
പുതിയ കാര്‍ വാങ്ങുക എന്നത് ഏതൊരാളുടെയും വലിയ സ്വപ്നങ്ങളിലൊന്നാണ്. ഡീലര്‍മാര്‍ വാഗ്ദാനം ചെയ്യുന്ന കുറഞ്ഞ ഇഎംഐ കണ്ട് മയങ്ങി പലരും പ്രതിമാസ അടവ് എങ്ങനെയും കുറയ്ക്കുക എന്നതിലേക്ക് മാത്രം ശ്രദ്ധ മാറ്റും. ഇവിടെയാണ് പലര്‍ക്കും വലിയ അബദ്ധങ്ങള്‍ പിണയുന്നത്. ചെറിയ ഇഎംഐ എന്നാല്‍ കൂടുതല്‍ കാലത്തെ ലോണ്‍ ആണെന്നും, ഇതിലൂടെ ലക്ഷങ്ങള്‍ പലിശയായി ബാങ്കിന് അധികം നല്‍കേണ്ടി വരുമെന്നും പലരും ഓര്‍ക്കാറില്ല.
വായ്പാ ചിലവുകളെക്കുറിച്ചും മറ്റ് ചാര്‍ജുകളെക്കുറിച്ചുംകൃത്യമായി ഉപഭോക്താക്കളെ അറിയിക്കണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശമുണ്ട്. അതിനാല്‍ ഉപഭോക്താക്കള്‍ക്ക് ഇതിനെക്കുറിച്ച് കൃത്യമായി മനസിലാക്കാന്‍ സാധിക്കും. വാഹന വായ്പയെടുക്കുമ്പോള്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ട 5 കാര്യങ്ങള്‍ നോക്കാം.
മാസം 15,000 രൂപ ഇഎംഐ എന്നത് കേള്‍ക്കുമ്പോള്‍ നമ്മുടെ പോക്കറ്റിലൊതുങ്ങുന്നതാണല്ലോ എന്ന് തോന്നാം. എന്നാല്‍ എത്ര കാലം ഈ തുക അടയ്ക്കണം എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. 3 വര്‍ഷത്തെ ലോണ്‍ 5 വര്‍ഷത്തേക്ക് നീട്ടുമ്പോള്‍ പ്രതിമാസ അടവ് കുറയുമെങ്കിലും, നിങ്ങള്‍ നല്‍കുന്ന മൊത്തം പലിശ വലിയ തോതില്‍ വര്‍ധിക്കും. അതിനാല്‍ ഡീലര്‍ പറയുന്ന കാലാവധി കണ്ണടച്ച് സമ്മതിക്കുന്നതിന് മുന്‍പ്, അടച്ചു തീര്‍ക്കേണ്ട മൊത്തം തുക എത്രയാണെന്ന് സ്വയം കണക്കുകൂട്ടി നോക്കുക. അല്ലാതെ സ്‌ക്രീനില്‍ കാണിക്കുന്ന ഇഎംഐ തുക മാത്രം നോക്കി തീരുമാനമെടുക്കരുത്. വലിയ ബാധ്യതകളില്ലാതെ കാര്‍ നിങ്ങളുടെ ബജറ്റിലൊതുങ്ങണം.
എളുപ്പത്തില്‍ കാര്യങ്ങള്‍ നടക്കുമെന്നത് കൊണ്ടുമാത്രം ഡീലര്‍മാര്‍ വഴി ലഭിക്കുന്ന ആദ്യത്തെ ലോണ്‍ ഓഫര്‍ തന്നെ പലരും സ്വീകരിക്കും. കാര്‍ ഡീലര്‍മാര്‍ക്ക് പല ബാങ്കുകളുമായും ഫിനാന്‍സ് കമ്പനികളുമായും ടൈ- അപ്പ് ഉണ്ടാകും. എന്നാല്‍ അവര്‍ നല്‍കുന്ന ഓഫര്‍ ആയിരിക്കില്ല നിങ്ങള്‍ക്ക് ഏറ്റവും ലാഭകരം. വിവിധ ബാങ്കുകളുടെ പലിശ നിരക്ക്, പ്രോസസിങ് ഫീസ്, ഡോക്യുമെന്റേഷന്‍ ചാര്‍ജുകള്‍ എന്നിവ താരതമ്യം ചെയ്യണം. വായ്പയുടെ മുഴുവന്‍ ചിലവുകളെക്കുറിച്ചും ഉപഭോക്താക്കള്‍ക്ക് വ്യക്തമായ അറിവുണ്ടാകണമെന്ന് ആര്‍ബിഐ എപ്പോഴും ഓര്‍മ്മിപ്പിക്കാറുണ്ട്. പലിശ നിരക്കിലെ ചെറിയൊരു വ്യത്യാസം പോലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ വലിയൊരു തുകയുടെ ലാഭമുണ്ടാക്കിത്തരും.
കൈയില്‍ നിന്ന് കുറഞ്ഞ തുക മാത്രം മുടക്കി കാര്‍ ഇറക്കാം എന്നത് കേള്‍ക്കുമ്പോള്‍ വലിയ ആകര്‍ഷണം തോന്നും. ബാങ്ക് അക്കൗണ്ടില്‍ നല്ലൊരു തുക ബാക്കി നില്‍ക്കുകയും ചെയ്യും. എന്നാല്‍ ഡൗണ്‍ പേയ്മെന്റ് കുറയുമ്പോള്‍ എടുക്കേണ്ടി വരുന്ന വായ്പാ തുക കൂടും. സ്വാഭാവികമായും പലിശയും ഇഎംഐയും വര്‍ധിക്കും. ഇതിനര്‍ത്ഥം സമ്പാദ്യം മുഴുവന്‍ എടുത്ത് കാര്‍ വാങ്ങണം എന്നല്ല. നിങ്ങളുടെ അത്യാവശ്യ ഘട്ടങ്ങള്‍ക്കുള്ള പണം മാറ്റിവെച്ചുകൊണ്ട് തന്നെ ഒരു മികച്ച ഡൗണ്‍ പേയ്മെന്റ് നല്‍കാന്‍ ശ്രദ്ധിക്കുക.
മിക്കവരും വായ്പയുടെ പലിശ നിരക്ക് മാത്രമാണ് ശ്രദ്ധിക്കാറുള്ളത്. മറ്റ് പല കണക്കുകളും സൗകര്യപൂര്‍വ്വം മറക്കും. എന്നാല്‍ പ്രോസസിങ് ഫീസ്, ഡോക്യുമെന്റേഷന്‍ ചാര്‍ജ്, ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട ചിലവുകള്‍, ലോണ്‍ നേരത്തെ അടച്ചു തീര്‍ത്താലുള്ള പിഴകള്‍ എന്നിവയെല്ലാം ലോണ്‍ ചിലവിനെ കാര്യമായി ബാധിക്കും. മറഞ്ഞിരിക്കുന്ന ഇത്തരം ചാര്‍ജുകള്‍ പിന്നീട് ഈടാക്കുന്നതിന് പകരം എല്ലാ ഫീസുകളും ഉപഭോക്താവിനെ കൃത്യമായി അറിയിക്കണമെന്ന് ആര്‍ബിഐയുടെ കര്‍ശന നിര്‍ദ്ദേശമുണ്ട്. അതിനാല്‍ ലോണ്‍ ഉറപ്പിക്കുന്നതിന് മുന്‍പ് ഫീസുകളുടെ പൂര്‍ണ്ണ വിവരങ്ങള്‍ രേഖാമൂലം ആവശ്യപ്പെടുക.
കാര്‍ വാങ്ങി ഒന്നോ രണ്ടോ വര്‍ഷം കഴിയുമ്പോള്‍ നിങ്ങളുടെ സാമ്പത്തിക സ്ഥിതി ഒരുപോലെ ആയിരിക്കില്ല. ശമ്പളം വര്‍ധിക്കുകയോ ബോണസ് കിട്ടുകയോ ചെയ്താല്‍ ലോണ്‍ നേരത്തെ അടച്ചുതീര്‍ക്കാന്‍ ആഗ്രഹിച്ചേക്കാം. ഇതിന് നിങ്ങളുടെ വായ്പാ കരാറില്‍ വ്യവസ്ഥകളുണ്ടോ എന്ന് പരിശോധിക്കുക. ഇതിനായി എന്തെങ്കിലും അധിക ചാര്‍ജുകള്‍ നല്‍കേണ്ടതുണ്ടോ എന്നും ചോദിച്ചറിയണം. എല്ലാ ബാങ്കുകളുടെയും നിയമങ്ങള്‍ ഒരുപോലെയല്ല, പ്രത്യേകിച്ചും ഫിക്‌സഡ്, ഫ്‌ലോട്ടിങ് പലിശ നിരക്കുകളില്‍ ഈ വ്യവസ്ഥകള്‍ മാറിയേക്കാം. എപ്പോള്‍ വേണമെങ്കിലും ബാധ്യത ഒഴിവാക്കാനുള്ള വഴികള്‍ നേരത്തെ അറിഞ്ഞുവെക്കുന്നത് ഭാവിയില്‍ വലിയ ആശ്വാസമാകും.