ഓണ്‍ലൈന്‍ വഴി ജോലി അന്വേഷിക്കുന്ന യുവാക്കള്‍ക്കിടയില്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്നതായി ലിങ്ക്ഡ്ഇന്‍ റിപ്പോര്‍ട്ട്. ഇന്ത്യയിലെ ജെന്‍ സി പ്രൊഫഷണലുകളാണ് ഇത്തരം കെണികളില്‍ പെടാന്‍ സാധ്യതയേറെയെന്നും, മികച്ച അവസരം നഷ്ടപ്പെടുമോ എന്ന ഭയം തട്ടിപ്പുകാര്‍ മുതലെടുക്കുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഓണ്‍ലൈന്‍ വഴി ജോലി അന്വേഷിക്കുന്ന യുവാക്കള്‍ക്കിടയില്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്നതായി പ്രമുഖ പ്രൊഫഷണല്‍ നെറ്റ്വര്‍ക്കിങ് പ്ലാറ്റ്ഫോമായ ലിങ്ക്ഡ്ഇന്നിന്റെ മുന്നറിയിപ്പ്. ഇന്ത്യയിലെ ജെന്‍ സി പ്രൊഫഷണലുകളാണ് ഇത്തരം കെണികളില്‍ പെടാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ളവരെന്നാണ് ലിങ്ക്ഡ്ഇന്‍ പുറത്തുവിട്ട 'ജോബ് സെര്‍ച്ച് സേഫ്റ്റി പള്‍സ്' റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. തൊഴിലന്വേഷകര്‍ക്കിടയില്‍ തട്ടിപ്പുകളെ കുറിച്ച് അവബോധം വര്‍ധിക്കുന്നുണ്ടെങ്കിലും, തട്ടിപ്പുകാരുടെ വലയില്‍ കുടുങ്ങുന്നവരുടെ എണ്ണത്തില്‍ കുറവില്ലെന്ന വിരോധാഭാസവും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

യുവതലമുറ നേരിടുന്ന ഭീഷണി

സര്‍വേയില്‍ പങ്കെടുത്ത ജെന്‍ സി തലമുറയിലെ 49 ശതമാനം പേരും തങ്ങള്‍ ജോലി തട്ടിപ്പിന്റെ വക്കോളമെത്തിയതായും കഷ്ടിച്ചാണ് രക്ഷപ്പെട്ടതെന്നും സമ്മതിക്കുന്നു. മികച്ച അവസരങ്ങള്‍ നഷ്ടപ്പെടുമോ എന്ന ഭയം കാരണം പലപ്പോഴും അപകടസൂചനകള്‍ അവഗണിക്കാറുണ്ടെന്ന് 54 ശതമാനം യുവാക്കളും പറഞ്ഞു. കരിയറിന്റെ തുടക്കത്തിലുള്ള കടുത്ത മത്സരവും വേഗത്തില്‍ ജോലി വേണമെന്ന ആഗ്രഹവുമാണ് പലപ്പോഴും തട്ടിപ്പുകാര്‍ മുതലെടുക്കുന്നത്.

റിപ്പോര്‍ട്ടിലെ പ്രധാന വിവരങ്ങള്‍:

അവബോധം: 82 ശതമാനം ഉദ്യോഗാര്‍ത്ഥികളും ഒരു ജോലിക്ക് അപേക്ഷിക്കുന്നതിന് മുമ്പ് അത് വ്യാജമാണോ എന്ന് പരിശോധിക്കാറുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 53 ശതമാനം പേര്‍ തട്ടിപ്പുകളെ കുറിച്ച് കൂടുതല്‍ ജാഗരൂകരാണ്.

തട്ടിപ്പിന്റെ വഴി: വ്യാജ ജോലി പരസ്യങ്ങള്‍ നല്‍കിയ ശേഷം ഉദ്യോഗാര്‍ത്ഥികളെ വാട്‌സാപ്പ് പോലുള്ള പേഴ്‌സണല്‍ മെസേജിങ് പ്ലാറ്റ്ഫോമുകളിലേക്ക് എത്തിച്ചാണ് പ്രധാനമായും തട്ടിപ്പ് നടക്കുന്നത്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 90 ശതമാനം കേസുകളിലും ഇത്തരത്തിലാണ് ഉദ്യോഗാര്‍ത്ഥികളെ വലയിലാക്കാന്‍ ശ്രമിച്ചത്. ഇതില്‍ പകുതിയിലധികം കേസുകളിലും ആദ്യ മെസേജില്‍ തന്നെ വ്യക്തിഗത പ്ലാറ്റ്ഫോമുകളിലേക്ക് മാറാന്‍ ആവശ്യപ്പെടുന്നു.

വിഭാഗം തിരിച്ചുള്ള വ്യത്യാസം: യുവാക്കളില്‍ 49 ശതമാനം പേര്‍ തട്ടിപ്പിന് ഇരയാകാന്‍ സാധ്യതയുള്ളപ്പോള്‍, മുതിര്‍ന്ന തലമുറയില്‍ ഇത് 36 ശതമാനം മാത്രമാണ്.

സൂക്ഷിക്കേണ്ട ഘട്ടങ്ങള്‍

ജോലി തേടുന്ന പ്രക്രിയയുടെ ആദ്യ ഘട്ടങ്ങളിലാണ് ഏറ്റവും കൂടുതല്‍ ജാഗ്രത വേണ്ടതെന്ന് ലിങ്ക്ഡ്ഇന്‍ ഓര്‍മ്മിപ്പിക്കുന്നു. ഇന്ത്യ, അമേരിക്ക, യുകെ, ജര്‍മ്മനി, ബ്രസീല്‍ എന്നീ രാജ്യങ്ങളിലെ 18 വയസ്സിന് മുകളിലുള്ള 8,512 പ്രൊഫഷണലുകള്‍ക്കിടയിലാണ് ഈ പഠനം നടത്തിയത്. സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം ഉറപ്പാക്കാന്‍ പ്ലാറ്റ്ഫോമുകള്‍ക്കും തൊഴിലുടമകള്‍ക്കും ഒപ്പം ഉദ്യോഗാര്‍ത്ഥികളും ജാഗ്രത പാലിക്കണമെന്ന് റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു.