ഒരു രൂപയിൽ താഴെ മാത്രം പ്രീമിയം, 10 ലക്ഷം രൂപ വരെ കവറേജ്; അറിയാം റെയിൽവേ ഇൻഷുറൻസ്

Published : Oct 05, 2026, 11:21 AM IST
Indian Railway

Synopsis

ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഈടാക്കുന്ന ഒരു രൂപയിൽ താഴെയുള്ള തുക യാത്രക്കാർക്ക് 10 ലക്ഷം രൂപ വരെയുള്ള ഇൻഷുറൻസ് പരിരക്ഷയാണ് നൽകുന്നത്. അപകടമരണം, വൈകല്യങ്ങൾ, ചികിത്സാ ചെലവുകൾ എന്നിവയ്ക്ക് ഈ കവറേജ് സഹായകമാകും. നോമിനി വിവരങ്ങൾ കൃത്യമായി നൽകിയാൽ അടിയന്തര ഘട്ടങ്ങളിൽ കുടുംബത്തിന് എളുപ്പത്തിൽ ക്ലെയിം നേടാം.

ട്രെയിൻ ടിക്കറ്റ് ഓൺലൈനായി ബുക്ക് ചെയ്യുമ്പോൾ മറ്റ് ചാർജുകളെല്ലാം കഴിഞ്ഞാലും വെറും ഒരു രൂപയിൽ താഴെ ഒരു തുക റെയിൽവെ നമ്മളിൽ നിന്ന് ഈടാക്കാറുണ്ട്. ടിക്കറ്റ് നിരക്കിനും ജിഎസ്ടിക്കും ഐആർസിടിസിയുടെ സർവീസ് ചാർജുകൾക്കും ഇടയിൽ, വെറും 45 പൈസ അല്ലെങ്കിൽ ഒരു രൂപയിൽ താഴെ മാത്രം ചെലവുവരുന്ന ഈ ഓപ്ഷൻ മിക്കപ്പോഴും ആരുടെയും ശ്രദ്ധയിൽപ്പെടാറില്ല. പലരും ആ ഓപ്ഷൻ സ്കിപ് അടിക്കുകയാണ് ചെയ്യാറുള്ളത്. ഇന്നത്തെക്കാലത്ത് ഒരു രൂപക്ക് താഴെയുള്ള ഒരു സംഖ്യക്ക് ഒരു മിഠായി പോലും കിട്ടില്ല. എന്നാൽ, ഓരോ തവണ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴും ഈടാക്കുന്ന ഈ ചെറിയ സംഖ്യയ്ക്ക് പിന്നിൽ 10 ലക്ഷം രൂപ വരെയുള്ള വലിയൊരു സാമ്പത്തിക സംരക്ഷണമുണ്ട്.

എങ്ങനെയാണ് ഒരു രൂപയിൽ താഴെ മാത്രം യാത്രക്കാരിൽ നിന്ന് ഈടാക്കി ഇൻഷുറൻസിന് ലക്ഷങ്ങളുടെ നഷ്ടപരിഹാരം നൽകാൻ സാധിക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ? ലക്ഷക്കണക്കിന് യാത്രിക്കാർ ഒരുമിച്ച് യാത്ര ചെയ്യുന്നതിനാൽ ഇൻഷുറൻസ് കമ്പനികൾക്ക് ഇതൊരു ഗ്രൂപ്പ് റിസ്ക് കവറേജായി കുറഞ്ഞ നിരക്കിൽ നൽകാൻ സാധിക്കുന്നു. അതായത് ഗ്രൂപ്പ് അണ്ടർറൈറ്റിംഗ് രീതിയാണ് ഇവിടെ പിന്തുടരുന്നത്. യാത്രക്കാരുടെ വലിയൊരു കൂട്ടത്തിൽ നിന്ന് ചെറിയ പ്രീമിയം തുക കളക്ട് ചെയ്യുന്നു. ഈ വലിയ തുക ഉപയോഗിച്ച്, അപൂർവ്വമായി സംഭവിക്കുന്ന അപകടങ്ങൾക്ക് ഇൻഷുറൻസ് കമ്പനിക്ക് കവറേജ് നൽകാൻ സാധിക്കുന്നു...കൂടാതെ, ഇത് മറ്റ് പോളിസികളെപ്പോലെ പോലെ ഒരു വർഷത്തേക്ക് അല്ല, മറിച്ച് ഏതാനും മണിക്കൂറുകളോ ദിവസങ്ങളോ നീളുന്ന ട്രെയിൻ യാത്രയിൽ മാത്രമാണ് പ്രാബല്യത്തിലുള്ളത് എന്നതും ഇതിന്റെ ചെലവ് കുറയ്ക്കുന്നു.

യാത്രയ്ക്കിടെയുണ്ടാകുന്ന വലിയ അപകടങ്ങൾ, ട്രെയിൻ പാളം തെറ്റുക, അല്ലെങ്കിൽ ട്രെയിനിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും സംഭവിക്കുന്ന അപ്രതീക്ഷിത അപകടങ്ങൾ എന്നിവയിലെല്ലാം ഈ കവറേജ് തുണയാകും. അപകടമരണത്തിനോ പൂർണമായി വൈകല്യം സംഭവിക്കുകയോ ചെയ്താൽ 10 ലക്ഷം രൂപ വരെയും, ഭാഗിക വൈകല്യങ്ങൾക്ക് 7.5 ലക്ഷം രൂപ വരെയും സാമ്പത്തിക സഹായം ലഭിക്കും. ഇതിനുപുറമേ, പരിക്കേൽക്കുന്നവർക്ക് 2 ലക്ഷം രൂപ വരെയുള്ള ചികിത്സാ ചെലവുകളും മൃതദേഹം വീട്ടിലെത്തിക്കാൻ 10,000 രൂപയും വരെ ഈ പോളിസിയുടെ പ്രത്യേകതയാണ്.

എന്നാൽ ഈ ഇൻഷുറൻസുമായി ബന്ധപ്പെട്ട നിബന്ധനകളും കൃത്യമായി അറിഞ്ഞിരിക്കണം. ഇതൊരു ജനറൽ ഹെൽത്ത് ഇൻഷുറൻസോ ലൈഫ് ഇൻഷുറൻസോ പോലെ അല്ല. മറിച്ച് യാത്രയുമായി മാത്രം ബന്ധപ്പെട്ട ഒരു അപകട ഇൻഷുറൻസാണ്. യാത്രയ്ക്കിടെ ഉണ്ടാകുന്ന സാധാരണ അസുഖങ്ങൾക്കോ പനിക്കോ ഇതിലൂടെ ചികിത്സാ സഹായം ലഭിക്കില്ല. അതുപോലെ, ട്രാക്ക് മുറിച്ചുകടക്കുക പോലുള്ള നിയമവിരുദ്ധമായ പ്രവർത്തികൾ മൂലം ഉണ്ടാകുന്ന അപകടങ്ങൾ, ട്രെയിൻ മിസ് ആകുന്നത്, അല്ലെങ്കിൽ സ്റ്റേഷൻ പരിധിക്ക് പുറത്തുവെച്ചുണ്ടാകുന്ന സംഭവങ്ങൾ എന്നിവയും ഇതിന്റെ പരിധിയിൽ വരില്ല.

അപകടമുണ്ടായാൽ ഐആർസിടിസി (IRCTC) അല്ല, ടൈ അപ് ഉള്ള മറ്റൊരു ഇൻഷുറൻസ് കമ്പനിയാണ് നഷ്ടപരിഹാരം നൽകുന്നത്. എന്നാൽ, ഏതെങ്കിലും സാഹചര്യത്തിൽ ഈ ഇൻഷുറൻസ് ക്ലെയിം ചെയ്യേണ്ടി വന്നാൽ റെയിൽവേ അധികൃതർ നൽകുന്ന റിപ്പോർട്ടുകളും രേഖകളും നിർണായകമാകും. കൂടാതെ, ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം ലഭിക്കുന്ന നോമിനി ലിങ്കിൽ വിവരങ്ങൾ കൃത്യമായി നൽകുന്നത് വഴി, അടിയന്തര ഘട്ടങ്ങളിൽ കുടുംബത്തിന് അനായാസം ക്ലെയിം തുക കൈപ്പറ്റാനും സാധിക്കും. വളരെ തുച്ഛമായ തുകയ്ക്ക് കിട്ടുന്ന ഈ സാമ്പത്തിക സംരക്ഷണവും ഇൻഷുറൻസ് ഓപ്ഷനും ശ്രദ്ധിക്കാതെ പോകരുത്.

PREV
Read more Articles on
click me!

Recommended Stories

'ക്രെഡിറ്റ് കാർഡ് ബിൽ 50,000 രൂപ! ഇപ്പോൾ 3,000 അടയ്ച്ചാലും മതി'; മിനിമം ഡ്യൂ തുക മാത്രം അടക്കുന്നതിലെ അപകടം
ഫിൻഫ്ലുവൻസർമാരുടെ തള്ളിൽ വീഴുന്ന 'ജെൻ സി'; സോഷ്യൽ മീഡിയ ഉപദേശങ്ങളും അപകട സാധ്യതകളും