ഇപിഎഫ്ഒയുടെ നിർബന്ധിത പ്രതിമാസ ശമ്പള പരിധി 15,000 രൂപയിൽ നിന്ന് 25,000 രൂപയായി ഉയർത്താൻ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ഇതോടെ 51 ലക്ഷത്തിലധികം അധിക ജീവനക്കാർക്ക് കൂടി പിഎഫ്, പെൻഷൻ, ഇൻഷുറൻസ് ആനുകൂല്യങ്ങൾ ലഭ്യമാകും. പദ്ധതിക്കായി സർക്കാരിന്റെ വാർഷിക ചെലവ് 11,339 കോടി രൂപയായി ഉയരും.
ദില്ലി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ (EPFO) നിർബന്ധിത പരിരക്ഷയ്ക്കുള്ള പ്രതിമാസ ശമ്പള പരിധി 15,000 രൂപയിൽ നിന്ന് 25,000 രൂപയായി ഉയർത്താനുള്ള തൊഴിൽ മന്ത്രാലയത്തിന്റെ നിർദ്ദേശത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ഈ തീരുമാനത്തോടെ 51 ലക്ഷത്തിലധികം അധിക ജീവനക്കാർക്ക് കൂടി നിർബന്ധിത ഇപിഎഫ്ഒ ആനുകൂല്യങ്ങളും സാമൂഹിക സുരക്ഷയും ലഭ്യമാകും.
2014 സെപ്റ്റംബറിലാണ് ഇപിഎഫ്ഒയുടെ ശമ്പള പരിധി അവസാനമായി 15,000 രൂപയാക്കി ഉയർത്തിയത്. വേതന വർദ്ധനവ്, ഉയർന്ന വരുമാനം, സംഘടിത മേഖലയിലെ തൊഴിൽ വികാസം എന്നിവ കണക്കിലെടുത്താണ് കാലാനുസൃതമായ ഈ മാറ്റം.
നിലവിൽ 15,000 രൂപയ്ക്ക് മുകളിൽ തുടക്ക ശമ്പളമുള്ളവർ നിർബന്ധിത ഇപിഎഫ് പരിധിയിൽ വരാറില്ല. പുതിയ തീരുമാനത്തോടെ 15,000 മുതൽ 25,000 രൂപ വരെ ശമ്പളം വാങ്ങുന്ന വൻ വിഭാഗം ജീവനക്കാർക്ക് ഇനി പിഎഫ്, പെൻഷൻ (EPS), ഇൻഷുറൻസ് (EDLI) ആനുകൂല്യങ്ങൾ ഉറപ്പാകും. ജീവനക്കാരുടെ വിരമിക്കൽ കാലത്തെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ ഇത് സഹായിക്കും. സ്ഥാപനങ്ങൾക്കും വിദഗ്ധ ജീവനക്കാരെ ദീർഘകാലം നിലനിർത്താൻ ഇത് സഹായകരമാകും.
അതേ സമയം, പദ്ധതിക്കായി സർക്കാരിന്റെ വാർഷിക ചെലവ് നിലവിലുള്ള 10,250 കോടി രൂപയിൽ നിന്ന് 11,339 കോടി രൂപയായി ഉയരും. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഏകദേശം 56,696 കോടി രൂപയാണ് ഇതിനായി പ്രതീക്ഷിക്കുന്നത്. നിലവിൽ 7.68 ലക്ഷം സ്ഥാപനങ്ങളിലായി 7.98 കോടി അംഗങ്ങളാണ് ഇപിഎഫ്ഒയിൽ സംഭാവന നൽകുന്നത്. ഇപിഎസ് (EPS) വഴി 82 ലക്ഷത്തോളം പെൻഷൻകാർക്ക് ആനുകൂല്യം ലഭിക്കുന്നുണ്ട്. എക്സ്‌പെൻഡിച്ചർ ഫിനാൻസ് കമ്മിറ്റിയുടെ ശുപാർശയെ തുടർന്ന് വിശദമായ അന്തർ- മന്ത്രാലയ ചർച്ചകൾക്ക് ശേഷമാണ് ഈ സുപ്രധാന തീരുമാനത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത്.


