
ശമ്പളത്തിൽ നിന്ന് തൊഴിലുടമ ടിഡിഎസ് ഈടാക്കുന്നുണ്ടെന്ന കാരണത്താൽ മറ്റ് വരുമാനങ്ങളുടെ നികുതി ബാധ്യതയെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് കരുതുന്നവരുണ്ടാകും. എന്നാൽ ബാങ്ക് സ്ഥിരനിക്ഷേപം, വാടക, ഡിവിഡൻഡ് തുടങ്ങിയ വരുമാനങ്ങളുള്ളവർക്ക് അധിക നികുതി ബാധ്യത ഉണ്ടായേക്കാം. സെപ്റ്റംബർ 15നകം അഡ്വാൻസ് ടാക്സ് അടയ്ക്കേണ്ട സാഹചര്യം പലരും ശ്രദ്ധിക്കാതെ പോകുന്നതായും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
തൊഴിലുടമ ശമ്പളത്തിൽ നിന്ന് ഈടാക്കുന്ന ടിഡിഎസ് ശമ്പളവരുമാനവുമായി ബന്ധപ്പെട്ട നികുതി മാത്രമാണ് ഉൾക്കൊള്ളുന്നതെന്ന് സാമ്പത്തിക വിദഗ്ധർ വ്യക്തമാക്കുന്നു. മറ്റ് വരുമാനങ്ങൾക്ക് അത് ബാധകമല്ല എന്നും വിദഗ്ധർ പറയുന്നു. തൊഴിലുടമയുടെ ടിഡിഎസ് നിങ്ങളുടെ ശമ്പളത്തെ മാത്രമാണ് ഉൾക്കൊള്ളുന്നത്. നിങ്ങൾ നേടിയ മറ്റ് വരുമാനങ്ങളെ അത് ഉൾക്കൊള്ളുന്നില്ല എന്നും വിദഗ്ധർ വിശദീകരിക്കുന്നു.
ഏഴ് ശതമാനം വാർഷിക പലിശ ലഭിക്കുന്ന 15 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപം ഉണ്ടെന്ന് കരുതുക. ഇതിൽ നിന്ന് ഒരു വർഷം 1,05,000 പലിശ ലഭിക്കും. ഇതിന് ബാങ്ക് സാധാരണയായി 10 ശതമാനം ടിഡിഎസ്, അതായത് 10,500 രൂപ ഈടാക്കും. എന്നാൽ നികുതിദായകൻ 30 ശതമാനം നികുതി സ്ലാബിലാണെങ്കിൽ പലിശ വരുമാനത്തിന് യഥാർഥ നികുതി ബാധ്യത ഏകദേശം 32,760 രൂപ ആയേക്കാം. ബാങ്ക് ഇതിനകം ഈടാക്കിയ 10,500 രൂപ കുറച്ചാൽ ഏകദേശം 22,260 രൂപ കൂടി നികുതിയായി അടയ്ക്കേണ്ടിവരും.
ഒരു സാമ്പത്തിക വർഷത്തിൽ ടിഡിഎസ് ഉൾപ്പെടെയുള്ള നികുതി ക്രമീകരണങ്ങൾക്ക് ശേഷം അടയ്ക്കാനുള്ള നികുതി 10,000ൽ കൂടുതലാണെങ്കിൽ അഡ്വാൻസ് ടാക്സ് ബാധ്യത ഉണ്ടാകാം. അഡ്വാൻസ് ടാക്സ് സാധാരണയായി നാല് ഗഡുക്കളായാണ് അടയ്ക്കുന്നത്. ജൂൺ 15ന് 15 ശതമാനം, സെപ്റ്റംബർ 15ന് 45 ശതമാനം, ഡിസംബർ 15ന് 75 ശതമാനം, മാർച്ച് 15ന് 100 ശതമാനം എന്നിങ്ങനെയാണ് നിശ്ചയിച്ചിട്ടുള്ളത്. മുകളിലെ ഉദാഹരണം അനുസരിച്ചാണെങ്കിൽ ബാക്കിയുള്ള 22,260 രൂപയുടെ 45 ശതമാനം സെപ്റ്റംബർ 15നകം അടയ്ക്കേണ്ടിവരും.
അഡ്വാൻസ് ടാക്സ് ഗഡു കൃത്യസമയത്ത് അടച്ചില്ലെങ്കിൽ ആദായനികുതി നിയമത്തിലെ സെക്ഷൻ 234സി പ്രകാരം പലിശ ബാധകമായേക്കാം. കുറവ് തുക സമയത്ത് അടയ്ക്കാത്ത സാഹചര്യത്തിൽ പ്രതിമാസം ഒരു ശതമാനം നിരക്കിൽ പലിശ ഈടാക്കുന്ന വ്യവസ്ഥയാണിത്. മാർച്ചിൽ മുഴുവൻ നികുതിയും ഒരുമിച്ച് അടച്ചാൽ നേരത്തെയുള്ള ഗഡു വൈകിയതിനുള്ള പലിശ ഒഴിവാക്കാമെന്ന ധാരണ ശരിയല്ലെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
സ്ഥിരനിക്ഷേപ പലിശയ്ക്ക് പുറമെ വാടക, ഡിവിഡൻഡ് തുടങ്ങിയ വരുമാനങ്ങളും നികുതി ബാധ്യത വർധിപ്പിച്ചേക്കാം. അതിനാൽ സെപ്റ്റംബർ 15ന് മുമ്പ് ശമ്പളത്തിന് പുറമെ ലഭിക്കുന്ന എല്ലാ വരുമാനങ്ങളും കണക്കാക്കേണ്ടതുണ്ട്. ആദ്യം മൊത്തം അധിക വരുമാനം കണ്ടെത്തുക. തുടർന്ന് ബാങ്കുകളോ മറ്റ് സ്ഥാപനങ്ങളോ ഇതിനകം ഈടാക്കിയ ടിഡിഎസ് കുറയ്ക്കണം. ശേഷിക്കുന്ന നികുതി ബാധ്യത 10,000 രൂപയിൽ കൂടുതലാണെങ്കിൽ അഡ്വാൻസ് ടാക്സ് ബാധ്യതയുണ്ടോയെന്ന് പരിശോധിക്കണം.
വ്യക്തിയുടെ നികുതി സ്ലാബ്, ലഭ്യമായ കിഴിവുകൾ, മറ്റ് വരുമാനങ്ങൾ എന്നിവ അനുസരിച്ച് അന്തിമ നികുതി ബാധ്യതയിൽ വ്യത്യാസമുണ്ടാകും. അതിനാൽ കൃത്യമായ കണക്കുകൾക്കായി ചാർട്ടേഡ് അക്കൗണ്ടന്റിന്റെ സഹായം തേടുന്നതാണ് ഉചിതം.