റിസര്‍വ് ബാങ്ക് ഉടനടി പലിശ നിരക്കുകളില്‍ മാറ്റം വരുത്താന്‍ സാധ്യതയില്ലെങ്കിലും, ഈ വര്‍ഷാവസാനത്തോടെ കാലാവസ്ഥാ മാറ്റം മൂലമുള്ള വിലക്കയറ്റം കാരണം അര ശതമാനം വര്‍ധനവുണ്ടായേക്കാമെന്ന് റിപ്പോര്‍ട്ട്. എന്നാൽ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാ അനുമാനം 6.5 ശതമാനത്തില്‍ നിന്ന് 6.9 ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്.
ഭവന, വാഹന വായ്പകളുടെ പലിശ നിരക്ക് കൂടുമോ എന്ന് ആശങ്കപ്പെടുന്നവര്‍ക്ക് തല്‍ക്കാലം ആശ്വാസിക്കാം. റിസര്‍വ് ബാങ്ക് ഉടനടി പലിശ നിരക്കുകളില്‍ മാറ്റം വരുത്താന്‍ സാധ്യതയില്ല. എന്നാല്‍, ഈ വര്‍ഷം ഡിസംബറോടെ പലിശ നിരക്കില്‍ അര ശതമാനത്തോളം (50 ബേസിസ് പോയിന്റ്) വര്‍ധനവുണ്ടായേക്കുമെന്ന് പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ ബോഫ സെക്യൂരിറ്റീസിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആഗോള കാരണങ്ങളേക്കാള്‍ രാജ്യത്തെ കാലാവസ്ഥാ മാറ്റങ്ങളും അതുവഴിയുണ്ടാകുന്ന വിലക്കയറ്റവുമാണ് ഇതിന് കാരണമാകുക.
കാലാവസ്ഥ വില്ലനാകുമോ?
രാജ്യാന്തര തലത്തിലുള്ള രാഷ്ട്രീയ, സാമ്പത്തിക പ്രശ്‌നങ്ങളേക്കാള്‍ ഇപ്പോള്‍ പ്രാദേശിക കാലാവസ്ഥാ മാറ്റങ്ങളാണ് രാജ്യത്തെ സാമ്പത്തിക നയങ്ങളെ സ്വാധീനിക്കുന്നത്. 2026- 27 സാമ്പത്തിക വര്‍ഷത്തില്‍ വിലക്കയറ്റ നിരക്ക് 4.8 ശതമാനമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട് കണക്കാക്കുന്നത്. എന്നാല്‍ രാജ്യത്ത് മഴ കുറയുന്നതും എല്‍നിനോ പ്രതിഭാസവും വരും മാസങ്ങളില്‍ കാര്‍ഷിക മേഖലയെയും ഗ്രാമീണ സമ്പദ്വ്യവസ്ഥയെയും ബാധിച്ചേക്കാം. ഇത് ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റത്തിന് കാരണമാകും. എങ്കിലും രാജ്യത്ത് ആവശ്യത്തിന് ഭക്ഷ്യധാന്യ ശേഖരം ഉള്ളതും ആഗോള വിപണിയില്‍ സാധനങ്ങള്‍ക്ക് വിലക്കുറവുള്ളതും വലിയൊരു പ്രതിസന്ധി ഒഴിവാക്കാന്‍ നമ്മെ സഹായിക്കും.
സാമ്പത്തിക വളര്‍ച്ച കൂടും
സാമ്പത്തിക വളര്‍ച്ചയുടെ കാര്യത്തില്‍ ശുഭാപ്തി വിശ്വാസമാണ് റിപ്പോര്‍ട്ട് നല്‍കുന്നത്. ഉപഭോഗവും നിക്ഷേപവും വര്‍ധിച്ചതിനാല്‍ 2026- 27 സാമ്പത്തിക വര്‍ഷത്തെ ജിഡിപി വളര്‍ച്ചാ അനുമാനം 6.5 ശതമാനത്തില്‍ നിന്ന് 6.9 ശതമാനമായി ബോഫ സെക്യൂരിറ്റീസ് ഉയര്‍ത്തി. എണ്ണവില കുറയുന്നതിനാല്‍ രാജ്യത്തിന്റെ നടപ്പ് അക്കൗണ്ട് കമ്മി ജിഡിപിയുടെ 1.2 ശതമാനമായി കുറയുമെന്നും പ്രതീക്ഷിക്കുന്നു. അതേസമയം സര്‍ക്കാരിന്റെ ധനക്കമ്മി 4.5 ശതമാനമായി തന്നെ തുടരും.
ധനകാര്യ സ്ഥാപനങ്ങള്‍ക്ക് നേട്ടം
സമ്പദ്വ്യവസ്ഥ മെച്ചപ്പെടുന്നത് ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് വലിയ ഗുണം ചെയ്യും. ആളുകള്‍ കൂടുതല്‍ പണം ചെലവാക്കുന്നതോടെ റീട്ടെയില്‍, വാഹന വായ്പകള്‍, ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ എന്നിവയ്ക്കുള്ള വായ്പാ ആവശ്യകത കൂടും. എങ്കിലും ഭാവിയിലെ വിലക്കയറ്റവും ആര്‍ബിഐയുടെ പലിശ നിരക്ക് വര്‍ധനവും ഇത്തരം സ്ഥാപനങ്ങളുടെ വായ്പാച്ചെലവ് കൂട്ടാന്‍ സാധ്യതയുണ്ട്. അതിനാല്‍ വായ്പകള്‍ നല്‍കുമ്പോഴും ആസ്തികള്‍ കൈകാര്യം ചെയ്യുമ്പോഴും ഈ സ്ഥാപനങ്ങള്‍ കൃത്യമായ അച്ചടക്കവും ജാഗ്രതയും പാലിക്കണമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

