അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലാതിരുന്നതിന് പിഴയടച്ചിട്ടുണ്ടോ? ബാങ്കുകൾ ഉപഭോക്താക്കളിൽ നിന്ന് പിരിച്ചത് കോടികൾ, കണക്കുകൾ പുറത്ത്

Published : Jul 29, 2026, 11:16 AM IST
Bank Minimum Balance Charges

Synopsis

ബാങ്ക് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് നിലനിർത്താത്തവരിൽ നിന്ന് കോടികൾ പിഴയായി ഈടാക്കി രാജ്യത്തെ പ്രമുഖ സ്വകാര്യ, പൊതുമേഖലാ ബാങ്കുകൾ. എച്ച്‌ഡിഎഫ്‌സി, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയ ബാങ്കുകൾ ആണ് ഉപഭോക്താക്കളിൽ നിന്ന് ഏറ്റവും കൂടുതൽ പിഴ പിരിച്ചിട്ടുള്ളത്. പല പൊതുമേഖലാ ബാങ്കുകളും സേവിങ്സ് അക്കൗണ്ടുകളിലെ ഈ പിഴ ഒഴിവാക്കിയിട്ടുമുണ്ട്.

ബാങ്ക് അക്കൗണ്ടുകളിൽ മിനിമം ശരാശരി ബാലൻസ് (MAB) നിലനിർത്താത്ത ഉപഭോക്താക്കളിൽ നിന്ന് വൻതുക പിഴയായി ഈടാക്കി രാജ്യത്തെ പ്രമുഖ ബാങ്കുകൾ. സ്വകാര്യ മേഖലയിൽ എച്ച്‌ഡിഎഫ്‌സി ബാങ്കും ആക്‌സിസ് ബാങ്കുമാണ് പിഴ ഈടാക്കുന്നതിൽ മുന്നിൽ നിൽക്കുന്നത്. പൊതുമേഖലാ ബാങ്കുകളിൽ ബാങ്ക് ഓഫ് ബറോഡയാണ് ഏറ്റവും കൂടുതൽ തുക പിഴയായി ഈടാക്കിയത്. രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് ധനകാര്യ സഹമന്ത്രി പങ്ക്ജ ചൗധരി ബാങ്കുകൾ ഈടാക്കിയ തുകയുടെ വിവരങ്ങൾ വ്യക്തമാക്കിയത്.

ധനമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം സ്വകാര്യ ബാങ്കുകളായ എച്ച്‌ഡിഎഫ്‌സി ബാങ്ക് 5,670 കോടി രൂപയും ആക്‌സിസ് ബാങ്ക് 3,787 കോടി രൂപയും ഐസിഐസിഐ ബാങ്ക് 1,578.29 കോടി രൂപയും കോട്ടക് മഹീന്ദ്ര ബാങ്ക് 998.41 കോടി രൂപയും പിഴയായി ഈടാക്കി. 2022-23 സാമ്പത്തിക വർഷം മുതൽ 2025-26 വരെയുള്ള കാലയളവിലെ കണക്കാണിത്.

പൊതുമേഖലാ ബാങ്കുകളുടെ 2021-22 മുതൽ 2025-26 വരെയുള്ള അഞ്ചു വർഷത്തെ കണക്കുകൾ നോക്കുമ്പോൾ ബാങ്ക് ഓഫ് ബറോഡയാണ് 2,028 കോടി രൂപയുമായി ഒന്നാം സ്ഥാനത്തുള്ളത്. പഞ്ചാബ് നാഷണൽ ബാങ്ക് 1,896 കോടി രൂപയും ഇന്ത്യൻ ബാങ്ക് 1,777 കോടി രൂപയും കനറ ബാങ്ക് 1,524.08 കോടി രൂപയും ബാങ്ക് ഓഫ് ഇന്ത്യ 816.24 കോടി രൂപയും ഉപഭോക്താക്കളിൽ നിന്ന് ഈടാക്കി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) 1,600.77 കോടി രൂപയാണ് ഈടാക്കിയത്. എന്നാൽ എസ്ബിഐ, 2020 മാർച്ച് മുതൽ സേവിങ്സ് അക്കൗണ്ടുകളിലെ മിനിമം ബാലൻസ് പിഴ പൂർണമായും ഒഴിവാക്കിയതിനാൽ ഈ തുക കറന്റ് അക്കൗണ്ടുകളിൽ നിന്ന് ഈടാക്കിയ തുകയാണ്.

അതേസമയം, സാധാരണക്കാർക്കായി ആരംഭിച്ച പ്രധാൻ മന്ത്രി ജനധൻ യോജന (PMJDY) അക്കൗണ്ടുകൾക്കും ബിഎസ്ബിഡിഎ (BSBDA) അക്കൗണ്ടുകൾക്കും മിനിമം ബാലൻസ് വ്യവസ്ഥയോ പിഴയോ ബാധകമല്ലെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. കൂടാതെ, ബാങ്കിങ് സേവനങ്ങൾ കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായി പൊതുമേഖലയിലെ 12 ബാങ്കുകളിൽ 10 എണ്ണവും സേവിങ്സ് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് ഇല്ലാത്തതിനുള്ള പിഴ പൂർണ്ണമായും നിർത്തലാക്കിയിട്ടുണ്ട്.

റിസർവ് ബാങ്ക് (RBI) നിർദേശപ്രകാരം മിനിമം ബാലൻസ് കുറയുമ്പോൾ ബാങ്കുകൾ അത് എസ്‌എംഎസ്, ഇമെയിൽ അല്ലെങ്കിൽ കത്ത് വഴി ഉപഭോക്താവിനെ അറിയിക്കണം. അക്കൗണ്ടിൽ ആവശ്യമായ ബാലൻസ് ആഡ് ചെയ്യാൻ നിശ്ചിത സമയം നൽകിയ ശേഷമേ ബാങ്കുകൾക്ക് പിഴ ഈടാക്കാൻ സാധിക്കൂവെന്ന നിബന്ധനയുമുണ്ട്.

PREV
Read more Articles on
click me!

Recommended Stories

'സിംഗിള്‍ പസങ്ക'ള്ക്ക് ലൈഫ് ഇന്‍ഷുറന്‍സ് വേണ്ടേ? തീരുമാനമെടുക്കും മുൻപ് ഓർക്കാൻ
വീട് വാങ്ങാനോ ഹോം ലോൺ അടയ്ക്കാനോ പിഎഫ് പിൻവലിക്കാൻ പ്ലാനുണ്ടോ? അറിയാം പുതിയ നിയമങ്ങളും നിബന്ധനകളും