ഇന്ത്യൻ സ്മാർട്ട്‌ഫോൺ വിപണിയിൽ ചൈനീസ് ബ്രാൻഡുകളുടെ ആധിപത്യം ഗണ്യമായി കുറയുന്നു. മെമ്മറി ചിപ്പുകളുടെ വിലക്കയറ്റവും ബജറ്റ് ഫോണുകളുടെ ആവശ്യകതയിലുണ്ടായ ഇടിവുമാണ് ഇതിന് പ്രധാന കാരണം. ഇതോടെ സാംസങ് വീണ്ടും വിപണിയിൽ ഒന്നാം സ്ഥാനത്തെത്തി.

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ചൈനീസ് ബ്രാന്‍ഡുകളുടെ ആധിപത്യം കുറയുന്നു. മെമ്മറി ചിപ്പുകളുടെ വില ഉയരുന്നതും വില കുറഞ്ഞ ഫോണുകള്‍ക്ക് ആവശ്യക്കാര്‍ കുറയുന്നതും ഉല്‍പന്ന തന്ത്രങ്ങളില്‍ മാറ്റം വരുത്താന്‍ കമ്പനികളെ നിര്‍ബന്ധിതരാക്കുകയാണ്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയിലെ ഏറ്റവും ദുര്‍ബലമായ മൂന്നാം പാദമാണ് ഇത്തവണ സ്മാര്‍ട്ട്‌ഫോണ്‍ വിപണി രേഖപ്പെടുത്തിയതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ 75 ശതമാനമായിരുന്ന ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികളുടെ വിപണി വിഹിതം ഈ വര്‍ഷം ഇതേ കാലയളവില്‍ ഏകദേശം 68 ശതമാനമായി കുറഞ്ഞു.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

വിപണിയിലെ ഈ ഇടിവ് ചൈനീസ് ബ്രാന്‍ഡുകള്‍ നേരിടുന്ന വെല്ലുവിളികളുടെ വ്യാപ്തി വ്യക്തമാക്കുന്നു. കൗണ്ടര്‍പോയിന്റ് റിസര്‍ച്ചിന്റെ കണക്കനുസരിച്ച്, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സെപ്റ്റംബര്‍ പാദത്തില്‍ ചൈനീസ് ബ്രാന്‍ഡുകളുടെ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പന 20 ശതമാനം കുറഞ്ഞു. ഒംഡിയയുടെ കണക്കില്‍ ഇടിവ് 26 ശതമാനമാണ്.

വില കുറഞ്ഞ ഫോണുകള്‍ക്ക് തിരിച്ചടി

വില കുറഞ്ഞ ഫോണുകളെ ആശ്രയിച്ച് വലിയ വില്‍പന നേടുന്ന ചൈനീസ് കമ്പനികളെയാണ് നിലവിലെ സാഹചര്യം ഏറ്റവും കൂടുതല്‍ ബാധിച്ചത്. തുടര്‍ച്ചയായ വിലവര്‍ധനവ് കാരണം എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്‌ഫോണുകളുടെ വില ഉയര്‍ന്നു. ഇത് ഉപയോക്താക്കളുടെ വാങ്ങല്‍ തീരുമാനങ്ങളെയും കമ്പനികളുടെ വില്‍പനയെയും ബാധിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. വില കുറഞ്ഞതും ഓണ്‍ലൈന്‍ വില്‍പനയ്ക്കായി മാത്രം പുറത്തിറക്കിയതുമായ ഫോണുകളുടെ പുതിയ മോഡലുകള്‍ കുറവായതും തിരിച്ചടിയായി. മെമ്മറി ചിപ്പുകളുടെ വില ഉയരുന്നതാണ് ഈ പ്രതിസന്ധിയുടെ പ്രധാന കാരണങ്ങളിലൊന്ന്. സ്മാര്‍ട്ട്‌ഫോണുകളില്‍ ഉപയോഗിക്കുന്ന ഡിആര്‍എഎം , നാന്‍ഡ് മെമ്മറി ചിപ്പുകള്‍ക്ക് വില വര്‍ധിച്ചതോടെ ബജറ്റ് ഫോണുകളുടെ നിര്‍മാണച്ചെലവ് ഗണ്യമായി ഉയര്‍ന്നു.

വിവോ, ഓപ്പോ, ഷവോമി എന്നിവയ്ക്ക് ഇടിവ്

ചൈനീസ് കമ്പനികളുടെ വില്‍പനയിലെ ഇടിവ് പ്രധാന ബ്രാന്‍ഡുകളെയും ബാധിച്ചു. ഒംഡിയയുടെ കണക്കുകള്‍ പ്രകാരം, വിവോയുടെ സെപ്റ്റംബര്‍ പാദത്തിലെ വില്‍പന മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 34 ശതമാനം കുറഞ്ഞ് 64 ലക്ഷം യൂണിറ്റായി. ഓപ്പോയുടെ വില്‍പന 24 ശതമാനം കുറഞ്ഞ് 49 ലക്ഷം യൂണിറ്റിലെത്തി. ഷവോമിയുടേത് 28 ശതമാനം കുറഞ്ഞ് 47 ലക്ഷം യൂണിറ്റായി. അതേസമയം, 67 ലക്ഷം യൂണിറ്റുകളുടെ വില്‍പനയുമായി സാംസങ് വീണ്ടും ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഒന്നാം സ്ഥാനത്തെത്തി.