ശമ്പളം മാത്രം പോരാ, ജെൻ സികൾക്ക് വരുമാനം വരുന്നത് പലവഴിക്ക്; 76% ചെറുപ്പക്കാര്‍ക്കും ഒന്നിലധികം വരുമാനമാര്‍ഗങ്ങള്‍

Published : Aug 01, 2026, 04:32 PM IST
Gen Z

Synopsis

ഇന്ത്യക്കാർ, പ്രത്യേകിച്ച് ജെന്‍ സി, ശമ്പളത്തെ മാത്രം ആശ്രയിക്കാതെ നിക്ഷേപങ്ങൾ, ഫ്രീലാന്‍സിങ്, ബിസിനസ് എന്നിവയിലൂടെ ഒന്നിലധികം വരുമാന മാർഗ്ഗങ്ങൾ കണ്ടെത്തുന്നതായി ക്ലിയർടാക്‌സ് റിപ്പോർട്ട്. ഈ പുതിയ സാമ്പത്തിക മാറ്റം മുതിർന്ന പൗരന്മാരിലും പ്രകടമാണ്. ഇത് രാജ്യത്തെ മൂലധന നേട്ടത്തിലും ബിസിനസ് വരുമാനത്തിലും വലിയ വർദ്ധനവിന് കാരണമായിട്ടുണ്ട്.

ഇന്ത്യക്കാരുടെ സാമ്പത്തിക ശീലങ്ങളിലും വരുമാന മാര്‍ഗങ്ങളിലും വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നതായി പുതിയ റിപ്പോര്‍ട്ടുകള്‍. ശമ്പളത്തെ മാത്രം ആശ്രയിച്ച് ജീവിക്കുന്നതിന് പകരം നിക്ഷേപങ്ങള്‍, ഫ്രീലാന്‍സിങ്, ബിസിനസ് തുടങ്ങിയവയിലൂടെ ഒന്നിലധികം വരുമാനങ്ങള്‍ കണ്ടെത്തുന്നവരുടെ എണ്ണം രാജ്യത്ത് കുതിച്ചുയരുകയാണ്. പ്രമുഖ ടാക്‌സ് ഫയലിങ് പ്ലാറ്റ്ഫോമായ 'ക്ലിയര്‍ടാക്‌സ്'പുറത്തുവിട്ട 2026-27 അസസ്മെന്റ് വര്‍ഷത്തെ പ്രാഥമിക കണക്കുകളാണ് ഈ സുപ്രധാന മാറ്റം വ്യക്തമാക്കുന്നത്.

മാറ്റത്തിന് ചുക്കാന്‍ പിടിച്ച് ജെന്‍ സി

ഈ മാറ്റത്തില്‍ ഏറ്റവും മുന്‍പന്തിയിലുള്ളത് 25 വയസിന് താഴെയുള്ള പുതിയ തലമുറയാണ്. ജൂലൈ 20 വരെ ഫയല്‍ ചെയ്ത ആദായനികുതി റിട്ടേണുകള്‍ പ്രകാരം, 25 വയസിന് താഴെയുള്ള 76 ശതമാനം നികുതിദായകരും തങ്ങള്‍ക്ക് ഒന്നിലധികം വരുമാന മാര്‍ഗങ്ങളുണ്ടെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. 2022-23 കാലയളവില്‍ ഇത് വെറും 14 ശതമാനം മാത്രമായിരുന്നു എന്നറിയുമ്പോഴാണ് ഈ മാറ്റത്തിന്റെ വ്യാപ്തി മനസ്സിലാകുക. ശമ്പളമുള്ള ജോലിക്ക് പുറമെ ഓഹരി വിപണിയിലെ നിക്ഷേപം, ക്യാപിറ്റല്‍ ഗെയിന്‍സ്, ഫ്രീലാന്‍സ് ജോലികള്‍, സ്വന്തം സംരംഭങ്ങള്‍ എന്നിവയിലൂടെയാണ് ഇവര്‍ അധിക വരുമാനം കണ്ടെത്തുന്നത്.

നിക്ഷേപങ്ങളും ബിസിനസും സജീവം

മൂലധന നേട്ടം വഴി വരുമാനം കണ്ടെത്തുന്നവരും വലിയ തോതില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. നാല് വര്‍ഷം മുന്‍പ് 9 ശതമാനമായിരുന്ന ഇത് ഇപ്പോള്‍ 39 ശതമാനമായി ഉയര്‍ന്നു. ഓഹരി വിപണിയിലടക്കം സാധാരണക്കാരുടെ പങ്കാളിത്തം കൂടുന്നതിന്റെ സൂചനയാണിത്. അതുപോലെ, ബിസിനസ് വരുമാനം കാണിച്ചവരുടെ എണ്ണം 4 ശതമാനത്തില്‍ നിന്ന് 26 ശതമാനമായി വര്‍ദ്ധിച്ചു. ഗിഗ് സമ്പദ്വ്യവസ്ഥ, ഫ്രീലാന്‍സിങ് എന്നിവയുടെ ജനപ്രീതിയാണ് ഇത് കാണിക്കുന്നത്.

മുതിര്‍ന്ന പൗരന്മാരും ഉയര്‍ന്ന വരുമാനക്കാരും പിന്നിലല്ല

ചെറുപ്പക്കാര്‍ മാത്രമല്ല, മുതിര്‍ന്ന പൗരന്മാരും വരുമാനം കണ്ടെത്താന്‍ പുതിയ വഴികള്‍ തേടുന്നുണ്ട്. 53 ശതമാനം മുതിര്‍ന്ന പൗരന്മാരാണ് ഇത്തവണ ഒന്നിലധികം വരുമാനങ്ങള്‍ രേഖപ്പെടുത്തിയത് (നാല് വര്‍ഷം മുന്‍പ് ഇത് 28% ആയിരുന്നു). ഓഹരി വിപണിയിലും ഇവര്‍ സജീവമാണ്; ക്യാപിറ്റല്‍ ഗെയിന്‍സ് കാണിച്ച മുതിര്‍ന്ന പൗരന്മാര്‍ 15 ശതമാനത്തില്‍ നിന്ന് 42 ശതമാനമായി കുതിച്ചുയര്‍ന്നു. ഉയര്‍ന്ന വരുമാനക്കാരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ട്. 20 ലക്ഷത്തിന് മുകളില്‍ വരുമാനം കാണിച്ചവര്‍ 32 ശതമാനമായി ഉയര്‍ന്നു (2023-24 ല്‍ ഇത് 22% ആയിരുന്നു). മികച്ച നിക്ഷേപങ്ങളും ബിസിനസ്സ് വരുമാനവുമാണ് ഇതിന് കാരണമായത്.

PREV
Read more Articles on
click me!

Recommended Stories

ഇലക്ട്രിക് വാഹനം ഉപയോഗിക്കുന്നവരാണോ? നന്നായി ശ്രദ്ധിക്കേണ്ട കാലം! ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ ഈ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക
മറന്നു പോകല്ലേ! ആഗസ്റ്റ് 1 മുതല്‍ വരുന്നത് വലിയ മാറ്റങ്ങള്‍, തത്കാല്‍ ടിക്കറ്റും ക്രെഡിറ്റ് കാര്‍ഡും മുതല്‍ ബാങ്കിങ് വരെ; അറിയേണ്ട 3 കാര്യങ്ങള്‍