മ്യൂച്വല്‍ ഫണ്ടിലും ഇന്‍ഷുറന്‍സിലും കുട്ടികളെ നോമിനിയാക്കാമോ? നിക്ഷേപകര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

Published : Sep 09, 2026, 01:00 PM IST
mutual fund

Synopsis

മ്യൂച്വല്‍ ഫണ്ട്, ഇന്‍ഷുറന്‍സ് പോലുള്ള നിക്ഷേപങ്ങളില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ നോമിനിയാക്കാന്‍ സാധിക്കും. എന്നാല്‍, കുട്ടിക്ക് 18 വയസ്സാകുന്നത് വരെ തുക കൈകാര്യം ചെയ്യാന്‍ ഒരു രക്ഷിതാവിനെ നിയമിക്കേണ്ടതുണ്ട്. നോമിനി എന്നത് നിക്ഷേപത്തിന്റെ യഥാര്‍ത്ഥ അവകാശിയല്ല, മറിച്ച് ഒരു സൂക്ഷിപ്പുകാരന്‍ മാത്രമാണ്.

മ്യൂച്വല്‍ ഫണ്ടിലോ ഇന്‍ഷുറന്‍സിലോ നിക്ഷേപിക്കുമ്പോള്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ് നോമിനിയെ ചേര്‍ക്കുക എന്നത്. നിക്ഷേപകന്റെ മരണശേഷം ഈ തുക ആര്‍ക്കാണോ ലഭിക്കേണ്ടത്, ആ വ്യക്തിയെയാണ് നോമിനിയായി വെക്കുന്നത്. സ്വന്തം കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാന്‍ അവരെത്തന്നെ നോമിനിയാക്കാന്‍ ആഗ്രഹിക്കുന്ന നിരവധി പേരുണ്ട്. എന്നാല്‍, നോമിനി എന്നത് ആ നിക്ഷേപത്തിന്റെ യഥാര്‍ത്ഥ അവകാശിയല്ല എന്ന് പലര്‍ക്കും അറിയില്ല. മരണശേഷം സ്വത്തുക്കള്‍ സൂക്ഷിക്കാനുള്ള ഒരു വ്യക്തി മാത്രമാണ് നോമിനി. വില്‍പ്പത്രമോ അല്ലെങ്കില്‍ പിന്തുടര്‍ച്ചാ നിയമങ്ങളോ അടിസ്ഥാനമാക്കിയാണ് യഥാര്‍ത്ഥ അവകാശിയെ തീരുമാനിക്കുന്നത്.

കുട്ടികളെ നോമിനിയാക്കാന്‍ സാധിക്കുമോ?

തീര്‍ച്ചയായും സാധിക്കും. ഇന്‍ഷുറന്‍സ് പോളിസികള്‍, മ്യൂച്വല്‍ ഫണ്ടുകള്‍, സ്ഥിര നിക്ഷേപങ്ങള്‍ , എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് എന്നിവയിലെല്ലാം പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ നോമിനിയാക്കാം. ഇതിന് പ്രായപരിധിയില്ല.ഇനി നോമിനിയെ വെക്കാന്‍ താല്പര്യമില്ലാത്തവര്‍ക്ക്, അതിനുള്ള പ്രത്യേക സത്യവാങ്മൂലം നല്‍കി ഒഴിവാകാനും സാധിക്കും. ബാങ്ക്, ബ്രോക്കര്‍ അല്ലെങ്കില്‍ മ്യൂച്വല്‍ ഫണ്ട് പ്ലാറ്റ്‌ഫോം അക്കൗണ്ടുകള്‍ വഴി ഇത് ചെയ്യാം.

തുക കുട്ടികള്‍ക്ക് നേരിട്ട് ലഭിക്കുമോ?

കുട്ടികളെ നോമിനിയാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇതാണ്. പ്രായപൂര്‍ത്തിയാകാത്ത നോമിനിക്ക് നിക്ഷേപത്തുക നേരിട്ട് കൈകാര്യം ചെയ്യാന്‍ സാധിക്കില്ല. പകരം, കുട്ടികള്‍ക്ക് 18 വയസ്സാകുന്നത് വരെ ഈ തുക കൈപ്പറ്റാനും കൈകാര്യം ചെയ്യുന്നതിനും ഒരു രക്ഷിതാവിനെയോ അല്ലെങ്കില്‍ മറ്റൊരാളെയോ ചുമതലപ്പെടുത്തണം.

ഇന്‍ഷുറന്‍സ് നിയമപ്രകാരം, പോളിസിയുടമകള്‍ക്ക് കുട്ടികളെ നോമിനിയാക്കാനും അവര്‍ക്ക് വേണ്ടി തുക കൈപ്പറ്റാന്‍ മറ്റൊരാളെ നിയോഗിക്കാനും സാധിക്കും. കുടുംബത്തില്‍ ഭാവിയില്‍ തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ ഏറ്റവും വിശ്വസ്തനായ ഒരാളെ വേണം രക്ഷിതാവായി നിയമിക്കാന്‍. ജീവിതത്തിലെ പ്രധാനപ്പെട്ട ഘട്ടങ്ങളില്‍ നോമിനിയുടെ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാനും ശ്രദ്ധിക്കണം. മ്യൂച്വല്‍ ഫണ്ട്, ഇന്‍ഷുറന്‍സ്, എഫ്.ഡി തുടങ്ങി ഓരോ നിക്ഷേപങ്ങളിലും ഗാര്‍ഡിയനെ വെക്കുന്ന നടപടിക്രമങ്ങള്‍ വ്യത്യാസപ്പെടാം. എങ്കിലും പൊതുവായി രക്ഷിതാവിന്റെ കെ.വൈ.സി രേഖകള്‍, കുട്ടിയുമായുള്ള ബന്ധം തെളിയിക്കുന്ന രേഖകള്‍ എന്നിവ ഇതിനായി നല്‍കേണ്ടതുണ്ട്.

കുട്ടിക്ക് 18 വയസ്സാകും മുന്‍പ് രക്ഷിതാവ് മരിച്ചാല്‍ എന്ത് സംഭവിക്കും?

നോമിനിയായ കുട്ടിക്ക് 18 വയസ്സാകും മുന്‍പ്, തുക കൈകാര്യം ചെയ്യാന്‍ ഏല്‍പ്പിച്ച വ്യക്തി മരണപ്പെട്ടാല്‍ കാര്യങ്ങള്‍ അല്പം സങ്കീര്‍ണ്ണമാകും. പ്രത്യേകിച്ച് അക്കൗണ്ട് ഉടമ കൃത്യമായ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്തിട്ടില്ലെങ്കില്‍.ഈ സാഹചര്യത്തില്‍ പകരം മറ്റൊരാളെയോ ട്രസ്റ്റിയെയോ നിയമിക്കാന്‍ ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുള്ള പല സാമ്പത്തിക നിക്ഷേപങ്ങളിലും വ്യവസ്ഥയുണ്ട്. ഇങ്ങനെ ഒരാളുണ്ടെങ്കില്‍ കുട്ടിക്ക് പ്രായപൂര്‍ത്തിയാകുന്നത് വരെ അവര്‍ക്ക് തുക കൈകാര്യം ചെയ്യാം.എന്നാല്‍, പകരക്കാരനെ കണ്ടെത്തിയിട്ടില്ലെങ്കില്‍ ഫണ്ട് കൈകാര്യം ചെയ്യാന്‍ കോടതി ഒരു പുതിയ രക്ഷിതാവിനെയോ ട്രസ്റ്റിയെയോ നിയമിക്കും. ഓരോ സംസ്ഥാനത്തും ഇതിന്റെ നടപടിക്രമങ്ങള്‍ വ്യത്യാസപ്പെടാം. ഇത് തുക ലഭിക്കാന്‍ കാലതാമസമുണ്ടാക്കുകയും ചെയ്യും.

PREV
Read more Articles on
click me!

Recommended Stories

വീടിന് വില കൂടിയത് 59%, നിര്‍മ്മാണച്ചെലവ് കൂടിയത് 34% മാത്രം; ഇതിനിടയിലെ ആ 'വില്ലന്‍' ആര്?
തിയേറ്ററുകളിലെ ഭക്ഷ്യവസ്തുക്കളുടെ അമിതവില: പാക്കേജ്ഡ് ഫുഡ്സിന്റെ പർച്ചേസിംഗ് ലിസ്റ്റ് ഉദ്യോഗസ്ഥർ പരിശോധിക്കും