മെന്റൽ ഹെൽത്ത് മുഖ്യം! തെറാപ്പി ബില്ലുകൾക്ക് ഇൻഷുറൻസ് കിട്ടുമോ? പോളിസി എടുക്കുന്നതിന് മുൻപ് അറിയേണ്ട 5 കാര്യങ്ങൾ

Published : Oct 12, 2026, 10:40 AM IST
mental health

Synopsis

മാനസികാരോഗ്യ ചികിത്സകൾക്ക് ഇൻഷുറൻസ് പരിരക്ഷയുണ്ടെങ്കിലും എല്ലാ ഔട്ട്‌പേഷ്യന്റ് തെറാപ്പി സെഷനുകൾക്കും തുക ലഭിക്കണമെന്നില്ല. പോളിസിയിലെ വ്യവസ്ഥകളും പരിധികളും മുൻകൂട്ടി മനസ്സിലാക്കുന്നത് സാമ്പത്തിക നഷ്ടം ഒഴിവാക്കാൻ സഹായിക്കും. അതിനാൽ പോളിസി എടുക്കുന്നതിന് മുൻപ് വിവരങ്ങൾ കൃത്യമായി പരിശോധിക്കുക.

പ്രതിമാസം ആയിരക്കണക്കിന് രൂപ മുടക്കി മാനസികാരോ​ഗ്യം മെച്ചപ്പെടുത്താൻ തെറാപ്പി സെഷനുകളിൽ പങ്കെടുക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇതിനായി ഇൻഷുറൻസ് പരിരക്ഷ ലഭിക്കുമെന്ന് കരുതി അശ്രദ്ധമായി പണം ചെലവഴിക്കാൻ വരട്ടെ. മാനസികാരോഗ്യ ചികിത്സകൾക്ക് ഇൻഷുറൻസ് പരിരക്ഷയുണ്ടെങ്കിലും, എല്ലാ തെറാപ്പി സെഷൻ ബില്ലുകളും ഇൻഷുറൻസ് കമ്പനികൾ തിരികെ നൽകണമെന്നില്ലെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

2017 ലെ മെന്റൽ ഹെൽത്ത് കെയർ ആക്ട് സെക്ഷൻ 21(4) പ്രകാരം, ശാരീരിക അസുഖങ്ങൾക്കുള്ളത് പോലെ തന്നെ മാനസിക രോഗങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷ നൽകണമെന്ന് ഇൻഷുറൻസ് കമ്പനികളോട് നിർദ്ദേശിച്ചിട്ടുണ്ട്. ഇൻഷുറൻസ് റെഗുലേറ്ററായ ഐ ആ‌‍‍ർ ഡി എ ഐയും (IRDAI) ഇത് കർശനമായി പാലിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. മാനസിക ആരോ​ഗ്യത്തെ ഇൻഷുറൻസിൽ നിന്ന് ഒഴിവാക്കപ്പെട്ട ഒരു വിഭാഗമായി മാറ്റാൻ കഴിയില്ലെന്നത് പോളിസി ഉടമകൾക്ക് വലിയൊരു ആശ്വാസമാണ്.

എങ്കിലും, പോളിസിയുടെ സൂക്ഷ്മ വിവരങ്ങൾ അറിയാതെ പണം കമ്പനി റീഫണ്ട് ചെയ്യുമെന്ന് കരുതാനാകില്ല. മാനസിക രോഗങ്ങളുമായി ബന്ധപ്പെട്ട ആശുപത്രി വാസം (Hospitalisation) ചില പോളിസികൾ കവർ ചെയ്തേക്കാമെങ്കിലും, പതിവായി പുറത്തുപോയി ചെയ്യുന്ന ഔട്ട്‌പേഷ്യന്റ് തെറാപ്പിക്ക് (Outpatient therapy) ഇതിൽ ആനുകൂല്യം ലഭിക്കണമെന്നില്ല. ചില ആപ്പുകൾ വഴി സൗജന്യമായി ലഭിക്കുന്ന നിശ്ചിത കൗൺസിലിംഗ് സേവനങ്ങൾ മാത്രമായിരിക്കും ചില കമ്പനികൾ വാഗ്ദാനം ചെയ്യുക. ഇത് നിങ്ങളുടെ ഇഷ്ടപ്രകാരമുള്ള തെറാപ്പിസ്റ്റിനെ കണ്ട് പണം നൽകുന്ന രീതിയിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്.

സൈക്യാട്രിക് കൺസൾട്ടേഷനുകൾ, പ്രിസ്ക്രിപ്ഷൻ മരുന്നുകൾ, സൈക്കോതെറാപ്പി, ജനറൽ കൗൺസിലിംഗ് എന്നിവയെല്ലാം പോളിസിയിൽ ഒരേ വിഭാഗത്തിൽ വരില്ലെന്നതും ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ വാർഷിക അലവൻസ്, ഓരോ സെഷനും നൽകുന്ന തുകയുടെ പരിധി, സെഷനുകളുടെ എണ്ണം എന്നിവയും പ്രധാനമാണ്. വലിയൊരു സംഖ്യ ഇൻഷുറൻസ് തുകയുണ്ടെങ്കിലും ഔട്ട്‌പേഷ്യന്റ് തെറാപ്പിക്കായി ചെറിയൊരു തുക മാത്രമായിരിക്കും ചിലപ്പോൾ അനുവദിച്ചിട്ടുണ്ടാവുക.

അതുകൊണ്ട് പോളിസി എടുക്കുമ്പോഴോ പുതുക്കുമ്പോഴോ ഷെഡ്യൂളും കസ്റ്റമർ ഇൻഫർമേഷൻ ഷീറ്റും (CIS) കൃത്യമായി പരിശോധിക്കുക. സംശയങ്ങളുണ്ടെങ്കിൽ ഇൻഷുറൻസ് കമ്പനിയോട് രേഖാമൂലം വിശദീകരണം ചോദിക്കുക. മെന്റൽ ഹെൽത്ത് കവറേജ് എന്ന വാക്ക് മാത്രം കണ്ട് പോളിസിയെ പൂർണമായി ആശ്രയിക്കാതെ, നിങ്ങളുടെ യഥാർത്ഥ ചികിത്സാ ആവശ്യങ്ങൾക്ക് ഈ പോളിസി എത്രത്തോളം സഹായകരമാകും എന്ന് മുൻകൂട്ടി മനസ്സിലാക്കുന്നത് വലിയ സാമ്പത്തിക നഷ്ടം ഒഴിവാക്കാൻ സഹായിക്കും.

PREV
Read more Articles on
click me!

Recommended Stories

മക്കള്‍ തമ്മില്‍ പ്രായവ്യത്യാസമുണ്ടോ? റിട്ടയര്‍മെന്റ് പ്ലാനിംഗില്‍ വേണം ഈ പ്രത്യേക ശ്രദ്ധ!
ക്രെഡിറ്റ് കാർഡിലെ '45 ദിവസത്തെ ഫ്രീ ടൈം' ശരിക്കും ഉപകാരമാണോ? ഉപയോഗിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍