
തിരുവനന്തപുരം: ക്രെഡിറ്റ് കാർഡ് ഉപയോഗത്തിൽ ഒരു സെക്കന്റിലെ അശ്രദ്ധ കാരണം ബില്ലായി 1,85,890 രൂപ വന്ന അനുഭവം പങ്കുവച്ചിരിക്കുകയാണ് മാധ്യമ പ്രവർത്തകനായ രഞ്ജി കുര്യാക്കോസ്. പൂജപ്പുര പെട്രോൾ പമ്പിൽ നിന്നും 1877.68 രൂപക്ക് പെട്രോൾ അടിച്ചു. എന്നാൽ പമ്പ് ജീവനക്കാരിൽ ഒരാൾ സ്വൈപ്പിങ് മെഷീനിൽ 1877 രൂപയ്ക്ക് ശേഷമുള്ള കുത്ത് ഇടാൻ വിട്ടു പോയി. അങ്ങനെ 1,87,768 രൂപ ടൈപ്പ് ചെയ്തുവെന്നും അടുത്ത മാസം ബിൽ വന്നപ്പോൾ മാത്രമാണ് ഇത് കണ്ടെത്തിയതെന്നും രഞ്ജി കുര്യാക്കോസ് പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
‘പതിവായി ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്ന എനിക്ക് ഈയിടെ നല്ലൊരു പണി കിട്ടി.തിരുവനന്തപുരത്തു പൂജപ്പുരയിലുള്ള സെൻട്രൽ ജയിലിന്റെ പെട്രോൾ പമ്പിൽ നിന്ന് കാറിൽ 1877.68 രൂപയുടെ പെട്രോൾ അടിപ്പിച്ച ശേഷം ക്രെഡിറ്റ് കാർഡ് കൊടുത്തു.പതിവ് പോലെ പമ്പിലെ ജീവനക്കാരനായ തടവുകാരിൽ ഒരാൾ കാർഡ് സ്വൈപ് ചെയ്തു പണം എടുത്തു. പക്ഷെ 1877.68 രൂപയ്ക്ക് പകരം എടുത്തത് 1,87,768 രൂപയാണ്. സ്വൈപ്പിങ് മെഷീനിൽ 1877 രൂപയ്ക്ക് ശേഷമുള്ള കുത്ത് ഇടാൻ അയാൾ വിട്ടുപോയി.ചെറിയൊരു പിഴവ്. പക്ഷെ ക്ളീൻ ആയി 1,85,890. 32 രൂപ പോയിക്കിട്ടി. സ്ലിപ് തന്നെങ്കിലും ഒറ്റ നോട്ടത്തിൽ ഈ പിഴവ് എന്റെ ശ്രദ്ധയിൽ പെട്ടില്ല.ഒരാഴ്ച കഴിഞ്ഞു ക്രെഡിറ്റ് കാർഡിന്റെ സ്റ്റേറ്റ്മെന്റ് നോക്കിയ പ്പോൾ പതിവില്ലാത്ത വിധം വലിയ തുക അടയ്ക്കാൻ ഉണ്ടെന്ന് കണ്ടു. ആദ്യം ഒന്ന് പകച്ചു. എന്റെ കാർഡ് ഉപയോഗിച്ച് ആരെങ്കിലും തട്ടിപ്പ് നടത്തിയതാണെന്ന് കരുതി. തുടർന്ന് സ്റ്റേറ്റ്മെന്റ് എടുത്തു വിശദമായി പരിശോധിച്ചപ്പോൾ ആണ് കാശ് പോയ വഴി കണ്ടെത്തിയത്. ഉടൻ തന്നെ ഞാൻ പെട്രോൾ ബങ്കിൽ വിവരം അറിയിച്ചു. സർക്കാർ ഉടമസ്ഥതയിലുള്ള ബങ്ക് ആയതിനാൽ പ്രശ്നം ഒന്നും ഉണ്ടായില്ല. തൊട്ടടുത്ത ദിവസം തന്നെ അവർ 1,85,890. 32 രൂപ എന്റെ അക്കൗണ്ടിലേക്ക് അയച്ചു തന്നു. അങ്ങനെ ഒരു വിധം രക്ഷപ്പെട്ടു എന്ന് പറഞ്ഞാൽ മതി. പമ്പിൽ ചെന്നപ്പോൾ ആണ് മറ്റൊരു കഥ അറിഞ്ഞത്. ഏതാനും ദിവസം മുൻപ് ഒരു സ്ത്രീ അവരുടെ സക്കൂട്ടറിൽ 407.50 രൂപയുടെ പെട്രോൾ അടിച്ചു. ഇതേ ആൾ തന്നെയാണ് കാർഡ് വാങ്ങി സ്വൈപ് ചെയ്യത്.അയാൾ 40,750 രൂപ ഒറ്റയടിക്ക് എടുത്തു. അത് ഡെബിറ്റ് കാർഡ് ആയിരുന്നതിനാൽ അക്കൌണ്ടിൽ നിന്നാണ് ഈ തുക പോയത്. പണം നഷ്ടപ്പെട്ടയാൾ ഇക്കാര്യം അറിഞ്ഞില്ല. അവർ വിവരം അറിഞ്ഞ് വരുമ്പോൾ കൊടുക്കാൻ തയാറായി ഇരിക്കുകയാണ് പമ്പ് അധികൃതർ. വന്നില്ലെങ്കിൽ പോലീസിൽ അറിയിച്ചു ആളിനെ തപ്പിപ്പിടിക്കും എന്ന് അവർ പറഞ്ഞു.ഇത്തരം അബദ്ധം നാളെ നിങ്ങൾ ക്കും സംഭവിക്കാം. കാർഡ് നൽകി പേ ചെയ്യുമ്പോൾ നിർബന്ധമായും സ്ലിപ് വാങ്ങി പരിശോധിച്ച് ഉറപ്പ് വരുത്തുക.അല്ലെങ്കിൽ ബാങ്കിൽ നിന്ന് അപ്പോൾ വരുന്ന മെസേജ് നോക്കി തുക തെറ്റിയിട്ടില്ലെന്ന് പരിശോധിച്ച് ഉറപ്പാക്കുക. അങ്ങനെ ചെയ്തില്ലെങ്കിൽ പണം ചോരുന്നത് നമ്മൾ അറിയില്ല.’
അബദ്ധം പറ്റാതിരിക്കാൻ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം ?
സ്വൈപ്പ് ചെയ്യാനായി കാർഡ് കൊടുത്താൽ അത് നിങ്ങളുടെ മുന്നിൽ തന്നെ swipe/insert ചെയ്യാൻ പറയുക. POS മെഷീൻ കൊണ്ടുവന്ന് നിങ്ങൾ തന്നെ ചെയ്യുന്നതാണ് ഏറ്റവും സുരക്ഷിതം. കൂടാതെ സ്വൈപ്പ് അല്ലെങ്കിൽ ടാപ്പ് ചെയ്യുന്നതിന് മുൻപ് മെഷീനിൽ കാണിക്കുന്ന തുക ശരിയാണോ എന്ന് ഉറപ്പാക്കുക. ട്രാൻസാക്ഷൻ കഴിഞ്ഞാൽ സ്ലിപ് വാങ്ങിച്ച് ഒന്നുകൂടി പരിശോധിക്കാം. ബാങ്കിൽ നിന്ന് വരുന്ന എസ്എംഎസ് അല്ലെങ്കിൽ മൊബൈൽ ബാങ്കിംഗ് ആപ്പ് നോട്ടിഫിക്കേഷൻ ഉടൻ തുറന്ന് തുക ശരിയാണോ എന്ന് പരിശോധിക്കുക. ഇനി എന്തെങ്കിലും കാരണവശാൽ തെറ്റായി തുക രേഖപ്പെടുത്തിയാൽ ഉടൻ ബാങ്കിനെ അറിയിക്കാം. ബാങ്കിന്റെ കസ്റ്റമർ കെയറിൽ വിളിച്ച് അറിയിക്കാം. ആവശ്യമെങ്കിൽ കാർഡ് താൽക്കാലികമായി ബ്ലോക്ക് ചെയ്യുക. എപ്പോഴും, എത്ര ചെറിയ തുകയാണെങ്കിലും ട്രാൻസാക്ഷൻ അലേർട്ട് ഓൺ ആക്കി വക്കുക.