എഫ്ഡിക്ക് പ്ലാനുണ്ടോ? 1, 3, 5 വർഷത്തെ സ്ഥിര നിക്ഷേപങ്ങൾക്ക് കൂടുതൽ ലാഭം എവിടെ? സ്ഥാപനങ്ങളിലെ പുതിയ പലിശ നിരക്കുകൾ അറിയാം

Published : Jul 16, 2026, 11:52 AM IST
fixed deposit

Synopsis

മലയാളികൾക്ക് പ്രിയപ്പെട്ട സ്ഥിര നിക്ഷേപത്തിന് ഏറ്റവും മികച്ച പലിശ നൽകുന്ന ബാങ്കുകൾ ഏതൊക്കെയാണെന്ന് നോക്കാം. 1, 3, 5 വർഷ കാലാവധികളിൽ സ്മോൾ ഫിനാൻസ് ബാങ്കുകൾ, സ്വകാര്യ ബാങ്കുകൾ, പൊതുമേഖലാ ബാങ്കുകൾ എന്നിവ നൽകുന്ന പലിശ നിരക്കുകൾ താരതമ്യം ചെയ്താണ് പട്ടികപ്പെടുത്തിയിരിക്കുന്നത്.

സുരക്ഷിത മാർഗം എന്ന നിലയില്‍ മലയാളികള്‍ക്ക് എന്നും ഏറ്റവും പ്രിയപ്പെട്ട നിക്ഷേപങ്ങളിലൊന്നാണ് ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍ അഥവാ സ്ഥിര നിക്ഷേപം. എന്നാല്‍ ഏത് ബാങ്കില്‍, എത്ര കാലത്തേക്ക് പണം നിക്ഷേപിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും ലഭിക്കുന്ന ലാഭം. 2026 ജൂലൈ 8 വരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ പലിശ നിരക്കില്‍ മുന്നില്‍ നില്‍ക്കുന്നത് സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളാണ്. മികച്ച പലിശ വാഗ്ദാനം ചെയ്ത് സ്വകാര്യ- പൊതുമേഖലാ ബാങ്കുകളും ഒപ്പമുണ്ട്. 1 വര്‍ഷം, 3 വര്‍ഷം, 5 വര്‍ഷം എന്നിങ്ങനെയുള്ള കാലാവധികളില്‍ മികച്ച പലിശ നല്‍കുന്ന ബാങ്കുകള്‍ ഏതൊക്കെയെന്ന് നോക്കാം.

ഒരു വര്‍ഷത്തെ എഫ്ഡി

പെട്ടെന്ന് പണം തിരികെ ആവശ്യമുള്ളവര്‍ക്ക്, എന്നാല്‍ ലാഭം കുറയാന്‍ പാടില്ല എന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് മികച്ച ഓപ്ഷനാണ് ഒരു വര്‍ഷത്തെ എഫ്ഡി.

സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍: യൂണിറ്റി സ്‌മോള്‍ ഫിനാന്‍സ് ബാങ്കാണ് (7.50%) ഈ വിഭാഗത്തില്‍ ഒന്നാമത്. തൊട്ടുപിന്നില്‍ സൂര്യോദയ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് (7.25%), ഉജ്ജീവന്‍ (7.25%), ഇക്വിറ്റാസ് (7.10%), എസ്ബിഎം ബാങ്ക് (7.10%) എന്നിവയുണ്ട്.

സ്വകാര്യ ബാങ്കുകള്‍: തമിഴ്നാട് മെര്‍ക്കന്റൈല്‍ ബാങ്കും ജമ്മു കശ്മീര്‍ ബാങ്കും 6.80% പലിശ നല്‍കി മുന്നിട്ട് നില്‍ക്കുന്നു. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (6.75%), യെസ് ബാങ്ക് (6.65%), സിറ്റി യൂണിയന്‍ ബാങ്ക് (6.65%) എന്നിവയാണ് മറ്റു പ്രമുഖ ബാങ്കുകള്‍.

പൊതുമേഖലാ ബാങ്കുകള്‍: ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എന്നിവര്‍ 6.50% പലിശ നല്‍കുന്നു. എസ്ബിഐ, കാനറ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവ നല്‍കുന്നത് 6.10% മുതല്‍ 6.25% വരെയാണ്.

3 വര്‍ഷത്തെ എഫ്ഡി

നിലവില്‍ ഏറ്റവും ആകര്‍ഷകമായ പലിശ നിരക്ക് ലഭിക്കുന്നത് 3 വര്‍ഷത്തെ നിക്ഷേപങ്ങള്‍ക്കാണ്.

സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍: ജനാ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് (8.00%) ആണ് ഒന്നാമത്. ഉത്കര്‍ഷ്, ശിവാലിക് ബാങ്കുകള്‍ (7.50%), എയു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് (7.40%), ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് (7.35%) എന്നിവയും മികച്ച പലിശ നല്‍കുന്നു.

സ്വകാര്യ ബാങ്കുകള്‍: ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് (7.35%) ആണ് സ്വകാര്യ ബാങ്കുകളില്‍ മുന്നില്‍. ആര്‍ബിഎല്‍ ബാങ്ക് (7.20%), എസ്ബിഎം ബാങ്ക് (7.10%), യെസ് ബാങ്ക് (7.00%) എന്നിവയാണ് തൊട്ടുപിന്നില്‍.

പൊതുമേഖലാ ബാങ്കുകള്‍: മിക്ക ബാങ്കുകളും 6.00% മുതല്‍ 6.70% വരെ പലിശ നല്‍കുന്നു. ഇതില്‍ 6.70% നല്‍കുന്ന ബാങ്ക് ഓഫ് ഇന്ത്യയാണ് ഈ വിഭാഗത്തില്‍ മുന്നില്‍.

5 വര്‍ഷത്തെ എഫ്ഡി

ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ ഉള്ളവര്‍ക്കും സ്ഥിരമായ വരുമാനം ആഗ്രഹിക്കുന്നവര്‍ക്കും അനുയോജ്യമാണിത്.

സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍: സൂര്യോദയ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ആണ് (7.90%) ഒന്നാമത്. ജനാ സ്‌മോള്‍ ഫിനാന്‍സ് (7.77%), ഡിസിബി ബാങ്ക് (7.50%), ഉജ്ജീവന്‍ (7.20%), ഉത്കര്‍ഷ് (7.00%) എന്നിവയാണ് മറ്റ് മികച്ച ഓപ്ഷനുകള്‍.

സ്വകാര്യ ബാങ്കുകള്‍: ഡിസിബി ബാങ്ക് (7.50%) മുന്നിട്ട് നില്‍ക്കുന്നു. ഐഡിഎഫ്‌സി ഫസ്റ്റ്, ജമ്മു കശ്മീര്‍ ബാങ്ക്, യെസ് ബാങ്ക്, തമിഴ്നാട് മെര്‍ക്കന്റൈല്‍ ബാങ്ക് എന്നിവ 6.70% മുതല്‍ 6.75% വരെ നല്‍കുന്നു.

പൊതുമേഖലാ ബാങ്കുകള്‍: ബാങ്ക് ഓഫ് ബറോഡ (6.30%), കാനറ ബാങ്ക് (6.25%), ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക് (രണ്ടും 6.10%), എസ്ബിഐ (6.05%) എന്നിങ്ങനെയാണ് പലിശ നിരക്കുകള്‍.

നിക്ഷേപകര്‍ ശ്രദ്ധിക്കാന്‍

ഏറ്റവും ഉയര്‍ന്ന പലിശ നിരക്ക് കണ്ട് മാത്രം നിക്ഷേപം നടത്തരുത് എന്നാണ് സാമ്പത്തിക വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. സാമ്പത്തിക ലക്ഷ്യങ്ങള്‍, നികുതി ബാധ്യതകള്‍, കാലാവധിക്ക് മുമ്പ് പണം പിന്‍വലിച്ചാലുള്ള പിഴ, ബാങ്കിന്റെ സാമ്പത്തിക ഭദ്രത എന്നിവ കൂടി പരിഗണിച്ച ശേഷം മാത്രം തീരുമാനമെടുക്കുക.

മുതിര്‍ന്ന പൗരന്മാര്‍ക്ക് സാധാരണ പലിശയേക്കാള്‍ 0.25% മുതല്‍ 0.75% വരെ അധിക പലിശ മിക്ക ബാങ്കുകളും നല്‍കുന്നുണ്ട്. ഇതിനെല്ലാം പുറമെ, ഓരോ ബാങ്കിലും ഒരു നിക്ഷേപകന് 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരന്റി കോര്‍പ്പറേഷന്റെ ഇന്‍ഷുറന്‍സ് പരിരക്ഷയുമുണ്ട് എന്നത് നിക്ഷേപകര്‍ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പാക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

മുൻകൂട്ടി കാൻസർ ഉണ്ടായിരുന്നുവെന്ന് പറഞ്ഞ് ക്ലെയിം നിഷേധിച്ചു; ചികിത്സാ ചെലവ് നിഷേധിച്ച ഇൻഷുറൻസ് കമ്പനിക്ക് പിഴയിട്ട് കോടതി
പലിശ നിരക്കില്‍ തല്‍ക്കാലം മാറ്റമില്ല, പക്ഷേ ഡിസംബറോടെ കൂടിയേക്കാം; രാജ്യത്ത് ശക്തമായ സാമ്പത്തിക വളര്‍ച്ചയെന്ന് റിപ്പോര്‍ട്ട്