
സ്വന്തമായി ഒരു കാര്‍ വാങ്ങുക എന്നത് ഏതൊരു കുടുംബത്തിന്റെയും വലിയ ആഗ്രഹമാണ്. എന്നാല്‍ ആവേശം മൂത്ത് പ്ലാനിംഗ് ഇല്ലാതെ ലോണ്‍ എടുത്താല്‍ അത് പിന്നീട് വലിയ സാമ്പത്തിക ബാധ്യതയാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ ലോണ്‍ എടുക്കുന്നതിന് മുന്‍പ് കൃത്യമായ ഒരു തിരിച്ചടവ് പദ്ധതി തയ്യാറാക്കേണ്ടത് അത്യാവശ്യമാണ്. ഈ മാസത്തെ കണക്കുകള്‍ പ്രകാരം രാജ്യത്തെ പ്രമുഖ ബാങ്കുകള്‍ കാര്‍ ലോണുകള്‍ക്ക് നല്‍കുന്ന പലിശ നിരക്കുകള്‍ ഇങ്ങനെയാണ്
പൊതുമേഖലാ ബാങ്കുകളാണ് നിലവില്‍ ഏറ്റവും കുറഞ്ഞ പലിശ നിരക്കുകള്‍ വാഗ്ദാനം ചെയ്യുന്നത്. ഈ മാസം ഏറ്റവും കുറഞ്ഞ നിരക്കായ 7.60 ശതമാനം പലിശയില്‍ യൂണിയന്‍ ബാങ്കും ബാങ്ക് ഓഫ് ബറോഡയും കാര്‍ ലോണുകള്‍ നല്‍കുന്നുണ്ട്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 7.65 ശതമാനമാണ് പലിശ നിരക്ക്. കാനറ ബാങ്ക് 7.95 ശതമാനം നിരക്ക് ഈടാക്കുമ്പോള്‍, രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ 8.90 ശതമാനമാണ് പലിശ.
സ്വകാര്യ ബാങ്കുകളിലെ നിരക്കുകള്‍ സ്വകാര്യ ബാങ്കുകളിലേക്ക് നോക്കിയാല്‍, ഐഡിബിഐ ബാങ്കാണ് ഏറ്റവും കുറഞ്ഞ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നത്; 7.75 ശതമാനമാണ് ഇവിടെ നിരക്ക്. ഐസിഐസിഐ ബാങ്ക് 8.50 ശതമാനവും, ആക്‌സിസ് ബാങ്ക് 8.95 ശതമാനവും പലിശ ഈടാക്കുന്നു. എച്ച്ഡിഎഫ്‌സി ബാങ്കില്‍ 9.00 ശതമാനമാണ് നിരക്ക് വരുന്നത്. എന്നാല്‍ ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കില്‍ പലിശ നിരക്ക് താരതമ്യേന കൂടുതലാണ്, 9.99 ശതമാനമാണ് ഇവിടെ ഈടാക്കുന്നത്.
യഥാര്‍ത്ഥ ചിലവ് കണക്കാക്കുക: പലിശ നിരക്കിന് പുറമെ ബാങ്കുകള്‍ ഈടാക്കുന്ന പ്രോസസ്സിംഗ് ഫീസും മറ്റ് ചാര്‍ജുകളും എത്രയാണെന്ന് കൃത്യമായി ചോദിച്ചു മനസ്സിലാക്കുക.
സിബില്‍ സ്‌കോര്‍ പ്രധാനം: നിങ്ങളുടെ സിബില്‍ സ്‌കോര്‍ 750-ന് മുകളില്‍ ആണെങ്കില്‍ ബാങ്കുകള്‍ നല്‍കുന്ന ഏറ്റവും കുറഞ്ഞ പലിശ നിരക്കില്‍ ലോണ്‍ ലഭിക്കാന്‍ സാധ്യതയുണ്ട്.
തിരിച്ചടവ് കാലാവധി: കാലാവധി കൂടുമ്പോള്‍ മാസം അടയ്‌ക്കേണ്ട ഇഎംഐ തുക കുറയുമെങ്കിലും ബാങ്കിന് നല്‍കേണ്ടി വരുന്ന മൊത്തം പലിശ കൂടുമെന്ന് ഓര്‍ക്കുക.
ഫോര്‍ക്ലോഷര്‍ ചാര്‍ജുകള്‍: ലോണ്‍ കാലാവധി കഴിയുന്നതിന് മുന്‍പ് തുക അടച്ചു തീര്‍ക്കുകയാണെങ്കില്‍ എത്ര രൂപ അധികമായി നല്‍കേണ്ടി വരുമെന്ന് മുന്‍കൂട്ടി അറിയുക.
പലിശയിലെ മാറ്റങ്ങള്‍: പലിശ നിരക്ക് സ്ഥിരമായി തുടരുന്ന 'ഫിക്‌സഡ്' ലോണ്‍ ആണോ അതോ വിപണിക്ക് അനുസരിച്ച് മാറുന്ന 'ഫ്‌ലോട്ടിംഗ്' ലോണ്‍ ആണോ എന്ന് ഉറപ്പുവരുത്തുക.