ഉത്സവകാലത്തെ ഓൺലൈൻ ഷോപ്പിംഗ് ഓഫറുകൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന സാമ്പത്തിക തട്ടിപ്പുകളിൽ പെട്ടു പോകാതെ സൂക്ഷിക്കണം. വ്യാജ വെബ്സൈറ്റുകൾ തിരിച്ചറിയാനും സുരക്ഷിതമായി പണമടയ്ക്കാനും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നോക്കാം.

ഉത്സവകാലമെത്തുന്നതോടെ ഓണ്‍ലൈന്‍ ഷോപ്പിങ് പ്ലാറ്റ്ഫോമുകളില്‍ വന്‍ വിലക്കുറവും ക്യാഷ്ബാക്ക് ഓഫറുകളും നിറയും. ആകര്‍ഷകമായ ഓഫറുകള്‍ കണ്ട് പെട്ടെന്ന് സാധനങ്ങള്‍ വാങ്ങാനുള്ള തിരക്കിനിടെ പണം എവിടേക്കാണ് പോകുന്നതെന്ന് പരിശോധിക്കാന്‍ പലരും മറന്നുപോകും. വ്യാജ ഷോപ്പിങ് വെബ്സൈറ്റുകള്‍, വിശ്വാസ്യതയില്ലാത്ത വില്‍പനക്കാര്‍, തട്ടിപ്പിനുള്ള പേയ്മെന്റ് ലിങ്കുകള്‍ എന്നിവ വലിയ സാമ്പത്തിക നഷ്ടത്തിന് കാരണമാകാം.

യുപിഐ, ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് തുടങ്ങി ഏത് മാര്‍ഗത്തിലൂടെയാണ് പണമടയ്ക്കുന്നതെങ്കിലും തട്ടിപ്പില്‍നിന്ന് രക്ഷപ്പെടാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഓണ്‍ലൈന്‍ ഇടപാട് പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് പരിശോധിക്കേണ്ട അഞ്ച് കാര്യങ്ങള്‍ ഇതാ.

പേയ്മെന്റ് പേജ് യഥാര്‍ഥമാണെന്ന് ഉറപ്പാക്കുക

പണം നല്‍കുന്നതിന് മുന്‍പ് ഉപയോഗിക്കുന്ന വെബ്സൈറ്റോ ആപ്പോ യഥാര്‍ഥമാണെന്ന് ഉറപ്പാക്കണം. വെബ്സൈറ്റ് വിലാസത്തിലെ അക്ഷരത്തെറ്റുകള്‍, സംശയാസ്പദമായ ലിങ്കുകള്‍, പ്രമുഖ ബ്രാന്‍ഡുകളുടെ വെബ്സൈറ്റുകളോട് സാമ്യമുള്ള വ്യാജ വിലാസങ്ങള്‍ എന്നിവ ശ്രദ്ധിക്കണം.

വാങ്ങുന്നത് ആരില്‍ നിന്ന്?

പരിചയമില്ലാത്ത വില്‍പനക്കാരന്‍ വലിയ വിലക്കുറവ് വാഗ്ദാനം ചെയ്താല്‍ ആവേശത്തില്‍ ഓര്‍ഡര്‍ നല്‍കുന്നതിന് മുന്‍പ് അവരുടെ വിശ്വാസ്യത പരിശോധിക്കണം. ഉപഭോക്താക്കളുടെ റിവ്യൂകള്‍, സാധനം തിരിച്ചുനല്‍കുന്നതിനും പണം മടക്കിനല്‍കുന്നതിനുമുള്ള നിബന്ധനകള്‍, ബന്ധപ്പെടാനുള്ള വിവരങ്ങള്‍, ഉപഭോക്തൃസേവന സൗകര്യങ്ങള്‍ എന്നിവ പരിശോധിക്കുന്നത് നല്ലതാണ്.

പേയ്മെന്റ് വിവരങ്ങള്‍ പരിശോധിക്കുക

പരിചിതമായ പേയ്മെന്റ് മാര്‍ഗം തിരഞ്ഞെടുക്കുന്നതു പോലെ തന്നെ ഇടപാട് പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് വിവരങ്ങള്‍ കൃത്യമായി പരിശോധിക്കുന്നതും പ്രധാനമാണ്. യുപിഐ വഴി പണമടയ്ക്കുമ്പോള്‍ പേയ്മെന്റ് സ്‌ക്രീനില്‍ കാണിക്കുന്ന സ്വീകര്‍ത്താവിന്റെ പേരും തുകയും ഉറപ്പാക്കണം. പണം സ്വീകരിക്കുന്നതിന് യുപിഐ പിന്‍ നല്‍കേണ്ടതില്ലെന്ന കാര്യവും ഓര്‍ക്കണം. കാര്‍ഡ് ഉപയോഗിച്ച് പണമടയ്ക്കുമ്പോള്‍ ഇടപാട് അംഗീകരിക്കുന്നതിന് മുന്‍പ് തുക പരിശോധിക്കണം. പരിചയമില്ലാത്ത വെബ്സൈറ്റുകളില്‍ കാര്‍ഡ് വിവരങ്ങള്‍ സേവ് ചെയ്യുന്നതും ഒഴിവാക്കണം.

ഓഫറുകള്‍ കണ്ട് തിരക്കിട്ട് പണമടയ്ക്കരുത്

ഫ്‌ലാഷ് സെയില്‍, കൗണ്ട്ഡൗണ്‍ ടൈമര്‍, അസാധാരണമായ വിലക്കുറവ് തുടങ്ങിയവ ഉപഭോക്താക്കളെ പെട്ടെന്ന് വാങ്ങലിന് പ്രേരിപ്പിക്കാറുണ്ട്. പല ഓഫറുകളും യഥാര്‍ഥമാണെങ്കിലും സമാന തന്ത്രങ്ങള്‍ ഉപയോഗിച്ച് തട്ടിപ്പുകാര്‍ ഉപഭോക്താക്കളെ വ്യാജ ലിങ്കുകളില്‍ എത്തിക്കാനും പേയ്മെന്റ് വിവരങ്ങള്‍ ചോര്‍ത്താനും ശ്രമിക്കാറുണ്ട്.

പണമടയ്ക്കുന്നതിന് മുന്‍പ് വിശ്വാസ്യതയുള്ള മറ്റ് പ്ലാറ്റ്ഫോമുകളിലെ വിലയുമായി താരതമ്യം ചെയ്യണം. ബ്രാന്‍ഡുകളുടെ ഔദ്യോഗിക വെബ്സൈറ്റുകളിലൂടെയോ ആപ്പുകളിലൂടെയോ ഓഫറുകള്‍ യഥാര്‍ഥമാണെന്ന് ഉറപ്പാക്കുകയും വേണം.

ഒടിപി ഷെയർ ചെയ്യരുത്

ഒടിപി, യുപിഐ പിന്‍, ബാങ്കിങ് പാസ്വേഡ് എന്നിവ രഹസ്യമായി സൂക്ഷിക്കേണ്ട വിവരങ്ങളാണ്. ബാങ്കുകളോ പേയ്മെന്റ് നെറ്റ്വര്‍ക്കുകളോ യഥാര്‍ഥ ഉപഭോക്തൃസേവന പ്രതിനിധികളോ ഫോണ്‍, സന്ദേശം, ഇമെയില്‍ എന്നിവ വഴി ഇത്തരം വിവരങ്ങള്‍ ആവശ്യപ്പെടില്ല.