'ക്രെഡിറ്റ് കാർഡ് ബിൽ 50,000 രൂപ! ഇപ്പോൾ 3,000 അടയ്ച്ചാലും മതി'; മിനിമം ഡ്യൂ തുക മാത്രം അടക്കുന്നതിലെ അപകടം

Published : Oct 01, 2026, 03:06 PM IST
Credit Card

Synopsis

ക്രെഡിറ്റ് കാർഡ് ബില്ലിലെ മിനിമം തുക മാത്രം അടയ്ക്കുന്നത് വലിയ സാമ്പത്തിക ബാധ്യതകളിലേക്ക് നയിക്കുമെന്ന് വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു. ഇത് അസൽ തുക കുറയ്ക്കുന്നില്ലെന്ന് മാത്രമല്ല, ഉയർന്ന പലിശയ്ക്കും സിബിൽ സ്കോർ ഇടിയുന്നതിനും കാരണമാകുന്നു. അതിനാൽ എപ്പോഴും മുഴുവൻ ബിൽ തുകയും അടയ്ക്കാൻ ശ്രദ്ധിക്കണം.

ക്രെഡിറ്റ് കാർഡ് ബില്ലായി ഉയർന്ന തുക ബിൽ വരുമ്പോൾ 'മിനിമം അക്കൗണ്ട് ഡ്യൂ' (Minimum Amount Due) ആയി ചെറിയൊരു തുക മാത്രം അടച്ച് അടുത്തത് പിന്നത്തേക്ക് നീക്കി വയ്ക്കുകയാണ് പലരുടെയും പതിവ്. എന്നാൽ ഇവരെക്കാത്തിരിക്കുന്നത് വലിയ സാമ്പത്തിക ബാധ്യതയാണെന്നാണ് സാമ്പത്തിക വിദഗ്ദർ നൽകുന്ന മുന്നറിയിപ്പ്. തുടർച്ചയായി കുറഞ്ഞ തുക മാത്രം അടച്ചു പോരുന്നത് അസൽ തുക കുറയ്ക്കുന്നില്ലെന്ന് മാത്രമല്ല, വലിയ സാമ്പത്തിക ബാധ്യതകളിലേക്ക് തള്ളി വിടുകയും ചെയ്യും.

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടങ്ങളിൽ ബാങ്ക് അക്കൗണ്ട് ഡിഫോൾട്ടാകാതിരിക്കാനും ലേറ്റ് ഫീ ഒഴിവാക്കാനും ഈ സംവിധാനം താൽക്കാലികമായി സഹായിക്കുമെങ്കിലും, ഇത് എപ്പോഴും ഉപയോഗിക്കാനുള്ള ഒരു മാർഗമല്ല. ബിൽ തുക പൂർണമായി അടയ്ക്കാതിരിക്കുമ്പോൾ ക്രെഡിറ്റ് കാർഡിന് ലഭിക്കുന്ന പലിശയില്ലാത്ത കാലാവധി നഷ്ടപ്പെടുന്നു. ഇതിനുപുറമെ, പ്രതിമാസം 3 ശതമാനം മുതൽ 3.75 ശതമാനം വരെ ഉയർന്ന പലിശയും ഇതിന്മേലുള്ള ജി.എസ്.ടിയും ഇരട്ടിയായി ഈടാക്കപ്പെടും. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നടത്തുന്ന പുതിയ പർച്ചേസുകൾക്കും അന്നുമുതൽ പലിശ ഈടാക്കിത്തുടങ്ങും.

ഉദാഹരണത്തിന്, 50,000 രൂപ കുടിശ്ശികയുള്ള ഒരു കാർഡിൽ മിനിമം ഡ്യൂ ആയി അടയ്ക്കുന്ന 3,000 രൂപയിൽ ഭൂരിഭാഗവും പലിശയിലേക്കും നികുതിയിലേക്കുമാണ് പോകുന്നത്. അസൽ തുകയിൽ നിന്ന് വെറും 1,000 രൂപ മാത്രമായിരിക്കും ഇതിലൂടെ കുറയുന്നത്. ബാക്കി നിൽക്കുന്ന വലിയ തുകയിലേക്ക് വീണ്ടും പുതിയ ചെലവുകൾ കൂടിച്ചേരുമ്പോൾ ഉപഭോക്താവിന്റെ സാമ്പത്തിക ഭാരം നിയന്ത്രണാതീതമായി ഉയരുന്നു.

തുടർച്ചയായി മിനിമം തുക മാത്രം അടയ്ക്കുന്നത് ക്രെഡിറ്റ് യൂട്ടിലൈസേഷൻ റേഷ്യോ ഉയർത്തുകയും ദീർഘകാലാടിസ്ഥാനത്തിൽ സിബിൽ സ്കോറിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. തുടർച്ചയായ മാസങ്ങളിൽ ബിൽ തുക മുഴുവനായി അടയ്ക്കാൻ സാധിക്കാതെ വരുന്നത് നിങ്ങൾ സാമ്പത്തികമായി ഒരു കെണിയിൽ അകപ്പെടാൻ പോകുന്നു എന്നുള്ളതിന്റെ സൂചനയാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.

ഇത്തരം പ്രതിസന്ധികൾ ഒഴിവാക്കാൻ എപ്പോഴും മൊത്തം ബിൽ തുക തന്നെ അടയ്ക്കാൻ ശ്രമിക്കുകയാണ് വേണ്ടത്. ബിൽ പൂർണമായി അടയ്ക്കാൻ സാധിക്കാത്ത സാഹചര്യങ്ങളിൽ പുതിയ പർച്ചേസുകൾ ചെയ്യാതിരിക്കാൻ ശ്രമിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് എ.ടി.എമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നത് വൻ തുകയുടെ പലിശ ഈടാക്കാൻ കാരണമാകുമെന്നതിനാൽ അതും പൂർണ്ണമായും ഒഴിവാക്കണമെന്നും സാമ്പത്തിക വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

ഫിൻഫ്ലുവൻസർമാരുടെ തള്ളിൽ വീഴുന്ന 'ജെൻ സി'; സോഷ്യൽ മീഡിയ ഉപദേശങ്ങളും അപകട സാധ്യതകളും
ആദ്യം വേണ്ടത് എമര്‍ജന്‍സി ഫണ്ടോ അതോ ആരോഗ്യ ഇന്‍ഷുറന്‍സോ? തീരുമാനമെടുക്കേണ്ടത് ഇങ്ങനെ...