ഹോം ലോൺ എടുക്കുന്നവര്‍ക്ക് എപ്പോഴും ഉള്ളൊരു ആശങ്കയാണ് ഭാവിയില്‍ പലിശ നിരക്ക് കൂടുമോ എന്നുള്ളത്. ഇതിനൊരു പരിഹാരമെന്ന നിലയിലാണ് പലരും ഹൈബ്രിഡ് ഹോം ലോണുകളെ ആശ്രയിക്കുന്നത്. വായ്പ എടുത്ത് ആദ്യത്തെ രണ്ടുമുതല്‍ അഞ്ചുവര്‍ഷം വരെ പലിശ നിരക്കും പ്രതിമാസ തിരിച്ചടവും സ്ഥിരമായിരിക്കുകയും, അതിനുശേഷം ഓട്ടോമാറ്റിക്കായി ഫ്‌ലോട്ടിങ് നിരക്കിലേക്ക് മാറുകയും ചെയ്യുന്ന രീതിയാണിത്. തുടക്കത്തില്‍ ഇഎംഐ തുകയില്‍ ഒരു ഉറപ്പ് ആഗ്രഹിക്കുന്നവര്‍ക്ക് ഈ വായ്പകള്‍ ഗുണകരമാകും. എന്നാല്‍ പലിശ നിരക്കിലെ ഏറ്റക്കുറച്ചിലുകളെ നേരിടാന്‍ തയ്യാറുള്ളവര്‍ക്ക് ഫ്‌ലോട്ടിങ് ലോണുകളാണ് കൂടുതല്‍ അനുയോജ്യം.
കൊവിഡിന് ശേഷമുള്ള ഉയര്‍ന്ന നിരക്കായ 6.5 ശതമാനത്തില്‍ നിന്ന് റിപ്പോ നിരക്ക് നിലവില്‍ 125 ബേസിസ് പോയിന്റ് താഴെ നില്‍ക്കുന്ന സാഹചര്യത്തില്‍, ഒരേ ഇഎംഐ ഉറപ്പാക്കുന്ന ഹൈബ്രിഡ് ലോണ്‍ എടുക്കണമോ അതോ ഫ്‌ലോട്ടിങ് നിരക്കുകളില്‍ തന്നെ തുടരണമോ എന്ന ആശയക്കുഴപ്പത്തിലാണ് പലരും.
2025-ല്‍ ഇന്ത്യയിലെ ഭവനവായ്പാ വിപണിയുടെ 73.37 ശതമാനവും ഫ്‌ലോട്ടിങ് നിരക്കിലുള്ളവയാണ്. റിപ്പോ നിരക്ക് കുറയുമ്പോള്‍ ഫ്‌ലോട്ടിങ് ലോണുകളില്‍ വേഗത്തില്‍ പലിശ കുറയുമെങ്കിലും ഇത് എപ്പോഴും അത്ര ലാഭകരമാകണമെന്നില്ല. പലിശ നിരക്ക് കൂടുമ്പോള്‍ ബാങ്കുകള്‍ പലപ്പോഴും ഇഎംഐ തുക കൂട്ടുന്നതിന് പകരം വായ്പാ കാലാവധി നീട്ടുകയാണ് ചെയ്യാറുള്ളത്. അതുവഴി ഉപഭോക്താവ് അടയ്‌ക്കേണ്ടി വരുന്ന മൊത്തം പലിശത്തുക വലിയ രീതിയില്‍ വര്‍ധിക്കും.
ഒരാള്‍ 25 വര്‍ഷത്തേക്ക് 2 കോടി രൂപ വായ്പയെടുത്തു എന്ന് കരുതുക. ആദ്യത്തെ 36 മാസത്തേക്ക് 7.5% നിരക്കിലാണ് (ഫ്‌ലോട്ടിങ് നിരക്കിനേക്കാള്‍ 5 ബേസിസ് പോയിന്റ് കൂടുതല്‍) ലോണ്‍ എടുത്തതെങ്കില്‍, റിസര്‍വ് ബാങ്ക് ആദ്യ വര്‍ഷത്തില്‍ തന്നെ മൂന്ന് തവണകളായി 25 ബേസിസ് പോയിന്റ് വീതം റിപ്പോ നിരക്ക് വര്‍ധിപ്പിച്ചാല്‍ മാത്രമേ ഉപഭോക്താവിന് 3.98 ലക്ഷം രൂപ പലിശയിനത്തില്‍ ലാഭിക്കാന്‍ സാധിക്കൂ. എന്നാല്‍ നിരക്കുകള്‍ കുറയുകയോ മാറ്റമില്ലാതെ തുടരുകയോ ചെയ്താല്‍ ഈ സാമ്പത്തിക ലാഭം കിട്ടില്ല.
നിങ്ങള്‍ക്ക് മികച്ച ക്രെഡിറ്റ് സ്‌കോര്‍ ഉണ്ടെങ്കില്‍ വളരെ കുറഞ്ഞ നിരക്കില്‍ തന്നെ ഫ്‌ലോട്ടിങ് ലോണുകള്‍ ലഭിക്കും. ഇത്തരം സാഹചര്യത്തില്‍ പ്രീമിയം നല്‍കി ഹൈബ്രിഡ് ലോണുകള്‍ എടുക്കേണ്ട ആവശ്യമില്ല. എന്നാല്‍ മിതമായ സ്‌കോര്‍ (700-725) ഉള്ളവര്‍ക്ക് ഫ്‌ലോട്ടിങ് നിരക്കുകള്‍ കൂടുതലായിരിക്കും എന്നതിനാല്‍ അവര്‍ക്ക് ഹൈബ്രിഡ് ലോണുകള്‍ തെരഞ്ഞെടുക്കുന്നത് കുറച്ചുകൂടി ആകര്‍ഷകമായിരിക്കും.
ഹൈബ്രിഡ് ലോണ്‍ എടുത്തതിന് ശേഷം പിന്നീട് ഫ്‌ലോട്ടിങ് നിരക്കിലേക്ക് മാറാം എന്ന് കരുതിയാല്‍ വലിയൊരു തുക പിഴയായി നല്‍കേണ്ടി വരും. ഇതിനായി കുടിശ്ശികയുള്ള തുകയുടെ 0.5% മുതല്‍ 4% വരെ ബാങ്കുകള്‍ ഫീസായി ഈടാക്കും. ഇതിനൊപ്പം 18% ജിഎസ്ടിയും നല്‍കണം.
ചുരുക്കത്തില്‍ മിക്കവാറും ആളുകള്‍ക്ക് ഏറ്റവും ലാഭകരം സാധാരണ നിലയിലുള്ള റിപ്പോ ലിങ്ക്ഡ് ഫ്‌ലോട്ടിങ് ലോണുകള്‍ തന്നെയാണ്. എന്നാല്‍, ഭാവിയില്‍ പലിശ നിരക്കിലെ മാറ്റങ്ങള്‍ ഇഎംഐയെ ബാധിക്കരുതെന്ന് നിര്‍ബന്ധമുള്ളവര്‍ക്കും, തുടക്കത്തില്‍ ഫിക്‌സഡ് നിരക്കിനായി അധികം പ്രീമിയം നല്‍കേണ്ടാത്ത സാഹചര്യത്തിലും മാത്രം ഹൈബ്രിഡ് ലോണുകളെക്കുറിച്ച് ചിന്തിക്കുന്നതാണ് നല്ലത്.