സാമ്പത്തിക പ്രതിസന്ധികളെ നേരിടാൻ എമർജൻസി ഫണ്ടും ആരോഗ്യ ഇൻഷുറൻസും അത്യന്താപേക്ഷിതമാണ്. വലിയ ആശുപത്രി ചിലവുകളിൽ നിന്ന് സംരക്ഷണം നൽകാൻ ആദ്യം ആരോഗ്യ ഇൻഷുറൻസിന് മുൻഗണന നൽകണം. ഇതിനൊപ്പം തന്നെ മറ്റ് അപ്രതീക്ഷിത ചിലവുകൾക്കായി എമർജൻസി ഫണ്ടും പടിപടിയായി ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്.
കയ്യില്‍ പണം കുറവായ സാഹചര്യത്തില്‍ ഒരു എമര്‍ജന്‍സി ഫണ്ട് ഉണ്ടാക്കുന്നതാണോ അതോ ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുന്നതാണോ കൂടുതല്‍ പ്രധാനം? പലരെയും കുഴപ്പത്തിലാക്കുന്ന ചോദ്യമാണിത്. വരുമാനം നിലയ്ക്കുമ്പോഴോ അപ്രതീക്ഷിതമായി പണത്തിന് ആവശ്യം വരുമ്പോഴോ ആണ് എമര്‍ജന്‍സി ഫണ്ട് തുണയാകുന്നത്. എന്നാല്‍, വര്‍ഷങ്ങളോളം സ്വരൂപിച്ച സമ്പാദ്യം മുഴുവന്‍ ഒറ്റയടിക്ക് ഇല്ലാതാക്കുന്ന വലിയ ആശുപത്രി ബില്ലുകളില്‍ നിന്നുള്ള സംരക്ഷണമാണ് ഇന്‍ഷുറന്‍സ് നല്‍കുന്നത്.
രണ്ടും വേണം, ഒന്നിനെ ഒഴിവാക്കാനാകില്ല
ഇതില്‍ ഏതെങ്കിലും ഒന്ന് മാത്രം തിരഞ്ഞെടുക്കുക എന്നതല്ല ശരിയായ രീതി. അപ്രതീക്ഷിത സാഹചര്യങ്ങളെ നേരിടാന്‍ എമര്‍ജന്‍സി ഫണ്ട് സൂക്ഷിക്കണമെന്നും, ആശുപത്രി ആവശ്യങ്ങള്‍ക്കായി ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമായും വേണമെന്നുമാണ് സെബിയുടെ നിക്ഷേപക മാര്‍ഗനിര്‍ദേശം വ്യക്തമാക്കുന്നത്.
എന്തുകൊണ്ട് ആരോഗ്യ ഇന്‍ഷുറന്‍സിന് മുന്‍ഗണന?
എമര്‍ജന്‍സി ഫണ്ടിന് അതിന്റേതായ പരിമിതികള്‍ ഉള്ളതുകൊണ്ട് തന്നെ ആരോഗ്യ ഇന്‍ഷുറന്‍സിന് തുടക്കത്തില്‍ തന്നെ പ്രാധാന്യം നല്‍കണം. ഉദാഹരണത്തിന്, നിങ്ങളുടെ പക്കല്‍ ഒരു ലക്ഷം രൂപയുടെ എമര്‍ജന്‍സി സമ്പാദ്യമുണ്ടെന്ന് കരുതുക. എന്നാല്‍ അപ്രതീക്ഷിതമായൊരു ആശുപത്രി വാസത്തിന് 4 ലക്ഷം രൂപ ചിലവ് വന്നാല്‍ ഈ തുക തികയാതെ വരും. ഇവിടെയാണ് ഇന്‍ഷുറന്‍സിന്റെ സഹായം ലഭിക്കുന്നത്. ഇന്‍ഷുറന്‍സ് പോളിസിയുടെ വ്യവസ്ഥകള്‍ക്ക് വിധേയമായി, ആശുപത്രി ചിലവുകളുടെ വലിയൊരു ഭാഗം നിങ്ങളുടെ സമ്പാദ്യത്തില്‍ നിന്നും ചിലവാകുന്നത് തടയാന്‍ ഇന്‍ഷുറന്‍സിന് സാധിക്കും.
വലിയൊരു എമര്‍ജന്‍സി ഫണ്ട് ഉണ്ടാക്കിയ ശേഷം ഇന്‍ഷുറന്‍സ് എടുക്കാമെന്ന് കരുതി കാത്തിരിക്കുന്നതും അപകടമാണ്. പോളിസികള്‍ക്ക് വെയിറ്റിംഗ് പീരിയഡ് (കാത്തിരിപ്പ് കാലാവധി) ഉള്‍പ്പെടെയുള്ള നിബന്ധനകള്‍ ഉണ്ടാകും. കൂടാതെ ഇന്‍ഷുറന്‍സ് എടുക്കാന്‍ വൈകുന്തോറും പ്രായം കൂടുമെന്നതിനാല്‍ കവറേജ് ലഭിക്കാനും ബുദ്ധിമുട്ടായേക്കാം. പോളിസികള്‍ വാങ്ങുന്നതിന് മുന്‍പ് തന്നെ ഇത്തരം നിബന്ധനകള്‍ പരിശോധിച്ചുറപ്പാക്കണം.
എമര്‍ജന്‍സി ഫണ്ടും അത്യന്താപേക്ഷിതം
ഇന്‍ഷുറന്‍സ് എടുത്തതുകൊണ്ട് എമര്‍ജന്‍സി ഫണ്ട് ആവശ്യമില്ല എന്ന് കരുതരുത്. ഇന്‍ഷുറന്‍സ് എല്ലാ സാമ്പത്തിക പ്രതിസന്ധികള്‍ക്കും പരിഹാരമല്ല. ജോലി നഷ്ടപ്പെടുക, വീടിന്റെ അറ്റകുറ്റപ്പണി, കുടുംബത്തിലെ മറ്റ് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ തുടങ്ങിയവയ്ക്ക് പണം കണ്ടെത്തേണ്ടി വരും.
മാസം 60,000 രൂപ ശമ്പളമുള്ള ഒരാളുടെ കാര്യമെടുക്കുക. ഇദ്ദേഹത്തിന് 35,000 രൂപയാണ് അത്യാവശ്യ ചിലവുകള്‍ എന്ന് കരുതുക. യാതൊരു സമ്പാദ്യവുമില്ലാത്ത അവസ്ഥയില്‍ രണ്ടു മാസം വരുമാനം നിലച്ചാല്‍ പോലും ഇവര്‍ക്ക് കടം വാങ്ങേണ്ടി വരും. അതിനാല്‍ ഇന്‍ഷുറന്‍സിനൊപ്പം തന്നെ പ്രതിസന്ധികളെ നേരിടാന്‍ എമര്‍ജന്‍സി ഫണ്ടും പടുത്തുയര്‍ത്തേണ്ടതുണ്ട്.
എമര്‍ജന്‍സി ഫണ്ട് എങ്ങനെ ഉണ്ടാക്കാം?
ആരോഗ്യ ഇന്‍ഷുറന്‍സ് ഇല്ലാത്ത ഒരാള്‍, എമര്‍ജന്‍സി ഫണ്ട് ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ് എന്ന കാരണത്താല്‍ ഇന്‍ഷുറന്‍സ് എടുക്കുന്നത് നീട്ടിവെക്കരുത്. അതുപോലെ, ആറു മാസത്തെ ചിലവുകള്‍ക്കുള്ള തുക സ്വരൂപിച്ച ശേഷം മാത്രം എമര്‍ജന്‍സി ഫണ്ട് തുടങ്ങാമെന്നും കരുതരുത്. ഇത് പടിപടിയായി ഉണ്ടാക്കിയെടുക്കാം. ഒരാളുടെ തൊഴില്‍ സ്ഥിരത, ആശ്രിതരുടെ എണ്ണം, നിലവിലെ ബാധ്യതകള്‍ എന്നിവ പരിഗണിച്ചാണ് ഈ തുക എത്രയെന്ന് തീരുമാനിക്കേണ്ടത്. വരുമാനത്തില്‍ സ്ഥിരതയില്ലാത്തവര്‍ കൂടുതല്‍ തുക എമര്‍ജന്‍സി ഫണ്ടായി സൂക്ഷിക്കണം.


