
രാജ്യത്തെ ഏറ്റവും വലിയ നിക്ഷേപ പദ്ധതികളിൽ ഒന്നാണ് പിഎഫ് അഥവാ പ്രോവിഡന്റ് ഫണ്ട്. ജീവനക്കാരെ സംബന്ധിച്ച് പ്രധാനമാണ് പിഎഫ് അക്കൗണ്ടിലെ നിക്ഷേപം. കാരണം പലവിധ ആവശ്യങ്ങൾക്കായി ഭൂരിഭാഗം പേരും പിഎഫ് അക്കൗണ്ടിലെ പണത്തെ ആശ്രയിക്കാറുണ്ട്. ഇങ്ങനെ പിൻവലിക്കാൻ തയ്യാറാകുന്നവർ അറിയേണ്ട ഒരു കാര്യമുണ്ട്. 5 വർഷത്തെ തുടർച്ചയായ സേവനം പൂർത്തിയാക്കുന്നതിന് മുമ്പ് ഇപിഎഫിൽ നിന്ന് പണം പിൻവലിച്ചാൽ, നികുതി അടയ്ക്കേണ്ടിവരും. എന്നാൽ ഈ തുക, 50,000 രൂപയിൽ കുറവാണെങ്കിൽ ടിഡിഎസ് ഈടാക്കില്ല. 5 വർഷത്തെ സർവീസ് കണക്കാക്കുമ്പോൾ, മുൻ തൊഴിലുടമയുടെ കീഴിലുള്ള പ്രവർത്തന കാലാവധിയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇപിഎഫ് ബാലൻസ് പഴയ തൊഴിലുടമയിൽ നിന്ന് ഒരു പുതിയ തൊഴിലുടമയിലേക്ക് മാറ്റുകയും നിങ്ങളുടെ മൊത്തം തൊഴിലെടുത്ത കാലപരിധി 5 വർഷമോ അതിൽ കൂടുതലോ ആണെങ്കിൽ, നികുതി ഈടാക്കില്ല. 5 വർഷം തികയുന്നതിന് ഏതാനും ദിവസങ്ങൾ കുറവാണെങ്കിൽ ഈ ഇളവ് ലഭിക്കില്ല.
താൽക്കാലിക ജീവനക്കാരുടെ പിഎഫിനുള്ള നികുതി
ഒരു വ്യക്തിയെ താത്കാലിക സ്ഥാനത്തേക്കോ ഒരു നിശ്ചിത കാലയളവിലേക്കോ കരാറിൽ നിയമിക്കുമ്പോൾ ഇപിഎഫിലേക്ക് സംഭാവന നൽകാൻ തൊഴിലുടമ ബാധ്യസ്ഥനല്ല. പിന്നീട് സ്ഥിര നിയമനം ആയാൽ, തൊഴിലുടമ നിങ്ങളുടെ ഇപിഎഫിലേക്ക് പണമടയ്ക്കാൻ തയാറാകുന്നു. എന്നാൽ 5 വർഷം പൂർത്തിയാക്കിയതിന് ശേഷം നിങ്ങൾ രാജിവെച്ചാൽ, 5 വർഷം കണക്കാക്കുന്നതിനുള്ള കാലയളവിൽ നിങ്ങൾ സ്ഥിര ജോലി ഇല്ലാതിരുന്ന മാസങ്ങൾ ഉൾപ്പെടുത്തുകയും, 5 വർഷം പൂർത്തിയാകാത്തതിനാൽ തൊഴിലുടമ നിങ്ങളുടെ ഇപിഎഫ് പിൻവലിക്കലിൽ നിന്ന് ടിഡിഎസ് കുറയ്ക്കുകയും ചെയ്യും.
5 വർഷത്തെ സേവനത്തിന് മുമ്പ് തുക പിൻവലിച്ചാൽ ഇപിഎഫ് ബാലൻസിൽ 10% ടിഡിഎസ് കുറയ്ക്കും
ഇപിഎഫ് പിൻവലിക്കലിൽ നികുതി എങ്ങനെ ഒഴിവാക്കാം?
ജോലി മാറുമ്പോൾ, ഇപിഎഫ് തുക പിൻവലിക്കാതെ പുതിയ കമ്പനിയിലെ പുതിയ അക്കൗണ്ടിലേക്ക് മാറ്റാൻ ശ്രമിക്കുക.
അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുന്നത് അഞ്ച് വർഷത്തേക്ക് മാറ്റിവെക്കാൻ കഴിയുമെങ്കിൽ, അതിന് ശേഷമുള്ള പിൻവലിക്കലുകൾക്ക് ടിഡിഎസ് ഈടാക്കില്ല.
പിൻവലിക്കൽ തുക 50,000 രൂപയിൽ കുറവാണെങ്കിൽ, ടിഡിഎസ് കുറയ്ക്കില്ല