
ഒരു സാധനം വാങ്ങുന്നതിന് മുന്‍പ് ബാങ്ക് ബാലന്‍സ് നോക്കുക, മ്യൂച്വല്‍ ഫണ്ട് എസ്ഐപിയില്‍ കുറച്ചു രൂപ വര്‍ധിപ്പിക്കുക, അല്ലെങ്കില്‍ വര്‍ഷത്തിലൊരിക്കല്‍ ഇന്‍ഷുറന്‍സ് പോളിസി പരിശോധിക്കുക... ഇതൊക്കെ കേള്‍ക്കുമ്പോള്‍ 'ബോറന്‍' കാര്യങ്ങളായി തോന്നാം. എന്നാല്‍ വിപണിയിലെ പുതിയ നിക്ഷേപ ട്രെന്‍ഡുകള്‍ക്ക് പിന്നാലെ പായുന്നതിനേക്കാള്‍ നിങ്ങളുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ സഹായിക്കുന്നത് ഇത്തരം ചെറിയ തീരുമാനങ്ങളാണ്. നിങ്ങളുടെ സാമ്പത്തിക അടിത്തറ ശക്തമാക്കാന്‍ സഹായിക്കുന്ന ചില ചെറിയ ശീലങ്ങള്‍ നോക്കാം.
മാസം മുഴുവന്‍ ആവശ്യങ്ങൾക്ക് പണം ചെലവാക്കിയ ശേഷം ബാക്കി വരുന്ന തുക നിക്ഷേപിക്കാം എന്ന രീതി മാറ്റുക. പകരം, ശമ്പളം അല്ലെങ്കില്‍ വരുമാനം കയ്യില്‍ കിട്ടുമ്പോള്‍ തന്നെ ഒരു ഭാഗം നിക്ഷേപങ്ങള്‍ക്കായി മാറ്റിവെക്കുക. അതൊരു എസ്ഐപി, റിക്കറിങ് ഡിപ്പോസിറ്റ് അല്ലെങ്കില്‍ എമര്‍ജന്‍സി ഫണ്ടിലേക്കുള്ള നിക്ഷേപമോ ആകാം. ഇവിടെ നിക്ഷേപിക്കുന്ന തുകയേക്കാള്‍ പ്രധാനം അത് കൃത്യമായി നടക്കുന്നുണ്ട് എന്ന് ഉറപ്പാക്കുന്നതാണ്. നേരത്തെ നിക്ഷേപം തുടങ്ങുന്നതിലൂടെയും കൃത്യത പുലര്‍ത്തുന്നതിലൂടെയും കൂട്ടുപലിശയുടെ ഗുണം ലഭിക്കും
നിത്യച്ചെലവുകള്‍ക്കായുള്ള പണത്തിന് പുറമെ ഒരു എമര്‍ജന്‍സി ഫണ്ട് എപ്പോഴും കരുതിവെക്കണം. അപ്രതീക്ഷിതമായി വരുന്ന ഹോസ്പിറ്റല്‍ ചെലവുകള്‍, അല്ലെങ്കില്‍ ജോലി നഷ്ടപ്പെടുന്ന അവസ്ഥ എന്നിവയുണ്ടായാല്‍ ക്രെഡിറ്റ് കാര്‍ഡുകളെയും പേഴ്സണല്‍ ലോണുകളെയും ആശ്രയിക്കാതിരിക്കാന്‍ ഇത് സഹായിക്കും.
ദിവസവും കുടിക്കുന്ന ചായയുടെ കണക്ക് വരെ എപ്പോഴും എഴുതിവെക്കണമെന്നല്ല ഇതിനര്‍ത്ഥം. എന്നാല്‍ മാസത്തിലൊരിക്കല്‍ ബാങ്ക്, ക്രെഡിറ്റ് കാര്‍ഡ് സ്റ്റേറ്റ്മെന്റുകള്‍ പരിശോധിക്കുന്നത് വളരെ നല്ലതാണ്. നമ്മള്‍ മറന്നുപോയ പല സബ്സ്‌ക്രിപ്ഷനുകളും, ചെറിയ ഫീസുകളും കണ്ടെത്താന്‍ ഇത് സഹായിക്കും. പലര്‍ക്കും അമിതച്ചെലവെന്ന പ്രശ്‌നത്തേക്കാള്‍ കൂടുതല്‍ പണം അറിയാതെ ചോര്‍ന്നുപോകുന്ന 'മണി ലീക്ക്' പ്രശ്‌നമാണുള്ളത്.
ശമ്പളവര്‍ധനവോ ബോണസോ കിട്ടുമ്പോള്‍, അല്ലെങ്കില്‍ ബിസിനസില്‍ മികച്ച ലാഭം കിട്ടുമ്പോള്‍ ആ തുക മുഴുവന്‍ ആഡംബര ജീവിതത്തിനായി ചെലവാക്കരുത്. അധികമായി ലഭിച്ച വരുമാനത്തിന്റെ ഒരു ഭാഗം നിക്ഷേപങ്ങള്‍ കൂട്ടാനോ നിലവിലെ കടങ്ങള്‍ വേഗത്തില്‍ തീര്‍ക്കാനോ ഉപയോഗിച്ചാല്‍ ഭാവിയില്‍ വലിയ മാറ്റമുണ്ടാക്കാം. ആഗ്രഹങ്ങളെല്ലാം മാറ്റിവെക്കണമെന്നല്ല, മറിച്ച് വരുമാനം കൂടുന്ന വേഗതയില്‍ ചെലവുകള്‍ വര്‍ധിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
വിപണിയില്‍ എപ്പോഴും മാറ്റങ്ങളുണ്ടാകാം, പുതിയ മ്യൂച്വല്‍ ഫണ്ടുകളും നിക്ഷേപ പദ്ധതികളും വന്നുകൊണ്ടേയിരിക്കും. എന്നാല്‍ വിപണിയിലെ താല്‍ക്കാലിക മാറ്റങ്ങള്‍ കണ്ട് അടിക്കടി നിക്ഷേപങ്ങള്‍ മാറ്റുന്നത് യഥാര്‍ത്ഥ സാമ്പത്തിക ലക്ഷ്യങ്ങളില്‍ നിന്ന് നിങ്ങളെ അകറ്റും. മ്യൂച്വല്‍ ഫണ്ടുകള്‍ വൈവിധ്യവല്‍ക്കരണത്തിന് സഹായിക്കുമെങ്കിലും, നിക്ഷേപിക്കുന്നതിന് മുന്‍പ് അവയുടെ റിസ്‌ക്, പ്രതീക്ഷിക്കാവുന്ന ആദായം, സ്വന്തം സാമ്പത്തിക ലക്ഷ്യങ്ങള്‍ എന്നിവ പരിഗണിക്കണമെന്ന് സെബി വ്യക്തമാക്കുന്നുണ്ട്.
നിങ്ങളുടെ ഇന്‍ഷുറന്‍സ് പോളിസികളും മറ്റ് സാമ്പത്തിക പരിരക്ഷകളും വര്‍ഷത്തിലൊരിക്കല്‍ പരിശോധിക്കണം. നിങ്ങളുടെ വരുമാനം, കടങ്ങള്‍, കുടുംബത്തിലെ ഉത്തരവാദിത്തങ്ങള്‍, ആരോഗ്യ ആവശ്യങ്ങള്‍ എന്നിവ കാലക്രമേണ മാറും. അഞ്ചു വര്‍ഷം മുന്‍പ് എടുത്ത ഒരു പോളിസി ഇന്നത്തെ ആവശ്യങ്ങള്‍ക്ക് തികഞ്ഞെന്നുവരില്ല. ജീവിതത്തില്‍ വലിയ മാറ്റങ്ങളുണ്ടാകുമ്പോള്‍ (വിവാഹം, കുട്ടികള്‍ തുടങ്ങിയവ) പോളിസികളിലെ നോമിനികളുടെ വിവരങ്ങളും പ്രധാന സാമ്പത്തിക രേഖകളും കൃത്യമായി പുതുക്കാന്‍ മറക്കരുത്.