'നോക്കാം/കാണാം' ഇവിടെ നടപ്പില്ല! യുവാക്കൾ പഠിച്ചിരിക്കേണ്ട യു എസ് വർക്ക് കൾച്ചറിലെ 5 കാര്യങ്ങൾ ഇങ്ങനെ, ഇന്ത്യക്കാരന്റെ വൈറൽ പോസ്റ്റ്

Published : Aug 12, 2026, 01:41 PM IST
Laptop

Synopsis

അമേരിക്കയിലെത്തിയ ഇന്ത്യൻ പ്രൊഫഷണൽ അവിടുത്തെ തൊഴിൽ സംസ്കാരത്തെക്കുറിച്ച് പങ്കുവെച്ച ലിങ്ക്ഡ്ഇൻ പോസ്റ്റ് ശ്രദ്ധേയമാകുന്നു. കൃത്യനിഷ്ഠ, ഉത്തരവാദിത്തം അടക്കം 5 പ്രധാന ഗുണങ്ങളാണ് അദ്ദേഹം പോസ്റ്റിൽ എടുത്തുപറയുന്നത്. അമേരിക്കൻ പ്രൊഫഷണലിസവും ഇന്ത്യൻ സാഹചര്യങ്ങളോട് പൊരുത്തപ്പെടാനുള്ള കഴിവും ചേർന്നാൽ വലിയ വിജയം നേടാമെന്ന് നിരീക്ഷിക്കുന്നു.

അമേരിക്കയിലെ ജോലി സ്ഥലങ്ങളിലെ തൊഴിൽ സംസ്കാരത്തെയും രീതികളെയും കുറിച്ചുള്ള ഒരു ഇന്ത്യൻ പ്രൊഫഷണലിന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയാണ്. ലിങ്ക്ഡ്ഇൻ (LinkedIn) പ്ലാറ്റ്ഫോമിലാണ് അനുഷ്ക് എസ് എന്ന യുവാവിന്റെ പ്രതികരണം. ഉന്നത വിദ്യാഭ്യാസത്തിനായി അമേരിക്കയിലെത്തിയതാണ് അനുഷ്ക്. വർഷങ്ങളായുള്ള തന്റെ അനുഭവങ്ങളുടെ വെളിച്ചത്തിൽ യു.എസ് വർക്ക് കൾച്ചറിലെ 5 പ്രധാന ഗുണങ്ങളെക്കുറിച്ചാണ് കുറിപ്പിൽ പറയുന്നത്.

ഇന്ത്യയിലെയും അമേരിക്കയിലെയും തൊഴിൽ രീതികൾ തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നും അവിടെ എത്തിയപ്പോൾ ആദ്യഘട്ടത്തിൽ തനിക്ക് 'കൾച്ചർ ഷോക്ക്' അനുഭവപ്പെട്ടെന്നും അനുഷ്ക് പറയുന്നു. ലോകമെമ്പാടുമുള്ള തൊഴിൽ മേഖലയ്ക്ക് മാതൃകയാക്കാവുന്ന 5 കാര്യങ്ങളാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.

സമയം : കൃത്യനിഷ്ഠ പ്രൊഫഷണലിസത്തിന്റെ ലക്ഷണമാണ്. യോഗങ്ങൾ കൃത്യസമയത്ത് ആരംഭിക്കുകയും ഡെഡ്‌ലൈനുകൾ പാലിക്കപ്പെടുകയും ചെയ്യുന്നു. എത്താൻ വൈകുന്നതടക്കം വളരെ ഗൗരവകരമായ വിഷയമാണെന്നും കുറിപ്പിൽ പറയുന്നു.

കൃത്യമായ തയ്യാറെടുപ്പ് : "നോക്കാം/കാണാം" എന്ന മനോഭാവം അവിടെ നടപ്പില്ല. മീറ്റിംഗുകൾക്ക് മുൻപ് കാര്യങ്ങൾ വ്യക്തമായി പഠിക്കാനും ചോദ്യങ്ങൾ മുൻകൂട്ടി കണ്ട് ഉത്തരങ്ങൾ കണ്ടെത്താനും ജീവനക്കാർ ശ്രദ്ധിക്കുന്നു.

ഉത്തരവാദിത്തം : ഒരു പ്രോജക്റ്റിൽ ആർക്കാണ് അന്തിമ ഉത്തരവാദിത്തമെന്നും, തീരുമാനങ്ങൾ എടുക്കേണ്ടത് ആരാണെന്നും കൃത്യമായ ധാരണയുണ്ടാകും.

ഫീഡ്‌ബാക്ക്: വ്യക്തികളെ അധിക്ഷേപിക്കുന്നതിന് പകരം, ജോലി മെച്ചപ്പെടുത്താൻ സഹായിക്കുന്ന കൃത്യമായ നിർദ്ദേശങ്ങളാണ് നൽകുന്നത്. ഇത് വ്യക്തിപരമായി നൽകാൻ ശ്രദ്ധിക്കുന്നു.

ധൈര്യത്തോടെ മുന്നോട്ട് പോകുക: എല്ലാ പ്ലാനുകളും നൂറ് ശതമാനം പൂർത്തിയാകാൻ കാത്തുനിൽക്കാതെ, വ്യക്തമായ കാഴ്ചപ്പാടുണ്ടെങ്കിൽ ആശയം നടപ്പിലാക്കാൻ തുടങ്ങുക എന്നതാണ് രീതി.

അമേരിക്കൻ തൊഴിൽ രീതികളെ പ്രശംസിക്കുമ്പോഴും ഇന്ത്യ നൽകിയ പാഠങ്ങളെ അനുഷ്ക് മറക്കുന്നില്ല. പരിമിതമായ സാഹചര്യങ്ങളിൽ നിന്ന് അവസരങ്ങൾ സൃഷ്ടിക്കാനും, സാഹചര്യങ്ങൾക്കനുസരിച്ച് മാറാനും (Adaptability) ഇന്ത്യ തനിക്ക് കരുത്ത് നൽകിയെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഇന്ത്യയുടെ ഈ കഴിവും അമേരിക്കയുടെ പ്രൊഫഷണൽ രീതികളും ചേരുമ്പോൾ അത് വലിയ വിജയമായി മാറുമെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. നിരവധി ആളുകളാണ് ലിങ്ക്ഡ്ഇനിൽ ഈ പോസ്റ്റിനോട് യോജിച്ച് കമന്റുകൾ രേഖപ്പെടുത്തുന്നത്.

PREV
Read more Articles on
click me!

Recommended Stories

കോർപ്പറേറ്റ് ജീവനക്കാരുടെ ഏറ്റവും വലിയ പേടിയെന്താണ്? ജോലി പോകുന്നതിനേക്കാൾ ഭയം ഭീമൻ ആശുപത്രി ബില്ലുകളെ! സർവ്വേ ഫലം പുറത്ത്
വ്യാജ ക്ലെയിമുകള്‍ വര്‍ധിക്കുന്നു: തട്ടിപ്പുകാര്‍ക്ക് പൂട്ടിടാന്‍ ഇന്‍ഷുറന്‍സ് കമ്പനികൾ, പ്രീമിയം കൂട്ടാനും സാധ്യത