
ഒരു അംഗത്തിന്റെ മരണം ഒരു കുടുംബത്തിലുണ്ടാക്കുന്നത് വലിയ വിടവും മാനസിക ആഘാതവുമാണ്. മരണപ്പെടുന്നത് കുടുംബത്തിന്റെ അത്താണിയായ ആൾ ആണെങ്കിൽ പിന്നീട് മാനസിക ആഘാതത്തിൽ നിന്ന് കരകയറിയാലും കുടുംബത്തിൽ സാമ്പത്തികമായും വലിയ ബുദ്ധിമുട്ടുണ്ടാക്കും. ഇത്തരം സംഭവങ്ങൾക്ക് ശേഷം സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത പുലർത്താത്തത് കുടുംബത്തിന്റെ ഭാവിയെ തന്നെ അപകടത്തിലാക്കാമെന്നാണ് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. ശരിയായ സമയത്ത് കൃത്യമായി നീങ്ങുന്നതും സാമ്പത്തിക തീരുമാനങ്ങൾ എടുക്കുകയും ചെയ്യുന്നത് കുടുംബത്തിന് സ്ഥിരത കൈവരിക്കാൻ സഹായമാകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
കുടുംബത്തിലെ വരുമാന മാർഗമായൊരാൾ മരണപ്പെട്ടു കഴിഞ്ഞാൽ ആദ്യം ചെയ്യേണ്ട കാര്യമാണ് മരണ സർട്ടിഫിക്കറ്റ് (Death Certificate) എടുക്കുക എന്നുള്ളത്. മരിച്ച വ്യക്തിയുടെ മരണ തീയതി, സമയം, കാരണം എന്നിവ ഉൾപ്പെടുന്ന ഈ രേഖ സർക്കാർ മരിച്ചയാളുടെ അടുത്ത ബന്ധുക്കൾക്കാണ് കൈമാറുക. സാധാരണയായി 10 പകർപ്പുകൾ വരെ ലഭിക്കും. ആസ്തി, ബാധ്യതകൾ, ബില്ലുകൾ തുടങ്ങിയവയെല്ലാം കണക്കാക്കി വക്കുകയാണ് അടുത്ത ഘട്ടം. മരണപ്പെട്ട വ്യക്തിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടുകൾ, ഓഹരികൾ, മ്യൂച്വൽ ഫണ്ടുകൾ, ഇൻഷുറൻസ്, റിയൽ എസ്റ്റേറ്റ് തുടങ്ങിയവയുടെ പട്ടിക തയ്യാറാക്കണം. അതോടൊപ്പം ക്രെഡിറ്റ് കാർഡ് കുടിശ്ശിക, വായ്പകൾ, ഇഎംഐ, നികുതി ബാധ്യതകൾ, ബില്ലുകൾ എന്നിവയും പ്രത്യേകം രേഖപ്പെടുത്തണം. ശേഷം ഈ ആസ്തികൾ നിയമാനുസൃതമായി അടുത്ത ബന്ധുക്കളുടെ പേരിലേക്ക് മാറ്റുകയും ബാധ്യതകൾ വേഗത്തിൽ തീർപ്പാക്കുകയും ചെയ്യേണ്ടതുണ്ട്.
ഇൻഷുറൻസ് പോളിസികൾ ഉണ്ടായിരുന്നെങ്കിൽ, മരണ വിവരം ഇൻഷുറൻസ് കമ്പനിയെ ഉടൻ അറിയിക്കണം. സാധാരണയായി 30 മുതൽ 60 ദിവസത്തിനുള്ളിൽ വിവരം നൽകണമെന്നാണ് നിബന്ധന. ക്ലെയിം നടപടികൾക്ക് സമയം വേണ്ടിവരുന്നതിനാൽ വൈകാതെ നടപടികൾ ആരംഭിക്കുന്നത് അനാവശ്യ തടസങ്ങൾ ഒഴിവാക്കാൻ സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു.
വിൽപത്രം
കുടുംബത്തിന്റെ സാമ്പത്തിക കൈമാറ്റ നടപടികളെ വളരെ എളുപ്പമാക്കുന്ന പ്രധാന രേഖയാണിത്. ഇതിന് സ്റ്റാംപ് പേപ്പർ പോലും നിർബന്ധമില്ല. സാധാരണ പേപ്പറിൽ പോലും വിൽ തയ്യാറാക്കാം. എന്നാൽ അത് തയ്യാറാക്കുന്ന വ്യക്തിയുടെ ഒപ്പും രണ്ട് സാക്ഷികളുടെ ഒപ്പും ഇതിന് ഉണ്ടായിരിക്കണം.
മുന്നോട്ട് സാമ്പത്തികം എങ്ങനെ ?
ആസ്തി കൈമാറ്റങ്ങളും ഇൻഷുറൻസ് ക്ലെയിമുകളും പൂർത്തിയായതിന് ശേഷം കുടുംബത്തിന്റെ സാമ്പത്തിക പദ്ധതി വീണ്ടും തയ്യാറാക്കുന്നത് നിർണായകമാണ്. ജീവനോപാധി വഹിച്ചിരുന്ന വ്യക്തിയുടെ മരണത്തോടെ കുടുംബ വരുമാനത്തിൽ വലിയ കുറവ് ഉണ്ടാകാം. അതിനാൽ ഇൻഷുറൻസ് തുകയും മറ്റ് നിക്ഷേപ വരുമാനങ്ങളും സൂക്ഷ്മമായി വിനിയോഗിക്കുകയും ദീർഘകാല സാമ്പത്തിക സ്ഥിരത ഉറപ്പാക്കുന്ന രീതിയിൽ പുനർനിക്ഷേപം നടത്തുകയും വേണം. ജീവിതച്ചെലവുകൾ നിയന്ത്രിതമായി മുന്നോട്ട് കൊണ്ടുപോകുകയും ഇൻഷുറൻസ് തുകയും മറ്റ് സമ്പാദ്യങ്ങളും ബുദ്ധിപരമായി നിക്ഷേപിക്കുകയും ചെയ്യുന്നതാണ് കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കാനുള്ള പ്രധാന മാർഗമെന്ന് സെബി രജിസ്റ്റേർഡ് ഇൻവെസ്റ്റ്മെന്റ് അഡ്വൈസറും സഹജ് മണി സ്ഥാപകനുമായ അഭിഷേക് കുമാർ വ്യക്തമാക്കുന്നു.