കടക്കെണിയിലായാല്‍ ഇപിഎഫും പിപിഎഫും ബാങ്കുകള്‍ പിടിച്ചെടുക്കുമോ? നിയമം പറയുന്നത് എന്ത്?

Published : Nov 09, 2026, 03:53 PM IST
indian currency

Synopsis

വായ്പ തിരിച്ചടവ് മുടങ്ങുകയോ കടക്കെണിയിലാവുകയോ ചെയ്താൽ ഇപിഎഫ്, പിപിഎഫ് അക്കൗണ്ടുകളിലെ പണം ബാങ്കുകൾക്ക് ഈടാക്കാൻ കഴിയുമോ എന്നത് പലർക്കുമുള്ള സംശയമാണ്. നിയമപ്രകാരം ഈ രണ്ട് റിട്ടയർമെന്റ് സമ്പാദ്യങ്ങൾക്കും വലിയ സുരക്ഷിതത്വമാണ് ഉള്ളത്.

വായ്പ തിരിച്ചടവ് മുടങ്ങുകയോ കടക്കെണിയിലാവുകയോ ചെയ്യുമ്പോള്‍ പലരെയും അലട്ടുന്ന പ്രധാനപ്പെട്ടൊരു സംശയമാണ്, കയ്യിലുള്ള എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടിലെയും പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടിലെയും പണം ബാങ്കുകള്‍ക്കോ കടം കൊടുത്തവര്‍ക്കോ ഈടാക്കാന്‍ കഴിയുമോ എന്നത്. എന്നാല്‍, ഈ രണ്ട് റിട്ടയര്‍മെന്റ് സമ്പാദ്യങ്ങള്‍ക്കും നിയമപ്രകാരം വലിയ സുരക്ഷിതത്വമാണ് ഉള്ളത്.

ഇപിഎഫിന് പൂര്‍ണമായ നിയമസുരക്ഷ

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ആന്‍ഡ് മിസെലീനിയസ് പ്രൊവിഷന്‍സ് ആക്ട് സെക്ഷന്‍ 10 പ്രകാരം ഇപിഎഫ് അംഗത്തിന്റെ അക്കൗണ്ടിലുള്ള തുക ഏതെങ്കിലും കടബാധ്യതയ്‌ക്കോ കോടതി ഉത്തരവുകള്‍ക്കോ വേണ്ടി കണ്ടുകെട്ടാന്‍ കഴിയില്ല.

അതായത് ഭവന വായ്പ, പേഴ്‌സണല്‍ ലോണ്‍, ക്രെഡിറ്റ് കാര്‍ഡ് കുടിശിക തുടങ്ങിയ തിരിച്ചടവുകള്‍ മുടങ്ങിയാലും, കടം കൊടുത്തവര്‍ക്ക് നേരിട്ട് ഇ.പി.എഫ് ഓഫീസിനെ സമീപിച്ച് നിങ്ങളുടെ ഇ.പി.എഫ് ബാലന്‍സ് തുക കൈമാറാന്‍ ആവശ്യപ്പെടാനാവില്ല. ഈ നിയമസംരക്ഷണം പെന്‍ഷന്‍, ഇന്‍ഷുറന്‍സ് പദ്ധതികളിലെ ചില തുകകള്‍ക്കും ബാധകമാണ്.

പി പി എഫ് നിക്ഷേപങ്ങളും സുരക്ഷിതം

ഇപിഎഫ് പോലെതന്നെ പിപിഎഫ് അക്കൗണ്ടുകള്‍ക്കും നിയമപരമായ സംരക്ഷണം ലഭിക്കുന്നുണ്ട്. ഗവണ്‍മെന്റ് സേവിങ്‌സ് പ്രൊമോഷന്‍ ആക്ട് സെക്ഷന്‍ 14എ പ്രകാരവും, പി.പി.എഫ് സ്‌കീം പ്രകാരവും കടബാധ്യതകളുടെ പേരില്‍ കോടതി ഉത്തരവിലൂടെ പി.പി.എഫ് അക്കൗണ്ടിലെ പണം കണ്ടുകെട്ടാന്‍ സാധിക്കില്ല.

ഇതിനര്‍ത്ഥം, സാധാരണ കടം വീണ്ടെടുക്കല്‍ നടപടികള്‍ വഴി ആര്‍ക്കും നിങ്ങളുടെ പി.പി.എഫ് ബാലന്‍സ് ഒറ്റയടിക്ക് പിടിച്ചെടുക്കാനാവില്ല എന്നാണ്. അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചാല്‍ സ്ഥിതി മാറും. ഈ നിയമസംരക്ഷണം സംബന്ധിച്ച് ചില പ്രധാന കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്.

അക്കൗണ്ടിനകത്ത് കിടക്കുന്ന പണത്തിന് മാത്രം: ഈ നിയമപരമായ സംരക്ഷണം ഇപിഎഫ് അല്ലെങ്കില്‍ പിപിഎഫ് അക്കൗണ്ടിനുള്ളില്‍ കിടക്കുന്ന പണത്തിന് മാത്രമാണ് ബാധകം.

സാധാരണ അക്കൗണ്ടിലേക്ക് മാറ്റിയാല്‍: അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ച് സാധാരണ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയാല്‍ ഈ പ്രത്യേക സംരക്ഷണം നഷ്ടപ്പെടാം.

മറ്റ് ആസ്തികള്‍: ഈ അക്കൗണ്ടുകളില്‍ നിന്ന് മുമ്പ് പിന്‍വലിച്ച പണം ഉപയോഗിച്ച് വാങ്ങുന്ന മറ്റ് സ്വത്തുക്കള്‍ക്കോ ആസ്തികള്‍ക്കോ ഇതേ സംരക്ഷണം സ്വയം ലഭിക്കണമെന്നില്ല.

സിവില്‍ പ്രൊസിജര്‍ കോഡ് സെക്ഷന്‍ 60 പ്രകാരവും പിഎഫ്, പി.പി.എഫ് നിക്ഷേപങ്ങളെ കടം കണ്ടുകെട്ടുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ ഈ പ്രത്യേക സംരക്ഷണമില്ലാത്ത മറ്റ് ആസ്തികള്‍ക്കെതിരെ കടക്കാര്‍ക്ക് നിയമപരമായ നടപടികളുമായി മുന്നോട്ടുപോകാം.

PREV
BK
About the Author

Balu KG

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ബിരുദാനന്തര ബിരുദവും മാസ് കമ്യൂണിക്കേഷനിൽ ഡിപ്ലോമയും. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, ആരോഗ്യം, ശാസ്ത്രം, ചരിത്രം, ഫോട്ടോഗ്രഫി, എണ്‍വയോണ്‍മെന്‍റല്‍ സയന്‍സ്, എന്‍റര്‍ടൈന്‍മെന്‍റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 17 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: balu.kg@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഹെൽത്ത് ഇൻഷുറൻസ് എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ; ഇക്കാര്യം അറിഞ്ഞില്ലെങ്കിൽ പോക്കറ്റ് കീറും
ഉത്സവകാല ഷോപ്പിങ്ങില്‍ വന്‍ ഓഫറുകളോ? പണം നഷ്ടപ്പെടാതിരിക്കാന്‍ ഓണ്‍ലൈന്‍ പേയ്മെന്റിന് മുന്‍പ് ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍