ശ്വേതയുടെ മാറ്റത്തിന് പിന്നിലെ വലിയ കഥ! ഒരു കോടി രൂപ ശമ്പളം വിട്ട് തെരഞ്ഞെടുത്തത് സ്വീപ്പർജോലി, ഒരു ലണ്ടൻ- മെൽബൺ സ്റ്റോറി

Published : May 09, 2026, 04:59 PM IST
shwetha

Synopsis

ലണ്ടനിലെ ഒരു കോടിയുടെ ജോലി ഉപേക്ഷിച്ച് മെല്‍ബണില്‍ എയര്‍ ബിഎന്‍ബി അപ്പാര്‍ട്ട്മെന്റുകള്‍ വൃത്തിയാക്കുന്ന ജോലി സ്വീകരിച്ച ശ്വേത ദേശായിയുടെ കഥയാണിത്. ഈ കരിയര്‍ മാറ്റം തന്നെ യഥാര്‍ത്ഥ സന്തോഷവും സാമ്പത്തിക സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള പുതിയ കാഴ്ചപ്പാടും നല്‍കിയെന്ന് ശ്വേത പറയുന്നു.

ലണ്ടനിലെ ഒരു വലിയ ബിസിനസ് വെബ്സൈറ്റില്‍ ഹെഡ് ഓഫ് പ്രോഡക്റ്റ് ആയി ജോലി ചെയ്യുക. പ്രതിവര്‍ഷം ഒരു കോടി രൂപയോളം ശമ്പളം. ബ്രാന്‍ഡഡ് വസ്ത്രങ്ങളും ഷൂസുകളും ബാഗുകളുമായി ലണ്ടനില്‍ സുഖ ജീവിതം. എന്നാല്‍ ഇന്ന് ഇതേ യുവതി ഓസ്ട്രേലിയയിലെ മെല്‍ബണില്‍ വിദേശികള്‍ താമസിക്കുന്ന അപ്പാര്‍ട്ട്മെന്റുകള്‍ വൃത്തിയാക്കുന്നു, അലക്കാനിട്ട വസ്ത്രങ്ങള്‍ മാറ്റുന്നു, അതിഥികളുടെ പരാതികള്‍ക്ക് മറുപടി നല്‍കുന്നു. മുംബൈ സ്വദേശിനിയായ ശ്വേത ദേശായിയുടെ ഈ മാറ്റം കേട്ട് നെറ്റിചുളിക്കുന്നവരുണ്ടാകാം. എന്നാല്‍ താന്‍ എന്നത്തേക്കാളും സന്തോഷവതിയാണെന്നും തന്നെത്തന്നെ തിരിച്ചറിഞ്ഞത് ഇപ്പോഴാണെന്നുമാണ് ശ്വേത പറയുന്നത്.

 

ലണ്ടനില്‍ നിന്ന് മെല്‍ബണിലേക്ക്

2008-ലാണ് ഉപരിപഠനത്തിനായി ശ്വേത മുംബൈയില്‍ നിന്ന് ലണ്ടനിലെത്തിയത്. 15 വര്‍ഷം കൊണ്ട് അവിടെ മികച്ചൊരു കരിയര്‍ കെട്ടിപ്പടുത്തു. എന്നാല്‍ 2023 അവസാനത്തോടെ ഭര്‍ത്താവിന് മെല്‍ബണില്‍ ജോലി ലഭിച്ചതോടെ ശ്വേതയ്ക്കും ലണ്ടന്‍ വിടേണ്ടി വന്നു. മെല്‍ബണിലെത്തിയപ്പോള്‍ അവിടെ തന്റെ യോഗ്യതയ്ക്കനുസരിച്ചുള്ള ഒരു ജോലി കണ്ടെത്താന്‍ ശ്വേതയ്ക്ക് കഴിഞ്ഞില്ല.

'മെല്‍ബണിലെ തൊഴില്‍ വിപണി തികച്ചും വ്യത്യസ്തമായിരുന്നു. ജോലിയില്ലാതെ ഇരുന്നപ്പോള്‍ എന്റെ വ്യക്തിത്വം തന്നെ നഷ്ടപ്പെട്ടതുപോലെ തോന്നി. പുറത്തുപോകുമ്പോള്‍ ആളുകള്‍ 'എന്താണ് ചെയ്യുന്നത്?' എന്ന് ചോദിക്കുമ്പോള്‍ മറുപടി നല്‍കാന്‍ എനിക്ക് കഴിയുമായിരുന്നില്ല,' ശ്വേത പറയുന്നു.

മാറ്റത്തിന്റെ തുടക്കം

ഒടുവില്‍ കിട്ടിയ ആദ്യത്തെ അവസരം തന്നെ സ്വീകരിക്കാന്‍ ശ്വേത തീരുമാനിച്ചു. അതായിരുന്നു എയര്‍ ബിഎന്‍ബി അപ്പാര്‍ട്ട്മെന്റുകളുടെ മാനേജ്മെന്റ്. ഇതില്‍ മുറി വൃത്തിയാക്കലും ബെഡ്ഷീറ്റുകള്‍ മാറലുമെല്ലാം ഉള്‍പ്പെടുന്നു. ഒരു വലിയ സ്ഥാപനത്തിന്റെ തലപ്പത്തിരുന്ന ആള്‍ മുറി തൂത്തുതുടയ്ക്കാന്‍ തുടങ്ങിയപ്പോള്‍ ആദ്യം മാനസികമായി വലിയ ബുദ്ധിമുട്ടുകള്‍ തോന്നിയിരുന്നു. എന്നാല്‍ ആ ജോലി തന്നെ തിരികെ കൊണ്ടുവരാന്‍ സഹായിച്ചുവെന്ന് ശ്വേത വിശ്വസിക്കുന്നു.

പണം എന്നാല്‍ വെറും സംഖ്യയല്ല

സാമ്പത്തിക സ്വാതന്ത്ര്യത്തെക്കുറിച്ച് ശ്വേതയ്ക്ക് ഇപ്പോള്‍ പുതിയൊരു കാഴ്ചപ്പാടാണുള്ളത്. 'പണം എന്നാല്‍ വെറുമൊരു അക്കൗണ്ട് ബാലന്‍സല്ല, അതൊരു സ്വാതന്ത്ര്യമാണ്. എനിക്കിഷ്ടമുള്ള ഒരു ലിപ് ബാം വാങ്ങാന്‍ മറ്റൊരാളോട് വിശദീകരണം നല്‍കേണ്ടി വരരുത്. പണം എന്നാല്‍ അവസരങ്ങളാണ്, സ്വാതന്ത്ര്യമാണ്, ചിലപ്പോള്‍ അത് സന്തോഷം കൂടിയാണ്,' ശ്വേതയുടെ വാക്കുകളില്‍ ആത്മവിശ്വാസം നിറയുന്നു.

ഇന്ന് അപ്പാര്‍ട്ട്മെന്റ് മാനേജ്മെന്റിന് പുറമെ കുട്ടികളെ ഇംഗ്ലീഷ് പഠിപ്പിക്കുകയും സ്വന്തമായി ഒരു കോച്ചിങ് ബിസിനസ് കെട്ടിപ്പടുക്കുകയും ചെയ്യുകയാണ് ഈ മുബൈക്കാരി. ഒരു വലിയ പദവി ഇല്ലാതാകുമ്പോഴാണ് നമ്മള്‍ യഥാര്‍ത്ഥത്തില്‍ ആരാണെന്ന് തിരിച്ചറിയുകയെന്നും ആ പുതിയ തന്നെ തനിക്ക് ഒരുപാട് ഇഷ്ടമായെന്നും ശ്വേത പറയുന്നു. ഇന്‍സ്റ്റാഗ്രാമിലൂടെ ശ്വേത പങ്കുവെച്ച ഈ ജീവിതാനുഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

PREV
Read more Articles on
click me!

Recommended Stories

കുടുംബാംഗത്തിന്റെ മരണം; സാമ്പത്തിക കാര്യങ്ങളിൽ ഇനി ശ്രദ്ധ വേണം, കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കാൻ ചെയ്യേണ്ടത് എന്തെല്ലാം?
ശ്രദ്ധിക്കുക, ഉപയോക്താക്കൾക്ക് ലിങ്ക്ഡ്ഇൻ നൽകുന്ന സുപ്രധാന മുന്നറിയിപ്പ്; ജോലി അന്വേഷിക്കുന്ന പുത്തൻ തലമുറക്കാർ തട്ടിപ്പുകാരുടെ പ്രധാന ഇരകൾ