന്‍തുക നിക്ഷേപമായി മാറ്റിവെക്കുന്നത് കൊണ്ട് മാത്രം ഈ ഘട്ടത്തിലേക്ക് എത്തുവാന്‍ സാധിക്കില്ല. അതിനായി ശ്രദ്ധിക്കേണ്ട 5 പ്രധാന കാര്യങ്ങള്‍ ഇതാ
ഒരു കോടിയോ അഞ്ച് കോടിയോ സമ്പാദിക്കണം എന്ന തരത്തിലുള്ള കൃത്യമല്ലാത്ത ലക്ഷ്യങ്ങള്‍ക്ക് പകരം, നിങ്ങളുടെ നിലവിലെ ചെലവുകളെ അടിസ്ഥാനമാക്കി പ്ലാനിംഗ് തുടങ്ങുക. വീട്ടുചെലവ്, പലവ്യഞ്ജനം, കറന്റ്/വാട്ടര്‍ ബില്ലുകള്‍, ഇന്‍ഷുറന്‍സ്, കുട്ടികളുടെ പഠനച്ചെലവ്, യാത്രകള്‍, മറ്റ് സ്ഥിരച്ചെലവുകള്‍ എന്നിവ കൃത്യമായി കണക്കാക്കുക. ഇതില്‍ ഒഴിവാക്കാന്‍ പറ്റാത്ത ചെലവുകളും ആവശ്യമെങ്കില്‍ വെട്ടിച്ചുരുക്കാവുന്ന ചെലവുകളും തരംതിരിക്കാം. നിക്ഷേപങ്ങളിലൂടെ ഭാവിയില്‍ എത്ര വരുമാനം കണ്ടെത്തണം എന്നതിനെക്കുറിച്ച് ഇത് വ്യക്തമായ ധാരണ നല്‍കും.
ജോലി നഷ്ടപ്പെടല്‍, ചികിത്സാ ചെലവുകള്‍ അല്ലെങ്കില്‍ മറ്റ് അപ്രതീക്ഷിത ആവശ്യങ്ങള്‍ എന്നിവയ്ക്കായി ഒരു എമര്‍ജന്‍സി ഫണ്ട് കരുതിവെക്കണം. കുറഞ്ഞത് 3 മാസത്തെ ജീവിതച്ചെലവിന് ആവശ്യമായ തുക കരുതിവെക്കാനാണ് വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്.
പ്രതിമാസ വരുമാനത്തിന്റെ വലിയൊരു പങ്ക് വായ്പാ തിരിച്ചടവുകള്‍ക്കായി മാറ്റിവെക്കേണ്ടി വന്നാല്‍ സാമ്പത്തിക സ്വാതന്ത്ര്യം നേടുക പ്രയാസമാണ്. ക്രെഡിറ്റ് കാര്‍ഡ് കുടിശിക, ഉയര്‍ന്ന പലിശയുള്ള വ്യക്തിഗത വായ്പകള്‍ എന്നിവ ആദ്യം തീര്‍ക്കാന്‍ ശ്രദ്ധിക്കുക. സമ്പാദ്യം ഉണ്ടാക്കിയെടുക്കാന്‍ ഹോം ലോണുകള്‍ പൂര്‍ണ്ണമായി അടച്ചുതീര്‍ക്കണമെന്ന് നിര്‍ബന്ധമില്ല, എന്നാല്‍ നിങ്ങളുടെ മൊത്തത്തിലുള്ള കടബാധ്യതകള്‍ നിയന്ത്രണവിധേയമായിരിക്കണം. മാസം തോറുമുള്ള വായ്പാ ബാധ്യതകള്‍ കുറയുന്തോറും, ശമ്പളത്തിന് പകരം കണ്ടെത്തേണ്ടി വരുന്ന വരുമാനത്തിന്റെ അളവും കുറയും.
ബാങ്കില്‍ പണം സൂക്ഷിക്കുന്നത് സുരക്ഷിതത്വം നല്‍കുമെങ്കിലും, സാമ്പത്തിക സ്വാതന്ത്ര്യം കൈവരിക്കാന്‍ പണം കാലക്രമേണ വളരേണ്ടതുണ്ട്. പണം എന്ന് ആവശ്യമുണ്ട്, എത്രത്തോളം റിസ്‌ക് എടുക്കാന്‍ സാധിക്കും എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കണം നിക്ഷേപങ്ങള്‍ തിരഞ്ഞെടുക്കേണ്ടത്. ദീര്‍ഘകാല ആവശ്യങ്ങള്‍ക്കുള്ള പണം കൂടുതല്‍ വളര്‍ച്ച നല്‍കുന്ന അസറ്റുകളിലും, ഉടന്‍ ആവശ്യമുള്ള പണം വിപണിയിലെ മാറ്റങ്ങള്‍ ബാധിക്കാത്ത സുരക്ഷിതമായ മാര്‍ഗ്ഗങ്ങളിലും നിക്ഷേപിക്കാം.
എല്ലാ കാര്യങ്ങള്‍ക്കുമായി ഒരൊറ്റ ശമ്പളത്തെ മാത്രം ആശ്രയിക്കാതിരിക്കുന്നത് സാമ്പത്തിക സ്വാതന്ത്ര്യം എളുപ്പമാക്കും. പലിശ, ഡിവിഡന്റുകള്‍, വാടക വരുമാനം, റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ എന്നിവയിലൂടെ വരുമാനം കണ്ടെത്താം. സ്ഥിരം ജോലി ഉപേക്ഷിച്ച ശേഷവും കണ്‍സള്‍ട്ടിംഗ്, ഫ്രീലാന്‍സിംഗ് അല്ലെങ്കില്‍ ചെറിയ ബിസിനസുകള്‍ എന്നിവയിലൂടെ വരുമാനം കണ്ടെത്തുന്നവരുമുണ്ട്. ചുരുക്കത്തില്‍, സാമ്പത്തിക സ്വാതന്ത്ര്യം എന്നത് സമയത്തിന് മുന്‍പേയുള്ള വിരമിക്കല്‍ എന്ന് മാത്രം അര്‍ത്ഥമാക്കുന്നില്ല, മറിച്ച് ആശങ്കകളില്ലാത്ത സാമ്പത്തിക ഭാവിയാണ് നല്‍കുന്നത്.